പ്രതീകാത്മക ചിത്രം
ഭീമനടി: ഭീമനടി- മുക്കട പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന സ്വകാര്യവ്യക്തികളുടെ വീടുകളും കൃഷിസ്ഥലങ്ങളും പൊതുമരാമത്ത് വകുപ്പിന്റേതാക്കാൻ നീക്കം. 1956ലാണ് റോഡ് നിലവിൽ വന്നത്. പ്രസ്തുത റോഡ് പ്ലാനിൽ പറഞ്ഞ പ്രകാരമുള്ള വീതിയിൽ തന്നെയാണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ 2020 ൽ നടന്ന റോഡ് സർവേയിൽ പ്ലാനും റോഡിന്റെ അലൈൻമെന്റും തമ്മിൽ വ്യത്യാസമുള്ളതായി കണ്ടെത്തി.
കഴിഞ്ഞ 70 വർഷമായി ജനങ്ങൾ കൈവശം വെച്ച് അനുഭവിച്ചുപോരുന്ന സ്ഥലങ്ങൾ പിഡബ്ല്യുഡി പ്ലാൻ പ്രകാരം കൈയേറാൻ ശ്രമിക്കുന്നതിനാൽ പ്രദേശവാസികൾ ആശങ്കാകുലരാണ്.
1931 ജനുവരി 19നാണ് സർക്കാരിന്റെ ഭൂസർവേ രേഖയായ എഫ്എംബി (ഫീൽഡ് മെഷർമെന്റ് ബുക്ക്) നിലവിൽ വന്നത്. എന്നാൽ 1964 ജനുവരി 14 ലാണ് പിഡബ്ല്യുഡി ഏറ്റെടുത്ത സ്ഥലം എഫ്എംബിയിൽ ഉൾപ്പെടുത്തിയത്. പ്ലാൻ പ്രകാരമുള്ള അളവിലുള്ള സ്ഥലം പിഡബ്ല്യുഡിക്ക് കൈവശം ഉണ്ടുതാനും. എന്നാൽ സത്യം ഇതായിരിക്കേ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് അന്നു പറ്റിയ പിഴവ് തിരുത്താതെ സാധാരണ കർഷകരെ കുടുക്കിലാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
എന്നാൽ 70 വർഷമായി പൊതുമരാമത്തിന്റെ കീഴിലുള്ള സ്ഥലങ്ങൾ പലയിടത്തും സംരക്ഷിക്കാതെ സ്വകാര്യവ്യക്തികൾക്ക് വിട്ടുകൊടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. പൊതുമരാമത്തിന് പറ്റിയ പിഴവ് തിരുത്തിയില്ലെങ്കിൽ നിരവധി വീടുകളും കൃഷിഭൂമിയും നഷ്ടപ്പെടുന്ന സ്ഥിതിയിൽ ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ.
അധികൃതർ മനസുവച്ചാൽ നിസാരമായി തീർക്കാവുന്ന പ്രശ്നം നിയമ പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കരുതെന്ന് സ്ഥലമുടമകൾ ആവശ്യപ്പെടുന്നു.
Tags : Local News Nattuvishesham private land Public Works Department