നീറ്റ് യോഗ്യത പരീക്ഷ റദ്ദാക്കിയ തീരുമാനത്തിനെതിരെ എസ്എഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്കു നടത്തിയ മാർച്ച് പോലീസ് തടയുന്നു.
കണ്ണൂർ: നെറ്റ് യോഗ്യത പരീക്ഷ റദ്ദാക്കിയ തീരുമാനത്തിനെതിരേ നടത്തുന്ന ദേശീയ പ്രക്ഷോഭത്തോടനുബന്ധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ വിദ്യാർഥിനികൾ ഉൾപ്പെടെ തെറിച്ചുവീണു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടന്ന് ഹെഡ്പോസ്റ്റ് ഓഫിസിന് അകത്ത് കയറിയ പൊലിസും വിദ്യാർഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. വിദ്യാർഥികൾ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. പി. അഖില മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി.പി. ആദർശ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജോയൽ തോമസ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്വാതി പ്രദീപ്, പി. അലീഷ, കെ.കെ.ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Clashes SFI march