x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നു; യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍

കൊല്ലം ബ്യൂറോ
Published: August 18, 2026 02:07 PM IST | Updated: August 18, 2026 02:07 PM IST

കൊല്ലം റെയില്‍വേ സ്റ്റേഷനിലെ നിർമാണപ്രവർത്തനങ്ങൾ

കൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ 361.17 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള വന്‍ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.

പദ്ധതിയുടെ പകുതിയോളം പ്രവൃത്തികളേ പൂര്‍ത്തിയായിട്ടുള്ളൂ. നിര്‍മാണ തൊഴിലാളികളുടെ ലഭ്യതക്കുറവും മെറ്റീരിയലുകള്‍ ഉറപ്പിക്കുന്നതിനുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസവും കാരണം ലക്ഷ്യമിട്ടതിനേക്കാള്‍ നിര്‍മാണം വൈകുകയാണ്. ഇതാണ് ദുതം ഇരട്ടിപ്പിക്കുന്നത്.

2025-26 കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി നിലവില്‍ പദ്ധതി രൂപരേഖയിലുണ്ടായ മാറ്റങ്ങളും പുതിയ നിര്‍ദേശങ്ങളും കാരണം വീണ്ടും നീളുകയാണ്. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ യാത്രാദുരിതം തുടരുമെന്നുറപ്പായി. ഓണക്കാലം പോലുള്ള തിരക്കേറിയ സമയങ്ങളില്‍. ദിവസം ഏകദേശം 55,000 യാത്രക്കാരും നൂറോളം ട്രെയിനുകളും ഉപയോഗിക്കുന്ന സ്റ്റേഷനായതിനാല്‍ ചെറിയ തടസങ്ങള്‍ പോലും യാത്രക്കാര്‍ക്ക് വലിയ ദുരിതമായി മാറുന്നു.

സ്‌റ്റേഷന്‍റെ പ്രധാന കെട്ടിടത്തിന്‍റെ വലിയ ഭാഗം പൊളിച്ചുമാറ്റിയിരിക്കുകയാണ്. പ്ലാറ്റ്‌ഫോം ഒന്നിന്‍റെ വലിയ ഭാഗത്ത് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ മഴയും വെയിലും കൊള്ളേണ്ട അവസ്ഥയിലാണു യാത്രക്കാര്‍. പ്രത്യേകിച്ച് മുതിര്‍ന്ന യാത്രക്കാര്‍ക്കു മഴക്കാലത്തു യാത്ര വളരെ പ്രയാസകരമായിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് നനയാതെ നില്ക്കാന്‍ ഇടമില്ല. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ തങ്ങളുടെ നിര്‍ദിഷ്ട കോച്ചുകളിലേക്ക് നടന്നുപോകാന്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ യാത്രക്കാര്‍ മഴയും വെയിലും കൊള്ളണം.

പല പ്ലാറ്റ്ഫോമുകളിലേക്കുമുള്ള നടപ്പാതകള്‍ ഇടുങ്ങിയതാണ്. മഴക്കാലത്ത് വെള്ളക്കെട്ടും രാത്രികാലങ്ങളില്‍ വെളിച്ചക്കുറവും ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, പ്രവേശന കവാടങ്ങളില്‍ നിന്നു പ്ലാറ്റ്ഫോമുകളിലേക്കുള്ള താത്കാലിക വഴികള്‍ വളരെ ഇടുങ്ങിയതാണ്. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ തമ്മില്‍ തട്ടിമുട്ടിയും കൂട്ടിയിടിച്ചും നടക്കേണ്ടി വരുന്നു.

രാത്രികാലങ്ങളിലും വൈദ്യുതി തടസപ്പെടുമ്പോഴും ഈ താത്കാലിക വഴികളില്‍ ആവശ്യത്തിന് വെളിച്ചമുണ്ടാകാറില്ല. ഇടുങ്ങിയ വഴിയിലെ കമ്പിത്തൂണുകളില്‍ തട്ടി യാത്രക്കാര്‍ക്ക് പരിക്കേല്ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചെറിയ മഴ പെയ്താല്‍ പോലും പ്ലാറ്റ്ഫോമുകളിലേക്കുള്ള വഴിയില്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും യാത്ര ദുഷ്‌കരമാക്കുന്നു. നിലവിലെ നിര്‍മാണ പ്രവൃത്തികള്‍ കാരണം സ്റ്റേഷനിലേക്കു പ്രവേശിക്കാനും പുറത്തിറങ്ങാനും യാത്രക്കാര്‍ കഷ്ടപ്പെടുന്നു. സ്റ്റേഷനിലെ ഇരുട്ടും റെയില്‍വേ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്കും യാത്രക്കാരെ അലട്ടുന്നു.

നിലവിലുണ്ടായിരുന്ന പ്രധാന ടിക്കറ്റിംഗ് സമുച്ചയം പൊളിച്ചതിനെ തുടര്‍ന്ന് താത്കാലിക ടിക്കറ്റ് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്ടറുകളുടെ എണ്ണം കുറവായതിനാലും ഷീറ്റുകൊണ്ട് ഉണ്ടാക്കിയ താത്കാലിക പന്തലുകളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാലും ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. കൂടാതെ ടിക്കറ്റ് കൗണ്ടറും ഇന്‍ഫര്‍മേഷന്‍ സെന്‍ററുമെല്ലാം എവിടെയെന്നറിയാതെ സ്റ്റേഷനിലും പരിസരത്തും വട്ടംചുറ്റുകയാണ് മിക്കവരും.

സ്റ്റേഷനില്‍ ആവശ്യത്തിന് കസേരകളുണ്ടെങ്കിലും, പ്ലാറ്റ്ഫോമില്‍ നിര്‍മാണ സാമഗ്രികളും ട്രോളികളും വച്ചിരിക്കുന്നതിനാലും മേല്‍ക്കൂരയില്ലാത്തതിനാലും ഇവ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ നിരത്തിയിടാന്‍ കഴിയുന്നില്ല. ഇതിനാല്‍ ദീര്‍ഘനേരം നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

Tags : Kollam RailwayStation Passengers

Recent News

Corehub Up