വർഗീസ് മങ്കരയുടെ വേറിട്ട സമരം.
പുന്നംപറമ്പ്: കർഷകദിനത്തിൽ വേറിട്ട സമരവുമായി പഞ്ചായത്തിനു മുന്നിൽ യുവാവ്. തെക്കുംകര പഞ്ചായത്തിലെ വിവിധ മേഖലകളിലെ മികച്ച കർഷകരെ ആദരിക്കുമ്പോൾ തേനിച്ച കർഷകരെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു കർഷക ദിനമായ ഇന്നലെ രാവിലെ യുവാവ് പഞ്ചായത്തിനു മുന്നിൽ തേൻ എടുക്കുന്ന വേഷവുമായി പന്തം കത്തിച്ച് പിടിച്ച് വേറിട്ട സമരം നടത്തിയത്.
തെക്കുംകര പഞ്ചായത്ത് മങ്കര സ്വദേശി കുറ്റിക്കാടൻ വീട്ടിൽ വർഗീസാണ് വേറിട്ട ഒറ്റയാൻ സമരം നടത്തിയത്. 2026ൽ കർഷകരെ ആദരിക്കുമ്പോൾ തേനിച്ചകൃഷി നടത്തുന്നവരെയും, ചെണ്ടുമല്ലി, മത്സ്യം എന്നി കർഷകരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തെക്കുംകര കൃഷി ഓഫീസർക്ക് കത്ത് നൽകിയിരുന്നതായി വർഗീസ് പറഞ്ഞു.
എന്നാൽ അടുത്തിടെ പഴയ കൃഷി ഓഫീസർ മാറി പുതിയ ഓഫീസർവന്നതോടെയാണ് സംഭവം അടിയിൽപോയത്. പഞ്ചായത്ത് കമ്മിറ്റി തേനിച്ചകർഷകനെ ആദരിക്കണമെന്ന് പാസാക്കിയിരുന്നെങ്കിലും വിലപോയില്ല. രാവിലെ കർക്ഷകദിന ചടങ്ങുകൾ പഞ്ചായത്തിൽ നടക്കുമ്പോൾ പുറത്ത് വർഗീസ് പന്തംകത്തിച്ചും ദേഹത്ത് പ്ലക്കാർഡ് കെട്ടിയിട്ടും സമരം നടത്തുകയായിരുന്നു.
വിഷയം വഷളാകുന്നതിനുമുന്നേ സിപിഎമ്മിന്റെ നേതാക്കൻമാരും ഭരണകർത്താക്കളും ഇടപ്പെട്ട് സംഭവം ഒത്തുതീർപ്പാക്കുകയും അടുത്ത വർഷം മുകളിൽ പറഞ്ഞ കർഷകരെയും ആദരിക്കുമെന്നും അധികൃതർ പറഞ്ഞതോടെയാണ് ഉച്ചയോടെ വർഗീസ് സമരം അവസാനിപ്പിച്ചത്.
Tags : protest NattuVishasham DistrictNews