Business
തിരുവനന്തപുരം: മാരിടൈം ബിസിനസ് ബുള്ളറ്റിന്റെയും വേൾഡ് മലയാളി കൗണ്‍സിൽ ബ്ലൂ ഇക്കോണമി ഗ്ലോബൽ ഫോറത്തിന്റെയും നേതൃത്വത്തിൽ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി, വിവിധ അക്കാദമിക്, വ്യവസായ, സാമൂഹിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സമുദ്ര മിഷൻ- 2026 എന്ന പേരിൽ ദേശീയ മാരിടൈം സെമിനാർ എക്സിബിഷൻ സംഘടിപ്പിക്കും.
15 ന് രാവിലെ ഒന്‍പതു മുതൽ രാത്രി 9.30 വരെ തിരുവനന്തപുരത്ത് തന്പാനൂർ ഡിമോറോ ഹോട്ടലിൽ സംഘടിപ്പിക്കും. 15ന് രാവിലെ ഒന്പതുമുതൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മാത്രമായി പ്രത്യേക കരിയർ ഗൈഡൻസ്, നൈപുണ്യ വികസന, സംരംഭകത്വ സെഷനുകളും നടക്കും.
ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി 9.30 വരെ ഔദ്യോഗിക ചടങ്ങും ദേശീയ അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന പ്രൊഫഷണൽ സെഷനുകളും സംഘടിപ്പിക്കും.
Business
കൊച്ചി: 2030-31 സാമ്പത്തികവർഷത്തോടെ 10,000 കോടി രൂപയുടെ വിറ്റുവരവാണ് മിൽമയുടെ ലക്ഷ്യമെന്ന് ചെയർമാൻ കെ.എസ്. മണി.
കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സിസിസിഐ), അൽറ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ചു കൊച്ചിയിൽ സംഘടിപ്പിച്ച കേരള റീട്ടെയിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ക്ഷീരമേഖലയിൽ വൻ നിക്ഷേപസാധ്യതകളുണ്ട്. ക്ഷീരമേഖലയെ പ്രയോജനപ്പെടുത്തിയും ആഭ്യന്തര-അന്തർദേശീയ വിപണികളിൽ സാന്നിധ്യം ശക്തമാക്കിയും വരുമാനം വർധിപ്പിക്കും.
സംസ്ഥാനത്തെ പാലിന്റെ ആവശ്യകതയുടെ പകുതിയോളം ഇപ്പോഴും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ഇറക്കുമതിയിലൂടെയാണ് പരിഹരിക്കുന്നത്. ഇത് ഈ മേഖലയിൽ വിപുലീകരണത്തിനും വലിയതോതിലുള്ള നിക്ഷേപങ്ങൾക്കും അവസരമൊരുക്കുന്നുണ്ട്.
അൽറ്റാസിറ്റ് ഗ്ലോബൽ സ്ഥാപകൻ സുധീർ രാജ രവീന്ദ്രൻ, അസോ. പാർട്ണർ അഡ്വ. മഞ്ജു അമ്മനാഥ്, സിസിസിഐ പ്രസിഡന്റ് വിനോദിനി സുകുമാർ, വൈസ് പ്രസിഡന്റ് ബിബു ബി. പുന്നൂരാൻ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള സ്പൈസ് കോസ്റ്റ് എക്സലൻസ് അവാർഡുകൾ കോൺക്ലേവിൽ വിതരണം ചെയ്തു.
Business
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ എൽപിജി ക്ഷാമത്തിൽ ആശ്വസിക്കാറായിട്ടില്ല. കേരളത്തിൽ നിരവധി ഹോട്ടലുകളാണ് ഇപ്പോഴും പൂട്ടിക്കിടക്കുന്നത്.
വലിയ ഹോട്ടലുകൾ പ്രവര്‍ത്തനസമയം കുറച്ചിട്ടുമുണ്ട്. വീടുകളെയും എൽപിജി പ്രതിസന്ധി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്പന കുത്തനെ ഉയർന്നു.
ഗാർഹിക ഉപയോക്താക്കളാണ് ഇന്‍ഡക്ഷന്‍ കുക്കറിനെ ആശ്രയിക്കുന്നത്. വീടുകളിലേക്കു മാത്രമല്ല ചെറുകിട ഹോട്ടലുകളും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങുന്നതായിട്ടാണ് ഹോം അപ്ലയൻസസ് ഷോപ്പുകളിൽനിന്നു ലഭ്യമാകുന്ന വിവരം.
സ്റ്റോക്ക് അപര്യാപ്തം
ഇന്‍ഡക്ഷന്‍ കുക്കറിന് ജനുവരി -ഫെബ്രുവരി മാസങ്ങളിൽ വിലിയ ചെലവില്ലാതിരുന്നതുകൊണ്ട് മിക്ക ഷോപ്പുകളിലും നാമമാത്ര സ്റ്റോക്കുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, വളരെ പെട്ടെന്നാണു കാര്യങ്ങൾ മാറി മറിഞ്ഞത്.
ദിവസങ്ങളുടെ വ്യത്യാസത്തിൽ ഡിമാൻഡ് 65 മുതൽ 70 ശതമാനം വരെ ഉയർന്നു. അതോടെ പലയിടത്തും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. നിലവിലെ ഉയർന്ന ഡിമാൻഡ് എത്രനാൾ നിലനിൽക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ കൂടുതൽ സ്റ്റോക്കെടുക്കാനും വ്യാപാരികൾ മടിക്കുന്നു.
ഏകദേശം 1,200 രൂപ മുതല്‍ ഇന്‍ഡക്ഷന്‍ കുക്കറുകൾ ലഭ്യമാണ്. നാല് കുക്ക് ടോപ്പുള്ളവയ്ക്ക് 25000 മുതൽ 29000 രൂപവരെയാണു വില. 2500 രൂപവരെ വിലയുള്ള കുക്കറുകളാണ് കേരളത്തില്‍ കൂടുതലായി വിറ്റുപോകുന്നത്. ഗ്രാമീണ മേഖലകളേക്കാള്‍ നഗരങ്ങളിലാണ് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് വില്പന കൂടുതല്‍.
ഓൺലൈനിലും ഇൻഡക്ഷൻ കുക്കറുകളുടെ വില്പന വർധിച്ചിട്ടുണ്ട്. സാധാരണയുള്ളതിനെക്കാൾ മൂന്നിരട്ടിയോളം വിലപന ഉയർന്നതായി ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിന്റെ പ്രതിനിധി പറഞ്ഞു. ആമസോണ്‍ പ്ലാറ്റ്ഫോമിൽ മാത്രം 20 മുതൽ 25 ശതമാനംവരെ വില്പന വർധിച്ചു. കേരളത്തിൽ എല്‍പിജിയുടെ 90 ശതമാനത്തിലധികവും ഗാര്‍ഹിക ഉപയോക്താക്കളാണ്.
Kerala
തിരുവനന്തപുരം: ക്രിസ്മസ് വാരത്തിൽ ബെവ്കോയിൽ റിക്കാർഡ് മദ്യവിൽപ്പന. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 332.62 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്.
24 -ാം തീയതി 114.45 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടർ സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശൂരും കോഴിക്കോടും പ്രീമിയം കൗണ്ടറുകൾ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വർധനവിന് കാരണമായി.
അതേസമയം ബെവ്കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി ജനുവരി ഒന്ന് മുതൽ പൂർണ തോതിൽ പ്രാബല്യത്തിൽ വരുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
Kerala
കൊച്ചി: സപ്ലൈകോയ്ക്ക് ഇത് ഉണർവിന്റെ കാലമാണെന്നും അതിനാൽ മാർക്കറ്റിംഗ് സ്ട്രാറ്റജി വേണമെന്നും മന്ത്രി പി. രാജീവ്. സപ്ലൈകോയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് വിതരണക്കാരെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഓണക്കാലത്ത് 386 കോടിയുടെ വിൽപ്പനയാണ് സപ്ലൈകോയിൽ നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പനയാണിതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ കുറച്ച് ഞെരുക്കത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.
ആഭ്യന്തര വരുമാനം വർധിപ്പിച്ചു കൊണ്ടാണ് നമ്മൾ ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലും ധനകാര്യ വകുപ്പ് സപ്ലൈകോയ്ക്ക് ഓണത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.