District News
ആലപ്പുഴ: ജനങ്ങളിറങ്ങിയതോടെ വേമ്പനാട് കായൽ ക്ലീൻ. വേമ്പനാട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വേമ്പനാട് കായൽതീരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കാമ്പയിനിന്റെ രണ്ടാം ഘട്ടമാണ് ഇന്നലെ ആരംഭിച്ചത്.
മാർച്ച് 31 വരെ നീളുന്നതാണ് കാന്പൈൻ. പൈലറ്റ് പദ്ധതിയായി തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, രാമങ്കരി എന്നീ അഞ്ചു പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് പദ്ധതി നടത്തുന്നത്. മത്സ്യം, കക്ക തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഹരിതകർമസേന പ്രവർത്തകരുമെല്ലാം കാമ്പയിന്റെ ഭാഗമായി.
31 വരെ മാലിന്യങ്ങൾ ശേഖരിക്കും. തൊഴിലാളികൾ കൊണ്ടുവരുന്ന മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറും. ഹൗസ്ബോട്ടുകളിൽനിന്നുള്ള മാലിന്യങ്ങളും ഉൾനാടൻ ജലാശയങ്ങളിലൂടെ കായലിലെത്തിച്ചേരുന്ന മാലിന്യങ്ങളും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
നാലിഞ്ചോളം താഴ്ചയിൽ കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കക്കാ സമ്പത്തിന്റെ വളർച്ചയെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കരിമീൻ, കൊഞ്ച്, കാളാഞ്ചി എന്നിവയുടെ പ്രജനനത്തിനും പ്ലാസ്റ്റിക് മാലിന്യം തിരിച്ചടിയാണെന്നു തിരിച്ചറിഞ്ഞാണ് പദ്ധതി നടപ്പിലാക്കുന്നത്.
1700 കോടിയുടെ പദ്ധതി
വേമ്പനാട് കായൽ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും കായൽ ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനും 1700 കോടി രൂപയുടെ പദ്ധതി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും മാലിന്യശേഖരണത്തിന് സജ്ജമാക്കിയ വള്ളത്തിന്റെ ഫ്ലാഗ് ഓഫും തണ്ണീർമുക്കം ബോട്ട് ജെട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി ഫിഷറീസ്, കൃഷി, ഇറിഗേഷൻ വകുപ്പുകൾക്കായി തയാറാക്കിയ 702 കോടിയുടെ പദ്ധതികൾ നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. 1000 കോടി രൂപയുടെ അധിക പ്രോജക്റ്റുകൾ ഉടൻ സമർപ്പിക്കും. കായലിന്റെ അടുത്തപ്രദേശങ്ങളിലുള്ള 28 പഞ്ചായത്തുകളിൽനിന്നും മുനിസിപ്പാലിറ്റികളിൽനിന്നും ഇതോടകം 28 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ മൈക്രോ പ്ലാസ്റ്റിക്കുകളായി മാറി മത്സ്യങ്ങളിലൂടെ മനുഷ്യശരീരത്തിൽ എത്തുന്നത് കാൻസർ പോലുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്നുണ്ടെന്നും അതിനാൽ കായൽ ശുചീകരണം അതീവ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി സർക്കാർ സംവിധാനങ്ങൾക്കൊപ്പം കോർപ്പറേറ്റുകളെയും ജനങ്ങളെയും പങ്കാളികളാക്കുന്ന രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 38 ഓളം കോർപ്പറേറ്റുകൾ സിഎസ്ആർ ഫണ്ട് വഴി ഈ ദൗത്യത്തിൽ സഹകരിക്കും. കായലിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കിലോയ്ക്ക് 25 രൂപ പ്രതിഫലം നൽകുന്ന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളെയും ഹരിതകർമസേനയെയും ഇതിന്റെ ഭാഗമാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
മുഹമ്മയിലിറങ്ങിയത് മത്സ്യത്തൊഴിലാളികൾ
മുഹമ്മ: മത്സ്യത്തൊഴിലാളികളും കക്കാത്തൊ ഴിലാളികളുമാണ് കായലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്. കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ കക്കാ ശേഖരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് വള്ളത്തിലാക്കി കരയ്ക്കെത്തിച്ചത്. കരയിൽ കാത്തുനിന്ന പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിത കർമ സേനാംഗങ്ങളും ചേർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റുവാങ്ങി.
തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിനലിന് സമീപത്ത് സംഗമിച്ചാണ് തൊഴിലാളികൾ കായലിലേക്കു നീങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ നേതൃത്വം നൽകി. മുഹമ്മ പള്ളിക്കുന്ന് മേഖലയിൽ നടന്ന കായൽ ശുചീകരണം മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിൽനിന്നു ലഭിച്ചത് 3.6 ടൺ മാലിന്യങ്ങൾ
ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ പുന്നമട കായലിൽനിന്നും കായൽക്കരയിൽനിന്നും ശേഖരിച്ചത് 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം. പുന്നമട ഫിനിഷിംഗ് പോയിന്റിൽ നടന്ന ശുചീകരണ യജ്ഞം നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ, സായി കേന്ദ്രത്തിലെ വിദ്യാർഥികൾ, ഹരിത കർമസേന, സന്നദ്ധ സംഘടനകൾ, എസ് ഡി കോളജ് എൻഎസ്എസ് വോളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടന്നത്.
വേന്പനാടിനെ രക്ഷിക്കാൻ രാമങ്കരിയും
രാമങ്കരി: മാന്പുഴക്കരി ബ്ലോക്ക് ജംഗ്ഷനു സമീപം എസി കനാൽ തീരത്ത് സംഘടിപ്പിച്ച വേന്പനാട് പുനരുജ്ജീവനം പ്ലാസ്റ്റിക് മുക്ത കാന്പയിൻ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി അധ്യക്ഷനായി. പരന്പരാഗത മത്സ്യത്തൊഴിലാളികളും ചെറുവള്ളങ്ങളുള്ളവരും എസി കനാലിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ വെള്ളംകളഞ്ഞ് ഉണക്കി ഹരിത കർമസേനയ്ക്ക് കൈമാറുന്പോൾ ഒരു കിലോ പ്ലാസ്റ്റിക് ബോട്ടിലിന് 25 രൂപ നൽകുന്നതാണ് പദ്ധതി.
Kerala
കോതമംഗലം: കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ 11 കിലോമീറ്റർ നീന്തിക്കടന്ന് റിക്കാർഡിട്ട് ഏഴാം ക്ലാസുകാരൻ.
പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പബ്ലിക് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി കാശിനാഥ് രാജീവ് ആലപ്പുഴ ജില്ലയിലെ ചേർത്തല കുമ്പേൽ കരിയിൽ കടവു മുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 11 കിലോമീറ്റർ ദൂരം നീന്തിയാണ് റിക്കാർഡ് സ്ഥാപിച്ചത്.
ഇന്നലെ രാവിലെ 7.25ന് ആരംഭിച്ച നീന്തൽ 9.46ന് വൈക്കം ബീച്ചിൽ എത്തിച്ചേർന്നു. 2.21 മണിക്കൂർ കൊണ്ടാണ് കാശിനാഥ് നീന്തിക്കയറിയത്.
കോതമംഗലം അക്വാട്ടിക് ക്ലബ് കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറ്റിലായിരുന്നു കാശിനാഥിന്റെ പരിശീലനം. കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോ-ഓർഡിനേറ്റർ എ.പി. അൻസിലും ചേർന്നു നടത്തുന്ന 32-ാമത്തെ വേൾഡ് റിക്കാർഡിനുവേണ്ടിയുള്ള സാഹസിക നീന്തലായിരുന്നു.
ചേന്നം പള്ളിപ്പുറം പഞ്ചായത്ത് മെംബർ പഞ്ചായത്ത് അംഗം പി. രജിത ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് ബീച്ചിൽ നടന്ന അനുമോദന യോഗത്തിൽ വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് ഡി. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം പ്രണവം വീട്ടിൽ രാജീവ്- പ്രസീജ ദമ്പതികളുടെ മകനാണ് കാശിനാഥ്.
District News
വൈക്കം: വേന്പനാട്ടുകായൽ നീന്തിക്കടന്ന് യുകെജി വിദ്യാ ർഥികളായ ഇരട്ടകൾ. എസ്ബിഐ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിന്റെയും അനുവിന്റെയും മക്കളും വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യുകെജി വിദ്യാർഥികളുമായ നൈവേദ്യ ഹരീഷും നിഹാരിക ഹരീഷുമാണ് ഇന്നലെ വേമ്പനാട്ടുകായൽ കുറുകെ നീന്തി കീഴടക്കിയത്.
രാവിലെ 7.30ന് ചേർത്തല കൂമ്പേൽ കടവിൽനിന്നു വൈക്കം കായലോര ബീച്ച് വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരമാണ് 1.46 മണിക്കൂർകൊണ്ട് നീന്തിക്കടന്നത്.കായലോര ബീച്ചിൽ നടന്ന അനുമോദന യോഗം അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു. വൈക്കം ഡിവൈഎസ്പി ടി.ബി. വിജയൻ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു.
നഗരസഭാ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻന്റ് പി. പ്രീതി, വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ചലച്ചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദൻ, എ.മനാഫ്, എൻ.പി.അൻസൽ തുടങ്ങിയവർ സംബന്ധിച്ചു.
District News
വൈക്കം: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കാൻ ഇരട്ടകുട്ടികൾ. വൈക്കം എസ്ബിഐയിലെ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിന്റെയും അനുവിന്റെയും മക്കളും വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യുകെജി വിദ്യാർഥികളുമായ നൈവേദ്യ ഹരീഷും നിഹാരിക ഹരീഷുമാണ് ലോകറിക്കാർഡ് ലക്ഷ്യമാക്കി നാളെ വേമ്പനാട്ടുകായലിന് കുറുകെ നീന്താൻ ഒരുങ്ങുന്നത്.
രാവിലെ 7.30ന് ചേർത്തല കൂമ്പേൽകടവിൽനിന്നു വൈക്കം കായലോര ബീച്ച് വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരമാണ് നീന്തുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജുതങ്കപ്പനാണ് നൈവേദ്യയെയും നിഹാരികയെയും നീന്തൽ പരിശീലിപ്പിച്ചത്.
കഴിഞ്ഞ മധ്യവേനലവധി മുതലാണ് ഈ അഞ്ചുവയസുകാരികൾ നീന്തൽ പഠിച്ചുതുടങ്ങിയത്. നീന്തൽ പരിശീലകനായ റിട്ട.ഫയർ ഓഫീസർ ടി. ഷാജികുമാറാണ് നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്
Leader Page
കുട്ടനാട്ടില് കൃഷി സംരക്ഷിക്കാന് നടപ്പാക്കിയ പ്രധാന പദ്ധതികളാണ് തണ്ണീര്മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്വേയും. ബണ്ട് വന്നതോടെ പ്രകൃതിയുടെ താളത്തിനൊത്ത് നിലനിന്നിരുന്ന കൃഷിരീതിക്കു മാറ്റംവന്നു. കൃഷി പോലെതന്നെ കുട്ടനാടിന്റെ സമ്പദ്വ്യവസ്ഥയില് ഏറെ പ്രാധാന്യമുള്ള മത്സ്യ ഉത്പാദനം തകര്ന്നു. പ്രതിവര്ഷം 23,000 ടണ്ണില്നിന്ന് 4,500 ടണ്ണില് താഴെയായി കായലിലെ മത്സ്യോത്പാദനം.
കായലിന്റെ പ്രധാന വിഭവമായ കക്ക ഉത്പാദനത്തിന്റെ തകര്ച്ച, ആറ്റുകൊഞ്ചിന്റെ വംശനാശം, കണ്ടല്കാടുകളുടെ തിരോധാനം, കായലിലെ വ്യാപകമായ മലിനീകരണം ഇവ വിപരീതഫലങ്ങളാണ്. കുട്ടനാടന് കൊഞ്ചിന്റെ പ്രതിവര്ഷ ഉത്പാദനം 429 ടണ്ണില്നിന്ന് ഇപ്പോള് 30 ടണ്ണായി കുറഞ്ഞു. വെള്ളത്തില് ഫോസ്ഫേറ്റിന്റെ വര്ധന മലിനീകരണത്തിന്റെ ലക്ഷണമാണ്. അതുവഴി ജലകളകള് അനിയന്ത്രിതമായി പെരുകി. പോളയും ആഫ്രിക്കന്പായലും ഗുരുതരമായ പ്രശ്നങ്ങളായി മാറി.
കായലിന്റെ ജലവാഹകശേഷി കുറയ്ക്കുന്നു
അടുത്തകാലത്ത് അനിയന്ത്രിതമായ തോതിലുള്ള കടലേറ്റംമൂലം കായല്ജലത്തിന്റെ ലവണത അസാധാരണമാംവിധം വര്ധിച്ചതായി കാണുന്നു. നീണ്ടുനിൽക്കുന്ന വേലിയേറ്റ പ്രഭാവവും കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യക്ഷലക്ഷണമാണ്. ഭാവിയില് ഉണ്ടാകാവുന്ന പ്രതിസന്ധിയുടെ ആദ്യലക്ഷണമാണിത്. പ്രളയാനന്തരം കുട്ടനാട്ടില് മണ്ണിലെ ജൈവ കാര്ബണ്തോത് ഒമ്പതു ശതമാനംവരെ ഉയര്ന്നു. എക്കല് അടിഞ്ഞുകൂടുന്നതാണു മണ്ണിലെ ജൈവ കാര്ബണിന്റെ തോത് ഉയരാന് കാരണം. ഒരു വര്ഷത്തില് കായലില് എത്തുന്നത് ഹെക്ടര് ഒന്നിന് ഒരു ടണ് മുതല് 26 ടണ്വരെ എക്കലാണ്. ഇത് കടലിലേക്ക് പോകാതെ കായലില് കെട്ടിക്കിടന്നു കായലിനെ ചതുപ്പാക്കി മാറ്റുന്നു. അടിഞ്ഞുകൂടുന്ന ഏക്കല് കായലിന്റെ ജലവാഹകശേഷി കുറയ്ക്കുന്നു.
എന്നാല് വേമ്പനാട്ടു കായല്, പ്രളയജലം ഉള്ക്കൊള്ളാനുള്ള ജലസംഭരണി എന്നതിനപ്പുറം കടലിലേക്കുള്ള ജലനിര്ഗമന വഴിയായി കാണുന്നതാണു ശരി. നീരൊഴുക്കിനുള്ള തടസങ്ങള് പൂര്ണമായി മാറ്റി അതിവേഗം കടലിലേക്കു പ്രളയജലം ഒഴുകിമാറണം. ഡിസംബര് മുതല് ഏപ്രില് വരെയുള്ള വേനല്മാസങ്ങളില് കായലിലേക്കുള്ള ഓരുകയറ്റം ഏറെ ഗുരുതരമായി തുടരുന്നു.
2018ലെ പ്രളയത്തോടെ തോട്ടപ്പള്ളി സ്പില്വേയില് കടല്മുഖത്ത് അടിഞ്ഞുകൂടിയ മണ്തിട്ട ഡ്രഡ്ജ് ചെയ്ത് മാറ്റിയ പശ്ചാത്തലത്തില് കടലിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വര്ധിച്ചു എന്ന് ദേശാന്തര കായല് ഗവേഷണ കേന്ദ്രത്തിന്റെ പഠനങ്ങള് സൂചിപ്പിക്കുന്നു. ഈ വര്ഷം മണല് അടിഞ്ഞുകൂടിയതും മണല് നീക്കുന്നതിനു മുന്പേതന്നെ കാലവര്ഷം എത്തിയതും വെള്ളപ്പൊക്കത്തിനും കൃഷി തുടങ്ങും മുന്പുതന്നെ മടവീഴ്ചയ്ക്കും കാരണമായി. ഇപ്പോഴും കുട്ടനാട്ടില്നിന്ന് വെള്ളം പൂര്ണമായി ഇറങ്ങിയിട്ടില്ല. ഉയര്ന്ന വര്ഷപാതത്തോടൊപ്പം ഉണ്ടായ വേലിയേറ്റ പ്രളയം ദുരിതം വര്ധിപ്പിച്ചു. ഇതില്നിന്ന് നാം പാഠം ഉള്ക്കൊള്ളണം. കായലിന്റെ ജലനിര്ഗമന ശേഷി കുറയുന്നു എന്നതാണ് മുഖ്യകാരണം.
പൊഴികൾ പുനര്നിര്മിക്കണം
ആലപ്പുഴയുടെ തീരത്ത് പത്തൊമ്പതിലധികം പൊഴികള് ഉണ്ട്. ഒന്നുപോലും പ്രവര്ത്തനക്ഷമമല്ല. കടലിലേക്ക് പ്രളയജലം വേഗത്തില് കടക്കത്തക്കവിധം ഇവയെ പുനര്നിര്മിക്കേണ്ടത് അനിവാര്യമാണ്. തീരപ്രദേശങ്ങളില് വ്യാപകമായി ഉണ്ടാകുന്ന കടലാക്രമണം പ്രതിരോധിക്കാനും കടല്ക്ഷോഭത്തിന്റെ പ്രഭാവം കുറയ്ക്കാനും ‘വാല്വ്’ പോലെ പ്രവര്ത്തിക്കുന്ന ഈ പൊഴികള് പ്രയോജനപ്പെടും. പൊഴികളുടെ കടല്മുഖത്ത് കണ്ടല് കവചം സൃഷ്ടിച്ച് ഈ ഇടങ്ങള് സംരക്ഷിക്കണം. പരിസ്ഥിതിദിനത്തില് മരത്തൈകള് നടുന്നവര് അതിലെത്ര പിടിച്ചുവരുന്നു എന്നുകൂടെ ചിന്തിക്കണം. ദേശീയപാത നിര്മാണത്തിനായി റോഡരികില് ഉണ്ടായിരുന്ന വൃക്ഷങ്ങള് മുഴുവന് വെട്ടിമാറ്റി. ഈ പശ്ചാത്തലത്തില് പരിസ്ഥിതിദിനത്തില് ആഘോഷപൂര്വം തുടങ്ങേണ്ട പദ്ധതിയാണ് തീര-വനവത്കരണം.
കായലില് എക്കല് അടിഞ്ഞു ജലശേഷി കുറഞ്ഞെന്നു നാം പരിതപിക്കുന്നു. എന്നാല്, എക്കല് നിക്ഷേപത്തെ അനുഗ്രഹമായി കാണേണ്ടതല്ലേ? ഒരുകാലത്ത് നമ്മള് പ്രളയജലത്തില് കടന്നുവരുന്ന എക്കല് പാടശേഖരങ്ങളില് കയറ്റിവിട്ട് വളക്കൂര് വര്ധിപ്പിച്ച് കൃഷിക്ക് പ്രയോജനപ്പെടുത്തിയിരുന്നു. ഇന്ന് നമ്മുടെ കൃഷി രാസവളത്തിന്റെ കരുത്തില് മാത്രമാണ് നിലനില്ക്കുന്നത്.
ഓരോ പാടശേഖരവും അടച്ചുകെട്ടി, രാസവളം വേണ്ടതിലധികം ഉപയോഗിച്ചാണ് നാം നെല്കൃഷി ചെയ്യുന്നത്. കൃഷിക്ക് ഉപയോഗിക്കുന്ന വളത്തിന്റെ അഞ്ചിലൊന്നുപോലും നെല്ചെടികള് ഉപയോഗപ്പെടുത്തുന്നില്ല. ഏറിയഭാഗവും പമ്പ് ചെയ്ത് കായലില് വിടുന്നതുമൂലം, കായല്വെള്ളത്തിന്റെ ഫലപുഷ്ടി കൂടുന്നു. വെള്ളത്തില് ജലകളകള് പെരുകുന്നു. ആദ്യകാലത്ത് ആഫ്രിക്കന് പായല് ആയിരുന്നു. ഇപ്പോള് കുളവാഴ. ജലാശയങ്ങളില് തീരാശാപം ആയി മാറിയ കുളവാഴ അധികമായതോടെ അതും വലിയ സമ്പത്ത് ആണെന്നു പറയാന്പോലും ഇപ്പോള് നമുക്കു സങ്കോചമില്ല. അത്രമാത്രം ഹ്രസ്വദൃഷ്ടികളായി മാറി നമ്മള്. കായലിലെ മാലിന്യം വേഗത്തില് ഒഴുകിപ്പോകാന് കടലിലേക്ക് നീരൊഴുക്കു വര്ധിപ്പിക്കണം. ഒഴുക്കിനു തടസമാകുന്ന എല്ലാ പ്രതിബന്ധങ്ങളും മാറണം. അന്ധകാരനഴിയിലെ മണല്ത്തിട്ട കടലിലേക്കുള്ള നീരൊഴുക്കിനു പ്രതിബന്ധമായി. എത്രയോ കുടുംബങ്ങള് വെള്ളക്കെട്ടില് കഴിയുന്നു. കുളവാഴ നിര്മാര്ജനത്തിന് കോടികള് മുടക്കാന് നമ്മള് തയാറാണ്. എന്നാല്, നീരൊഴുക്കു വര്ധിപ്പിച്ച് കുളവാഴ പെരുകുന്നതിനുള്ള സാഹചര്യങ്ങള് പൂര്ണമായി പരിഹരിക്കാന് കഴിയുന്നില്ല.
മൂല്യമേറെയുള്ള കാര്ബണ് സ്രോതസ്
വേമ്പനാട് കായലിലെത്തിപ്പെട്ടിട്ടുള്ള എക്കല് മൂല്യമേറേയുള്ള കാര്ബണ് സ്രോതസാണ്. കായല് ചെയ്യുന്നത് വലിയ കാര്ബണ് സമീകരണ ധര്മമാണ്. കിഴക്കന്മലകളിലെ നിബിഡ വനങ്ങള്, അന്തരീക്ഷത്തില്നിന്ന് കാര്ബണ് ഡൈ ഓക്സൈഡ് സ്വീകരിച്ച് കാര്ബണ് സമീകരണം നടത്തുന്നു. കായല്, വനങ്ങളില്നിന്ന് ഇലകളും ചില്ലകളും ജീര്ണിച്ച് ഒഴുകിയെത്തുന്ന എക്കല് പ്രാണവായുനിബദ്ധമായി സംരക്ഷിച്ചു കാര്ബണ് സംഭരണികള് ആയി മാറ്റുന്നു. വനത്തേക്കാള് മുന്തിയ കാര്ബണ് സമീകരണ ധര്മമാണ് കായല് ചെയ്യുന്നത്. കായലില് എത്തിപ്പെടുന്ന കാര്ബണ് കലര്ന്ന എക്കല് ബ്ലോക്കുകളായി കുത്തിയെടുത്ത് കായലോരങ്ങളില് ജലനിരപ്പിന് താഴെ ബണ്ടുകള് നിര്മിച്ച് സംരക്ഷിക്കാവുന്നതാണ്.
‘ബ്ലൂ കാര്ബണ്’ (Blue carbon) പദ്ധതി എന്നാണ് ഇതറിയപ്പെടുന്നത്. ജലവിതാനത്തിനു താഴെ, എക്കല് ബണ്ടുകളില് കണ്ടല് വച്ചുപിടിപ്പിച്ച് നിബിഡമായ കണ്ടല്കവചം സൃഷ്ടിച്ചെടുക്കാം. നിത്യഹരിത സസ്യങ്ങളായതുകൊണ്ടുതന്നെ കണ്ടല്, കാര്ബണ് സമീകരണത്തിനും പ്രയോജനപ്പെടും. കണ്ടല് വേരുപടലങ്ങള്ക്കടിയില് സംഭരിക്കപ്പെടുന്ന എക്കല് പ്രാണവായു നിബദ്ധമായി കാര്ബണ് സമീകരണത്തിനും പ്രയോജനപ്പെടും. ഇത്തരത്തില് നിര്മിച്ച കണ്ടല്നിരകള് കൃത്യ ഉയരത്തില് വെട്ടിയൊതുക്കിയാൽ നമ്മുടെ തീരങ്ങളില് ജനവാസമേഖലകളുടെ സംരക്ഷണത്തിനും ടൂറിസത്തിനും മറ്റും കരുത്തുപകരുന്ന ആകര്ഷകമായ ജൈവകവചം ആകും.
നമ്മുടെ രാജ്യത്ത് പല ബഹുരാഷ്ട്ര കമ്പനികളും (ഉദാ: കല്ക്കരി ഖനന വ്യവസായങ്ങള്, പേപ്പര് വ്യവസായം, എയര് ക്രാഫ്റ്റ് വ്യവസായം, വാഹന വ്യവസായം, പെട്രോളിയം വ്യവസായം എന്നിവ) കാര്ബണ് നെഗറ്റീവ് ആണ്. കാര്ബണ് പുറംതള്ളലിന്റെ പരിധി പാലിക്കാന് കഴിയാത്ത ഇത്തരം വന്കിട സ്ഥാപനങ്ങള്ക്കു കാര്ബണ് പുറംതള്ളല് നിയന്ത്രിക്കുന്ന സംരംഭങ്ങള്ക്കു സാമ്പത്തികസഹായം നല്കാം. കാലാവസ്ഥാമാറ്റത്തിനു വഴിവയ്ക്കുന്ന, ഹരിതഗൃഹ വാതകം ധാരാളമായി പുറംതള്ളുന്ന വ്യവസായങ്ങളാണ് ഇവ. ഇത്തരം പല കമ്പനികളും കാര്ബണ് നെഗറ്റീവ് ആണ്. അടുത്ത കാലത്ത് സര്ക്കാര് അംഗീകരിച്ചിട്ടുള്ള ‘കാര്ബണ് ട്രേഡിംഗ്’ വഴി, കാര്ബണ് സമീകരണ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്ന വനവത്കരണ പദ്ധതികള്ക്ക് സിഎസ്ആര് (CSR) ഫണ്ട് ഇവരില്നിന്ന് സ്വരൂപിക്കാം. അതു വഴി കാര്ബണ് സമീകരണ പ്രവര്ത്തനങ്ങളില് പങ്കാളികളായി കാര്ബണ് നികുതിയില്നിന്നു രക്ഷനേടാം എന്നതുകൊണ്ടുതന്നെ ഈ സൗകര്യം അവര്ക്കും ആശ്വാസകരമാകും.
ഇത്തരത്തില് ആര്ജിക്കുന്ന സിഎസ്ആര് ഫണ്ട് നമ്മുടെ കായല് മേഖലയുടെ വികസനത്തിനു പ്രയോജനപ്പെടുത്താം. വേമ്പനാട്ടു കായലിലും നമ്മുടെ തീരദേശത്തും ഏറ്റെടുക്കാവുന്ന ജൈവകവചം പദ്ധതി നിര്ദേശം ആലപ്പുഴ ജില്ലാ ഭരണകൂടം വഴി സര്ക്കാരിനു സമര്പ്പിച്ചിട്ടുണ്ട്. കായല്തീരത്ത് കണ്ടല്കവചം സൃഷ്ടിച്ചു നമ്മുടെ കായല്മേഖലയുടെ സമഗ്രവികസനത്തിനുതകുന്ന മേല് പദ്ധതിക്ക് വേണ്ട സാങ്കേതികവിദ്യ ദേശാന്തര കായല് ഗവേഷണ കേന്ദ്രം, അഷ്ടമുടി കായലിലെ മണ്റോ തുരുത്തു ദ്വീപില് നടത്തിയ പഠനങ്ങളിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ചു വര്ഷം, ഇത് തൊഴിലുറപ്പു പദ്ധതിയില് ഉള്പ്പെടുത്തി ഏറ്റെടുക്കുന്നതിനുള്ള നിര്ദേശമാണ് സമര്പ്പിച്ചിട്ടുള്ളത്. കണ്ടല് വളരുന്ന കായല്പ്രദേശങ്ങളില് മത്സ്യോത്പാദനം വര്ധിക്കും എന്നതുകൊണ്ട് ഈ പദ്ധതി നമ്മുടെ മത്സ്യമേഖലയ്ക്കും ഏറെ കരുത്തുപകരും.
(കുട്ടനാട് അന്തര്ദേശീയ കായല് കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടറാണ് ലേഖകൻ)