Business
തിരുവനന്തപുരം: എയ്റോസ്പേസ്, പ്രതിരോധ മേഖലകളുമായി ഇടപഴകുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് വ്യോമസേന ഗണ്യമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് സതേണ് എയർ കമാൻഡിലെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ മനീഷ് ഖന്ന.
ടെക്നോപാർക്ക് സന്ദർശിച്ച് പ്രതിരോധ, എയ്റോസ്പേസ് മേഖലകളിലെ വ്യവസായ പ്രമുഖരുമായും സ്റ്റാർട്ടപ്പ് പ്രതിനിധികളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം.
എയ്റോസ്പേസ് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും കന്പനികൾക്കും മാർഗനിർദേശം, ഉപഭോക്തൃ കാഴ്ചപ്പാടുകൾ, പ്രവർത്തനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിവയ്ക്കായി റീജണൽ എയ്റോസ്പേസ് ഇന്നൊവേഷൻ ഡിവിഷനുമായി (ആർഎഐഡി) ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.) എയർ മാർഷൽ മനീഷ് ഖന്നയെ സ്വീകരിക്കുകയും സംസ്ഥാനത്തിന്റെ ഐടി മേഖലയെക്കുറിച്ചും കേരള ഡിഫൻസ് ഇന്നൊവേഷൻ സോണിനെക്കുറിച്ചും (കെഡിസ്) അവതരണം നടത്തുകയും ചെയ്തു. സ്റ്റാഫ് ഓഫീസർ സ്ക്വാഡ്രണ് ലീഡർ അർച്ചന സിംഗും സന്ദർശന വേളയിൽ എയർ മാർഷലിനൊപ്പം സംബന്ധിച്ചു.
Business
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായ ഇലക്ട്രോണിക്സ്, ഐഒടി, ഒപ്റ്റോഇലക്ട്രോണിക്സ് ഉത്പന്ന നിർമാണ കന്പനിയായ വിൻവിഷ് ടെക്നോളജീസ് 2027ഓടെ ടെക്നോപാർക്ക് ഫേസ്3-ൽ സ്വന്തം കാന്പസ് സ്ഥാപിക്കും.
1,10,000 ചതുരശ്രയടി വിസ്തീർണത്തിലാണു യൂണിറ്റ് സ്ഥാപിക്കുക. ഏകദേശം 500 ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയും. ടെക്നോപാർക്കിന്റെ ഔദ്യോഗിക വോഡ്കാസ്റ്റായ ‘ആസ്പയർ: സ്റ്റോറീസ് ഓഫ് ഇന്നൊവേഷനി’ൽ വിൻവിഷ് ടെക്നോളജീസ് സിഒഒ പയസ് വർഗീസ് ആണ് ഇക്കാര്യം അറിയിച്ചത്.
ടെക്നോപാർക്ക് ഫേസ്3-ലെയും കിൻഫ്രയിലെയുംകാന്പസുകളുടെ നിർമാണം 2027ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Business
തിരുവനന്തപുരം: എഡ്ജ് കന്പ്യൂട്ടിംഗിലും എഐ ഉത്പന്നങ്ങളിലും മുൻപന്തിയിലുള്ള യുഎസ് ആസ്ഥാനമായ അർമഡ ടെക്നോപാർക്ക് ഫേസ് 3 കാന്പസിൽ പുതിയ ഓഫീസ് തുറന്നു.
ടെക്നോപാർക്ക് ഫേസ് 3 കാന്പസിലെ എംബസി ടോറസ് കെട്ടിടത്തിലെ കന്പനിയുടെ പുതിയ ഓഫീസ് അർമഡ സ്ഥാപക ചീഫ് ടെക്നോളജി ഓഫീസർ പ്രദീപ് നായർ ഉദ്ഘാടനം ചെയ്തു.
ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.), അർമഡ ഇന്ത്യ എംഡിയും മേധാവിയുമായ ശരത് ചന്ദ്രൻ, എൻജിനിയറിംഗ് വൈസ് പ്രസിഡന്റ് അനീഷ് സ്വാമിനാഥൻ, ടെക്നോപാർക്ക് ഉദ്യോഗസ്ഥർ, എംബസി പ്രതിനിധികൾ, അർമഡ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗവേഷണ വികസന മേഖലയിൽ അർമഡ കേരളത്തിൽ മികച്ച അടിത്തറ സാധ്യമാക്കിയിട്ടുണ്ട്. എൻജിനിയർമാർ, പ്രൊഡക്ട് മാനേജർമാർ, ഡിസൈനർമാർ എന്നിവരുടെ വലിയ സംഘത്തെ നിയമിക്കുകയും അവരുടെ തൊഴിൽശക്തി വികസിപ്പിക്കുകയും ചെയ്യുന്നു.
ലിങ്ക്ഡ്ഇൻ സിയാറ്റിലിലെ മികച്ച സ്റ്റാർട്ടപ്പുകളുടെ പട്ടികയിൽ അടുത്തിടെ അർമഡ രണ്ടാം സ്ഥാനത്തെത്തി. നിലവിൽ യുഎസും മിഡിൽ ഈസ്റ്റുമാണ് അർമഡയുടെ പ്രധാന വിപണികളെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള വിശാലമായ ആഗോള വിപണിയിലേക്കുള്ള വിപുലീകരണം ഉടൻ ഉണ്ടാകും.
ടെക്നോപാർക്കിൽ അർമഡ പ്രവർത്തനങ്ങൾ വികസിപ്പിക്കുകയും എൻജിനിയറിംഗ്, പ്രൊഡക്ട്, എഐ പ്രഫഷണലുകൾ എന്നിവയിൽ ജീവനക്കാരെ തേടുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടെക് പ്രഫഷണലുകൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം ഇതു നൽകുന്നു. നിലവിലെ ഒഴിവുകൾ അർമഡയുടെ വെബ്സൈറ്റിന്റെ കരിയർ വിഭാഗത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.