തൃശൂർ: സർക്കാർ ഏറ്റെടുത്തതിനു പിന്നാലെ പുലിയന്നൂർ സെന്റ് തോമസ് യുപി സ്കൂളിന്റെ പേര് ഗവ. യുപി സ്കൂൾ എന്നാക്കി മാറ്റിയതു പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യമന്ത്രിക്കു കത്തുനൽകി. പൂർവവിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവരുടെ മനസിൽ പ്രതിഷ്ഠ നേടിയ നാമമാണു സെന്റ് തോമസ് എന്നും വേലൂരിലെ ക്രൈസ്തവ സമൂഹത്തിന്റെ പിൻതലമുറക്കാർക്കും പേരുമാറ്റിയതിൽ പ്രതിഷേധമുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ ഏറ്റെടുത്ത നിരവധി സ്കൂളുകളുടെ പൂർവനാമം വിട്ടുകളയാതെ നിലനിർത്തിയിട്ടുണ്ട്. വേലൂർ പഞ്ചായത്ത്, ന്യൂനപക്ഷ കമ്മീഷൻ, സ്കൂൾ സ്റ്റാഫ്, എംഎൽഎ എന്നിവർ സ്കൂളിന്റെ പേര് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതും ആർച്ച്ബിഷപ് കത്തിൽ ചൂണ്ടിക്കാട്ടി.
പ്രദേശത്തെ കത്തോലിക്കാ സമുദായങ്ങൾ തുടങ്ങിയ സ്കൂൾ, സ്റ്റാഫിന് ദാനമായി നൽകുകയായിരുന്നെന്നു ചൂണ്ടിക്കാട്ടി വേലൂർ ഫൊറോന ഡിവിഷൻ വികാരി ഫാ. ജെയ്സണ് തെക്കുംപുറവും മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്.
കിരാലൂരിൽ മറ്റൊരു സ്കൂൾ ഏറ്റെടുത്തപ്പോൾ ഉടമസ്ഥനു പ്രതിഫലം നൽകുകയും പേരിനോടുകൂടി ഗവണ്മെന്റ് എന്നു കൂട്ടിച്ചേർക്കുക മാത്രമാണുണ്ടായതെന്നും കത്തിൽ പറയുന്നു. സെന്റ് തോമസ് എന്ന പേരു കൂട്ടിച്ചേർക്കണമെന്ന ഗ്രാമസഭയുടെ തീരുമാനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രനും മുഖ്യമന്ത്രിയെ നിവേദനത്തിലൂടെ അറിയിച്ചിട്ടുണ്ട്. അതിരൂപത അൽമായ നേതാവ് പി.ഐ. ലാസർ, കത്തോലിക്ക കോണ്ഗ്രസ് വേലൂർ ഫൊറോന ഡിവിഷൻ പ്രസിഡന്റ് ജോസ് ചെന്പിശേരി, ജോണ് കള്ളിയത്ത് എന്നിവരാണ് ആർച്ച്ബിഷപ്പിന്റെ കത്ത് മുഖ്യമന്ത്രി, വിദ്യഭ്യാസമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്കു കൈമാറിയത്.
Tags : Archbishop's letter NattuVishasham DistrictNews