Kerala
തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര സർക്കാരിന്റെ അടിയന്തര നടപടി. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്കു യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. രേഖകള്‍ കിട്ടാൻ ഫീസ് ഈടാക്കില്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ജനങ്ങളെ സഹായിക്കാനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (Help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനും അടിസ്ഥാന സൗകര്യം ഉറപ്പു വരുത്താനും ജില്ലാ കളക്ടർമാർക്കു ചുമതല നൽകി. ഹിയറിംഗ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കാനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിനു നിർദേശം നല്കി.
ബിഎൽഒ നിയമനം
ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകംതന്നെ നിയമനം നടത്തണമെന്നും നിർദേശിച്ചു. ഇആർഒ, എഇആർഒ, അഡീഷണൽ എഇആർഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തണം. പകരം ആളെ നിയമിക്കുന്ന മുറയ്ക്കു മാത്രം വിരമിക്കുന്നതിനു മുന്‍പുള്ള അവധി അനുവദിക്കാൻ ശ്രദ്ധിക്കണം. ഇക്കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പാടില്ല. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.
പഞ്ചായത്ത് വഴിയും
കരടുപട്ടികയില്‍നിന്നു വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാൻ ബോധവത്കരണം നടത്തും. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കു കാലതാമസം നേരിടുകയാണെങ്കില്‍ അതു നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ ഒരു കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്ക് ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചു നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.
അർഹരായ എല്ലാവർക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചത്. വോട്ടർ പട്ടികയിൽനിന്നു വിട്ടുപോയ മുഴുവൻ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ ആപ്പ് voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം.
24, 08,503 പേർ പട്ടികയിൽനിന്ന് പുറത്തായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്.
ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം 6 പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം സത്യവാംഗ്മൂലവും സമർപ്പിക്കണം. വിദേശത്തുള്ളവർക്കു പേരു ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വെബ്സൈറ്റിൽ ലഭ്യമാണ്. ജനുവരി 22 വരെ പരാതികൾ നൽകാമെന്നും ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ ഉൾപ്പെടും. 8.16 ലക്ഷം പേർ താമസം മാറി. 1.36 ലക്ഷം പേരുടെ പേര് ഒന്നിൽ കൂടുതലുണ്ടെന്നും കണ്ടെത്തി. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാർട്ടികൾക്കും വോട്ടർപട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ ) ബന്ധപ്പെട്ടു ചർച്ച വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. വർഷകാല സമ്മേളനത്തിലും ബിഹാറിലെ എസ്ഐആർ സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ തയാറായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ചർച്ച നടന്ന രണ്ട് ദിവസം ഒഴികെ ബാക്കി ദിവസങ്ങളിൽ ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു.
എസ്ഐആർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽ ഉൾപ്പെട്ട വിഷയമായതിനാൽ അത്തരം കാര്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യേണ്ട എന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. സമാന നിലപാട് തന്നെയായിരിക്കും കേന്ദ്രസർക്കാർ ഇത്തവണയും സ്വീകരിക്കുക.
എസ്ഐആറിനു പുറമെ ഡൽഹി ചെങ്കോട്ട സ്ഫോടനം, വർധിച്ചുവരുന്ന വായു മലിനീകരണം, ഇന്ത്യയുടെ വിദേശനയം, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നു.
പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ അധ്യക്ഷതയിൽ പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ നടന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ജെ.പി. നഡ്ഡ, അർജുൻ റാം മേഘ്വാൾ തുടങ്ങിയവർ പങ്കെടുത്തു. 36 രാഷ്ട്രീയ പാർട്ടികളുടെ 50 നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
കേരളത്തിൽ നിന്ന് എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പാർലമെന്റ് സമ്മേളനം വെട്ടിക്കുറച്ചത് ജനാധിപത്യം അവസാനിപ്പിക്കുന്നതിനുള്ള ശ്രമമാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയ് ആരോപിച്ചു. 19 ദിവസം മാത്രമാണ് സമ്മേളനം. അതിൽ 15 ദിവസം മാത്രമേ പാർലമെന്റ് നടപടികൾ ഉണ്ടാകൂ. ഇതുവരെയുണ്ടായതിൽവച്ച് ഏറ്റവും ചെറിയ ശൈത്യകാല സമ്മേളനമാണ് ഇത്തവണ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയെങ്കിലും പാർലമെന്റിന്റെ രീതിക്ക് അനുസരിച്ചായിരിക്കും അതെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
Kerala
പത്തനംതിട്ട: തീവ്ര വോട്ടർപട്ടിക പരിഷ്കരണം വന്നപ്പോൾ തിരുവല്ല എംഎൽഎ മാത്യു ടി. തോമസിനും ഭാര്യക്കും വോട്ടില്ല. 2002ലെ വോട്ടർ പട്ടികയിലാണ് എംഎൽഎയുടെയും ഭാര്യ അച്ചാമ്മ അലക്സിന്റെയും പേരില്ലാത്തത്. 2002ലെ വോട്ടർ പട്ടിക അടിസ്ഥാനത്തിലാണ് എസ്ഐആർ നടപ്പാക്കുന്നത്.
ബിഎൽഒയാണ് പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന വിവരം എംഎൽഎയെ അറിയിച്ചത്. എസ്ഐആർ ഫോം പൂരിപ്പിക്കുന്ന ഘട്ടത്തിലാണ് വിഷയം ശ്രദ്ധയിൽപ്പെട്ടതെന്നും 1984 മുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെയും താനും ഭാര്യയും വോട്ട് ചെയ്തിരുന്നതായും മാത്യു ടി.തോമസ് പറഞ്ഞു.
സാങ്കേതികമായി പേര് ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും എംഎൽഎ വ്യക്തമാക്കി. ആറ് തവണ നിയമസഭയിലേക്ക് മത്സരിച്ച തന്റെ പേര് വോട്ടർപട്ടികയിലില്ലെന്ന കാര്യം അറിഞ്ഞപ്പോൾ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Editorial
എസ്ഐആറിൽ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) പങ്കെടുക്കുന്ന ബിഎൽഒമാർ (ബൂത്ത് ലെവൽ ഓഫീസർ) ജീവനൊടുക്കുന്ന വാർത്തകൾ ഒന്നിനു പിറകേ മറ്റൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. പലരും ആത്മഹത്യാഭീഷണി മുഴക്കുന്നു. ഇതൊന്നും കേട്ടുകേൾവിയില്ലാത്തതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനാവശ്യ തിടുക്കം ആദ്യംമുതലേ വിവാദത്തിലായിരുന്നു. അർഹരായ പലരും പട്ടികയിൽനിന്ന് ഒഴിവായെന്ന ആരോപണവും ഉണ്ടായി.
പതിറ്റാണ്ടിലേറെയായി അധികാരത്തിലുള്ള സർക്കാർ, തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തിയപ്പോൾ വോട്ടർമാരെ മുൾമുനയിൽ നിർത്തിയും ഉദ്യോഗസ്ഥരെ മരണത്തിലേക്കു തള്ളിവിട്ടും യുദ്ധകാലാടിസ്ഥാനത്തിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. നിഗൂഢ നടപടികൾകൊണ്ടല്ല, എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടാകണം ജനാധിപത്യത്തെ സുതാര്യമാക്കേണ്ടത്.
ഗുജറാത്തിലും രാജസ്ഥാനിലും ബംഗാളിലും യുപിയിലും കേരളത്തിലുമൊക്ക ബിഎൽഒമാർ സമ്മർദം താങ്ങാനാകാതെ ജീവനൊടുക്കി. യുപിയിലാണ് ഒടുവിലത്തെ സംഭവം. വിവാഹത്തിനുപോലും അവധി കൊടുത്തില്ലെന്നതിന്റെ മനോവേദനയിലാണ് സുധീർ കുമാർ എന്ന യുവാവ് ജീവനൊടുക്കിയത്. അവിടെത്തന്നെ മറ്റൊരു ബിഎൽഒയും വിഷം കഴിച്ചു ജീവനൊടുക്കി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ ജീവനൊടുക്കിയതിൽ ഒരാൾ വനിതയാണ്. ഗുജറാത്ത് കൊടിനാർ ദേവ്ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ഭാര്യക്കെഴുതിയ ആത്മഹത്യാക്കുറിപ്പിൽ, ഭാര്യയെയും മകനെയും ഏറെ സ്നേഹിക്കുന്നെങ്കിലും എസ്ഐആറിന്റെ ജോലിഭാരവും മാനസിക സമ്മർദവും താങ്ങാനാകുന്നില്ലെന്നാണ് എഴുതിയിരിക്കുന്നത്.
കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജാണ് ജീവനൊടുക്കിയത്. ജോലിസമ്മർദത്തിനൊപ്പം ഇദ്ദേഹത്തിനെതിരേ സിപിഎം പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ആരോപണമുണ്ടായിരുന്നു. സമ്മർദം താങ്ങാനാകാതെ, ജീവനൊടുക്കുമെന്ന് പൂഞ്ഞാർ മണ്ഡലത്തിലെ ഒരു ബിഎൽഒ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യു ഉദ്യോഗസ്ഥരും ചൂഷണം ചെയ്യുകയാണെന്നും വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നിൽ ജീവനൊടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. മേലുദ്യോഗസ്ഥർ ബന്ധപ്പെട്ട് വിടുതൽ കൊടുക്കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം ജോലിയിൽ തുടരാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.
ജീവനക്കാർക്കുമേൽ സമ്മർദമേറുന്നതിനിടെ ജോലിയിൽ വീഴ്ച വരുത്തിയ 60 ബിഎൽഒമാർക്കും ഏഴു സൂപ്പർവൈസർമാർക്കുമെതിരേ യുപിയിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. വോട്ടർപട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷം ഉൾപ്പെടെ ആരും എതിരല്ല. വ്യാജ വോട്ടർമാരെ പുറത്താക്കുകയും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുകയും വേണം. പക്ഷേ, അനാവശ്യ തിടുക്കമാണ് സംശയത്തിനും ആശങ്കയ്ക്കുമൊക്കെ ഇടയാക്കിയത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലാണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണം.
2002ലെ പട്ടിക അടിസ്ഥാനമാക്കിയതും ബിഎൽഒമാർക്ക് ആവശ്യത്തിനു പരിശീലനം നൽകാത്തതുമൊക്കെ സ്ഥിതി സങ്കീർണമാക്കി. ഇതിനുമുന്‍പ് ബംഗാളിൽ എസ്ഐആർ നടത്തിയത് രണ്ടു വർഷമെടുത്താണെന്നും ഇപ്പോൾ എന്തിനാണ് കേന്ദ്രസർക്കാർ ഇത്ര വലിയ ധൃതി കാണിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജി ചോദിക്കുന്നത്. ഏതു രാഷ്ട്രീയ പാർട്ടിയെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ആളുകളെ മരണത്തിലേക്കു തള്ളിവിടുന്നതെന്നും മമത ചോദിച്ചു.
ജനങ്ങളോടാണോ ഭരിക്കുന്ന പാർട്ടിയോടാണോ പ്രതിബദ്ധത എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലയേറ്റതു മുതൽ ആവർത്തിക്കപ്പെടുന്നുണ്ട്. വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ പ്രധാന ഘടകമാണ്. ജനങ്ങളെ മടുപ്പിക്കുകയല്ല, ആയാസരഹിതമായി തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. കഴിഞ്ഞദിവസം ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി, ജീവനക്കാർ ദിവസം 12 മണിക്കൂർ വീതം ആറു ദിവസവും ജോലിയെടുക്കണമെന്ന പഴയ അശാസ്ത്രീയ നിലപാട് ആവർത്തിച്ചിരുന്നു.
അനാരോഗ്യകരവും ആപത്കരവുമായ അത്തരം ചൂഷണം ജീവനക്കാരെ ക്ഷീണിതരാക്കുമെന്നു മാത്രമല്ല, ജോലിയുടെ ഗുണനിലവാരം കുറയ്ക്കുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചതൊന്നും അദ്ദേഹത്തിനു വിഷയമല്ല. മരിക്കാനല്ല, ജീവിക്കാനാണു മനുഷ്യർ പണിയെടുക്കുന്നതെന്നു മുതലാളിത്ത മൂർത്തിമാർക്കു മനസിലായില്ലെങ്കിലും ജനാധിപത്യ സർക്കാരിനു മനസിലാകണം. ബിഎൽഒമാരുടെ ആത്മഹത്യാക്കുറിപ്പുകൾപോലും തിരുത്തലുകൾക്കു പ്രേരിപ്പിക്കുന്നില്ലെങ്കിൽ, അവരുടെ പേരില്ലാത്ത വോട്ടർപട്ടിക ജനാധിപത്യത്തിന് അപമാനമാണ്. ചൂഷണത്തിന്റെ സമയം നീട്ടാൻ ആക്രോശിക്കുന്ന ചൂഷണമൂർത്തിയാകരുത് സർക്കാരുകൾ.
Kerala
തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ജോലികൾക്ക് വിദ്യാർഥികളെ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ അധ്യായനം പൂർണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.
പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. പത്തു ദിവസത്തിലധികം വിദ്യാർഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച വിദ്യാർഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടണം. അധ്യായന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികൾക്കും ഫീൽഡ് വർക്കുകൾക്കും വിദ്യാർഥികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ല.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ വിദ്യാർഥികളെ മറ്റ് ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർഥികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Kerala
മലപ്പുറം: തിരൂർ തൃപ്രങ്ങോട്ട് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീല പ്രദർശനം നടത്തി ബിഎൽഒ.
തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ബിഎൽഒ വാസുദേവനാണ് എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ നാട്ടുകാർക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎൽഒ വാസുദേവന്റെ അശ്ലീല പ്രദര്‍ശനം. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. വീട്ടില്‍ കൊണ്ടുവന്നു ചെയ്തുകൂടെ എന്ന് നാട്ടുകാര്‍ ചെയ്തപ്പോള്‍ വില്ലേജ് ഓഫീസറോട് പറയാനായിരുന്നു ബിഎല്‍ഒയുടെ മറുപടി.
തുടർന്നാണ് ഇയാൾ അശ്ലീല പ്രദർശനം നടത്തിയത്. സംഭവത്തിൽ വാസുദേവനെ ചുമതലയിൽ നിന്ന് മാറ്റി. ജില്ലാ കളക്ടറുടേതാണ് നടപടി. വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Kerala
പത്തനംതിട്ട: എസ്ഐആറിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് വാങ്ങാൻ വീട്ടിലെത്തിയ ബൂത്ത് ലെവൽ ഓഫീസർക്ക് വളർത്തുനായയുടെ കടിയേറ്റു. പത്തനംതിട്ട മണിപ്പുഴയ്ക്ക് സമീപത്തുള്ള വീട്ടിൽവച്ച് ഇന്ന് വൈകുന്നേരം ആറിനായിരുന്നു സംഭവം.
തിരുവല്ല കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരി രശ്മിക്കാണ് കടിയേറ്റത്. വീടിന്റെ ഗേറ്റ് തുറന്ന് അകത്തുകയറിയതായിരുന്നു രശ്മി. ഈ സമയം നായയെ കുളിപ്പിക്കാന്‍ കൊണ്ടുപോകുകയായിരുന്നു ഉടമ.
പിടിവിട്ടുവന്ന നായ രശ്മിയെ കടിക്കുകയായിരുന്നു. ബിഎൽഓ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നായയ്ക്ക് പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പ് നല്‍കിയതാണെന്ന് ഉടമ പറഞ്ഞു.
NRI
മനാമ: സംഘ്പരിവാറിന്റെ പൗരത്വ നിഷേധ പദ്ധതി വളഞ്ഞ വഴിയിൽ നടപ്പിലാക്കാനുള്ള നീക്കമാണ് എസ്ഐആറിലൂടെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നടത്തുന്നത് എന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.
എസ്ഐആർ പ്രവാസികൾ എന്തു ചെയ്യണം എന്ന പേരിൽ പ്രവാസി സെന്ററിൽ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചോരിയിലൂടെയും മണ്ഡല പുനക്രമീകരണം എന്ന ഓമനപ്പേരിട്ടും തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിച്ച് അധികാരം പിടിക്കുന്ന പ്രക്രിയയുടെ തുടർച്ചയാണ് എസ്ഐആർ.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ഭരണ പ്രതിപക്ഷ പാർട്ടികളും കേരള ഇലക്ഷൻ കമ്മീഷനും ആവശ്യപ്പെട്ടിട്ടും കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അത് അംഗീകരിക്കാത്തത് ഗൂഢ ഉദ്ദേശത്തോടെയാണ്.
രാജ്യവ്യാപക എസ്ഐആറിലൂടെ യഥാർഥത്തിൽ നടപ്പിലാക്കപ്പെടുക പൗരത്വനിഷേധവും പുറന്തള്ളപ്പെടുന്നത് പിന്നാക്ക ജനവിഭാഗങ്ങൾ മാത്രവുമായിരിക്കും. എസ്ഐആർ നീട്ടിവെക്കാൻ മാഹാരാഷ്ട്രക്ക് കിട്ടുന്ന ഇളവ് കേരളത്തിന് കിട്ടാത്തതതിന്റെ കാരണം ദുരൂഹമാണ്.
ആസാമിൽ എസ്ഐആറിന് ശേഷം ഉണ്ടായ പൗരത്വ നിഷേധവും ബീഹാറിൽ ലക്ഷക്കണക്കിന് വോട്ടർമാർ ലിസ്റ്റിൽ നിന്നും പുറത്തായതും സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ ഇതിനെ ചെറുക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പുനഃപ്പരിശോധനക്ക് തുടക്കം കുറിച്ചിട്ടുള്ളതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ വോട്ടവാകാശം ഉറപ്പുവരുത്തുന്നതിനു വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുകയും പേരില്ലാത്തവർ തങ്ങളുടെ പേര് ഉൾപ്പെടുത്തുവാനാവശ്യമായ നടപടിക്രമങ്ങൾ ചെയ്യണമെന്ന് എസ്ഐആർ പ്രവാസികൾ എന്തു ചെയ്യണം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സജീദ് ഖാലിദ് പറഞ്ഞു.
2002നുശേഷം വോട്ടവകാശം ലഭിച്ചവരും നിലവിൽ പട്ടികയിൽ സ്ഥലം പിടിച്ചവരുമാണെങ്കിലും ആവശ്യമായ രേഖകൾ സഹിതം യഥാസമയം നിശ്ചിത ഫോറത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ സമയം കണ്ടെത്തണമെന്നും സാമൂഹിക പ്രവർത്തകർ അക്കാര്യത്തിൽ പൂർണ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളും സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പുതുതായി വോട്ടവകാശം ലഭിക്കുന്ന യുവജനങ്ങളും ഓൺലൈൻ വഴി അപേക്ഷിച്ചാൽ മതിയെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടലില്ലെങ്കിൽ വെറും വോട്ടുനഷ്ടം മാത്രമല്ല ഭാവിയിൽ പൗരത്വ നഷ്ടം പോലുള്ള നിയമപരമായ പല വെല്ലുവിളികളും ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ ആക്ടിംഗ് ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതവും അനസ് കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു. സദസിൽ നിന്നും വന്ന എസ്ഐആർ സംബന്ധമായ അന്വേഷണങ്ങൾക്ക് സജീദ് ഖാലിദ് മറുപടി നൽകി.
District News
പാലക്കാട്: സമഗ്ര വോട്ടർപട്ടിക പരിഷ്കരണം 2025 മായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ചേർന്നു. എസ്ഐആർ നടത്തുന്നതിന്റെ പ്രായോഗികതയും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെയും സംബന്ധിച്ച് ജില്ലാ കളക്ടർ യോഗത്തിൽ വിശദീകരിച്ചു. വോട്ടർപട്ടിക പരിഷ്കരണവും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം വരുന്നതിനാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ രാഷ്ട്രീയകക്ഷി പ്രതിനിധികൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
തെരഞ്ഞെടുപ്പ് കാലത്ത് എസ്ഐആറുമായി ബന്ധപ്പെട്ട് കൃത്യമായി എല്ലാ സ്ഥലങ്ങളിലേക്കും എത്തിപ്പെടുന്ന കാര്യത്തിലും എസ്ഐആറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തിലുമുള്ള ആശങ്കകൾ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഈ സമയക്രമം പുന:പരിശോധിച്ച് സംസ്ഥാനത്തെ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷ സമർപ്പിക്കുവാനും യോഗത്തിൽ അഭിപ്രായമുയർന്നു. ഇവ പരിശോധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സംശയങ്ങൾ കമ്മീഷനെ അറിയിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാരെ സഹായിക്കുന്നതിനായി ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിച്ച് അവർക്ക് ആവശ്യമായ അവബോധം നൽകണം. എല്ലാ വില്ലേജ് ഓഫീസുകളിലേക്കും ബൂത്ത് ലെവൽ ഏജന്റുമാരുടെ പട്ടിക നൽകേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. എസ്ഐആറിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം കൂടി നടത്തും. ജില്ലയിൽ ഏകദേശം 414 പുതിയ പോളിംഗ് സ്റ്റേഷനുകൾ വരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. സജീദ്, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായഎസ്.എസ്. അൽഫ, ബിന്ദു, ശ്രീജിത്ത്, ഷാലി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.