കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുക, എന്‍ടിഎ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉയര്‍ത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ അണിനിരന്നു.
കളക്ടറേറ്റിന് സമീപത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. പോസ്റ്റ് ഓഫീസിലേക്ക് എത്തുംമുമ്പേ ബാരിക്കേഡ് തീര്‍ത്ത് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. മാര്‍ച്ച് തടഞ്ഞ പോലീസ് വിദ്യാര്‍ഥികള്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.. പിന്മാറില്ലെന്ന നിലപാടില്‍ പ്രവര്‍ത്തകരും. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
മാര്‍ച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗം പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്ലം കാസിം അധ്യക്ഷനായി. വൈഷ്ണവി ഷാജി, രാഹുല്‍ രാജേന്ദ്രന്, ആദിത്യ എസ്. നാഥ്, നിഖിത മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.