Movies
കേരളത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ആശംസകളുമായി സംവിധായകൻ സത്യൻ അന്തിക്കാട്. സന്ദേശം സിനിമ പൂർണമായും ഉള്ക്കൊണ്ട ഒരാള് കേരള മുഖ്യമന്ത്രിയാകുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണെന്ന് സത്യൻ അന്തിക്കാട് കുറിച്ചു.
രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്ടമുണ്ടെന്നും പക്ഷേ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശന്റെ നേതൃത്വമാണ് എന്നും അദ്ദേഹം തുറന്നുപറഞ്ഞു.
സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം
''സതീശൻ എന്ന സന്ദേശം. വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാൻ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ അഭിഭാഷകനാണ്.
പക്ഷെ കോടതിയിൽ പോകാറില്ല. രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരൻ, കഥയുടെ ക്ലൈമാക്സിൽ ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുന്ന രംഗമുണ്ട്. അതു കണ്ടതിന്റെ പിറ്റേ ദിവസം താൻ പ്രശസ്തനായ ഒരു അഭിഭാഷകന്റെ ജൂനിയറായി ചേർന്നുവെന്ന് സതീശൻ പറഞ്ഞു.
പക്ഷെ സതീശൻ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. സന്ദേശത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾഎന്ന്. സതീശൻ ആ നല്ല ആളുകളിൽപെട്ട ഒരാളാണ്.
ആൾക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ. പാതിരാത്രി വരെ നീളുന്ന പരിപാടികൾ ഇല്ലാത്ത ദിവസം ഉറങ്ങുന്നതിനു മുമ്പ് നൂറു പേജെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാക്കുകളിലും പ്രവൃത്തിയിലും അതിന്റെ ഗുണം കാണാറുമുണ്ട്.
സിനിമയും സമൂഹവും മാറിയതുപോലെ രാഷ്ട്രീയവും മാറിയിട്ടുണ്ട്. നമ്മുടെ പല നേതാക്കളും അതു മനസിലാക്കിയിട്ടില്ല. സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകൾ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കുതോന്നിയിട്ടുണ്ട്.
കോൺഗ്രസ്സിൽ അത് സതീശനിൽ മാത്രമേ ഇന്ന് കാണുന്നുള്ളു. വർഗീയതക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോൺഗ്രസുകാരനാണ് വി.ഡി.സതീശൻ. രണ്ട് സമുദായനേതാക്കൾ നിരന്തരം സതീശന്നെ കുറ്റപ്പെടുത്തുമ്പോൾ ജനഹൃദയങ്ങളിൽ ഉയരുന്നത് സതീശന്റെ ഇമേജാണ്.
രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശന്റെ നേതൃത്വമാണ്.
സന്ദേശത്തിന്റെ സന്ദേശം പൂർണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അത് പങ്കിടാൻ ശ്രീനിവാസൻ ഒപ്പമില്ല എന്നത് ചെറുതല്ലാത്ത സങ്കടവും.
Movies
കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് എന്ന ചോദ്യം മൂന്നുപേരുടെ പേരിൽ കിടന്നു കറങ്ങിത്തിരിയുമ്പോൾ അണികൾക്കിടയിൽ തുടങ്ങി പ്രമുഖകർക്കിടയിൽ പോലും മുഖ്യമന്ത്രി വി.ഡി. സതീശനാകണം എന്ന് മുറവിളികൾ ഉയരുകയാണ്.
ഇപ്പോഴിതാ നടൻ സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്തയാളാണ് സതീശനെന്നും ഓരോ സാധാരണക്കാരനും അദ്ദേഹമായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് ഉറച്ചു വിശ്വസിക്കുകയാണെന്നും ആ വിശ്വാസം തകർക്കരുതെന്നുമാണ് സിദ്ദിഖ് പറയുന്നത്.
വി.ഡി. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ലെന്നും അദ്ദേഹം ആവർത്തിക്കുന്നു.
സിദ്ദിഖിന്റെ കുറിപ്പ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.
ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു UDF അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്.
ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്.
അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരനും. ആ വിശ്വാസം തകർക്കരുത്.
അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്. ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. വി.ഡി. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല.
കോൺഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.
ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ് എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, K കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്. മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം.V D സതീശൻ എന്ന ജനനായകന്റെ പേര്.നല്ലത് വരട്ടെ, നല്ലതേ വരാവു..!!
Kerala
തിരുവനന്തപുരം: എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു ഈഴവ വിരോധവും താൻ കാണിച്ചിട്ടില്ലെന്ന് സതീശൻ പ്രതികരിച്ചു.
തന്റെ മണ്ഡലത്തിൽ 52 ശതമാനം വോട്ടർമാരും ഈഴവ വിഭാഗക്കാരാണ്. തന്നെക്കുറിച്ച് അറിയാൻ മണ്ഡലത്തിൽ തിരക്കിയാൽ മതിയെന്നും സതീശന് പറഞ്ഞു.
താനും ഗുരുദേവ ദർശനങ്ങൾ പിന്തുടരുന്നയാളാണ്. ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നത്.
വർഗീയത ആരു പറഞ്ഞാലും അതിനെതിരെ പ്രതികരിക്കും. അതിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.