കോട്ടയം: രാജ്യത്ത് ഇ20 (20ശതമാനം എഥനോള്‍) പെട്രോള്‍ പൂര്‍ണതോതില്‍ നടപ്പാക്കിയതിനു പിന്നാലെ വാഹനങ്ങളുടെ സുരക്ഷ, മൈലേജ്, ദീര്‍ഘകാല വിശ്വാസ്യത എന്നിവയെച്ചൊല്ലിയ വിവാദം കൂടുതല്‍ ശക്തമാകുന്നു.
ഇ10 നിലവാരത്തിനായി രൂപകല്പന ചെയ്ത പഴയ വാഹനങ്ങളില്‍ ഇ20 ഉപയോഗിക്കുന്നത് റബര്‍ ഹോസുകള്‍, സീലുകള്‍, ഒ-റിംഗുകള്‍, ഗാസ്കറ്റുകള്‍, ചില ഫ്യൂവല്‍ ലൈന്‍ ഘടകങ്ങള്‍ എന്നിവയില്‍ ദീര്‍ഘകാല തേയ്മാനത്തിന് ഇടയാക്കാമെന്നും ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഓട്ടോമോറ്റീവ് റിസേര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (എആർഎഐ)യുടെ പരീക്ഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
400 മുതല്‍ 806 മണിക്കൂര്‍ വരെ എന്ജിന് ഡ്യൂറബിലിറ്റി പരീക്ഷണങ്ങളാണ് ഇതിനായി നടത്തിയത്. അതേസമയം, ഇരുചക്ര വാഹനങ്ങളില്‍ കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ രാജ്യത്തുടനീളമുള്ള വാഹന ഉടമകള്‍ക്കിടയില്‍ ആശങ്കയും ചര്‍ച്ചയും ശക്തമായി. ഇ20 കാരണം മൈലേജ് കുറയുമോ, പഴയ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് കൂടുമോ, ഇന്ധന സംവിധാനത്തിന്റെ ആയുസ് കുറയുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് ഇ20 നയത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നീതി ആയോഗിന്റെ എഥനോള്‍ റോഡ്മാപ്പിനുള്ള നിര്‍ദേശത്തില്‍ ഒരു പ്രധാന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇ20 ഉപയോഗിക്കുമ്പോള്‍ ഇന്ധനക്ഷമതയില്‍ ഏകദേശം ആറ് ശതമാനം വരെ കുറവ് പ്രതീക്ഷിക്കാമെന്നും നിലവിലുള്ള ഇ10 വാഹനങ്ങളെ സംരക്ഷിക്കാന്‍ ഇ10 പെട്രോള്‍ സംരക്ഷണ ഗ്രേഡ് ഇന്ധനമായി ഇ20-നൊപ്പം ലഭ്യമാക്കണം എന്നുമാണു സംഘടന ശിപാര്‍ശ ചെയ്തത്.
ഇ10 പെട്ടെന്ന് പിന്‍വലിച്ചാല്‍ പഴയ വാഹനങ്ങള്‍ക്ക് മെറ്റീരിയല്‍ കംപാറ്റിബിലിറ്റിയിലും എന്ജിന് കാലിബ്രേഷനിലും പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നും മൈലേജ്, ഡ്രൈവബിലിറ്റി, ദീര്‍ഘകാല ഡ്യൂറബിലിറ്റി എന്നിവയെ ബാധിക്കാമെന്നും വാഹന നിര്‍മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, സമീപകാലത്ത് സംഘടനയും വാഹന നിര്‍മാതാക്കളും നടത്തിയ വര്‍ഷങ്ങളായുള്ള പരീക്ഷണങ്ങളിലും സര്‍വീസ് ഡാറ്റയിലും ഇ20 മൂലമുള്ള വ്യാപക വാഹന തകരാറുകള്‍ക്ക് തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനൊപ്പമുള്ള വിശദീകരണത്തില്‍ ആവര്‍ത്തിച്ചു.
പ്ലാസ്റ്റിക് പാര്‍ട്ടുകളുടെ വാറന്റി ഇ20യുമായി ബന്ധമുണ്ടോ?
വാഹനങ്ങളിലെ ചില പ്രത്യേക പ്ലാസ്റ്റിക് പാര്‍ട്ടുകള്‍ക്ക് വാറന്റി നിരക്ക് ഈടാക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെ ഇത് ഇ20 പെട്രോളിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണോ എന്ന ആശങ്ക ചില വാഹന ഉടമകള്‍ക്കിടയില്‍ ഉയരുന്നുണ്ട്. എന്നാല്‍, വാറന്റി വ്യവസ്ഥയില്‍ നിര്‍മാതാക്കളുടെ വാണിജ്യനയത്തിന്റെ ഭാഗമായിട്ടുള്ള നിരക്ക് മാത്രമാണ് ഈടാക്കുന്നതെന്നും പ്ലാസ്റ്റിക് പാര്‍ട്ടുകളുടെ വാറന്റി നിരക്ക് ഈടാക്കുന്നതില്‍ ഇ20യുമായി ബന്ധമില്ലെന്നാണു ചില വാഹന ഡീലര്‍മാര്‍ നല്കുന്ന വിശദീകരണം.