Kerala
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസ് ചുമതലയേറ്റു.
വിസി നിയമനപ്പോരിൽ സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ സുപ്രീം കോടതിവരെ നീങ്ങുകയും ഒടുവിൽ ഇരുവിഭാഗവും തമ്മിൽ സമവായത്തിൽ എത്തുകയും ചെയ്തതോടെയാണ് സാങ്കേതിക സർവകലാശാലയുടെ മുൻ വിസി കൂടിയായിരുന്ന ഡോ. സിസ തോമസ് വീണ്ടും ആ പദവിയിൽ എത്തിയത്.
ഡോ. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്ന കാലത്ത് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസാ തോമസിനെ നിയമിച്ചപ്പോൾ പ്രതിഷേധവുമായാണ് ഇടത് അധ്യാപക സംഘടനകളും വിദ്യാർഥി സംഘടനകളും ഡോ. സിസയെ വരവേറ്റതെങ്കിൽ ഇന്നലെ പൂച്ചെണ്ടു നല്കിയാണ് സ്വീകരിച്ചത്.
സർക്കാരുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്നും മുൻപുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും വിസിയായി ചുമതലയേറ്റ ശേഷം സിസ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ഗവർണർമാർ നല്കിയ പിന്തുണയിൽ സിസ നന്ദി അറിയിച്ചു.
വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണർ -സർക്കാർ പോര് രൂക്ഷമയതോടെ സുപ്രീംകോടതി നിയമനം നടത്തുമെന്നു വരികയും ഒടുവിൽ സർക്കാരും ഗവർണറും സമവായത്തിലെത്തുകയുമായിരുന്നു. ഇതിനെ തുടർന്നാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസയേയും ഡിജിറ്റൽ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ട് ഗവർണർ വിജ്ഞാപനം ഇറക്കിയത്.
ഡോ. സിസയ്ക്ക് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അധിക ചുമതല
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല വിസിയായി നിയമിതനായ ഡോ. സജി ഗോപിനാഥിന് അദ്ദേഹത്തിന്റെ മാതൃസ്ഥാപനത്തിൽ നിന്നും വിടുതൽ ചെയ്യുന്നതിന് കാലതാമസം ഉണ്ടാകുന്നതിനാൽ അദ്ദേഹം ചുമതലയേൽ ക്കുന്നതുവരെ ഡിജിറ്റൽ സർവകലാശാലയുടെ അധിക ചുമതല വഹിക്കാൻ സാങ്കേതിക സർവകലാശാല വിസി ഡോസിസ തോമസിന് ലോക്ഭവൻ നിർദേശം നൽകി.
ഇതിനിടെ സിസാ തോമസ് ഇന്നലെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ എത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവു മായി ചർച്ച നടത്തി. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പൂർണ സഹകരണം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: വിസി നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്തി. സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സജി ഗോപിനാഥിനെയും നിയമിച്ചു.
ഇതു സംബന്ധിച്ച വിജ്ഞാപനം ലോക് ഭവൻ പുറത്തിറക്കി. നേരത്തെ സാങ്കേതിക സര്വകലാശാലയിലേക്ക് ഗവര്ണര് നിര്ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്ക്കാര് അംഗീകരിച്ചിരുന്നില്ല.
ഡിജിറ്റല് സര്വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെ പേര് സര്ക്കാര് മുന്നോട്ടുവച്ചെങ്കിലും ഗവര്ണറും അംഗീകരിച്ചിരുന്നില്ല. ഡോ.സജി ഗോപിനാഥിനെതിരെ ആരോപണമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്ണര് പേര് വെട്ടിയത്.
ഒടുവിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിൽ സമവായത്തിൽ എത്തിയില്ലെങ്കിൽ കോടതി ഇടപെട്ട് രണ്ട് സർവകലാശാലയിലേക്കും വിസിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് ആദ്യഘട്ട സമവായ ചർച്ചയിൽ തീരുമാനം ഉണ്ടായിരുന്നില്ല. പിന്നാലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന സമവായ ചർച്ചയിലാണ് വിസിമാരെ നിയമിക്കുന്നത് സംബന്ധിച്ച് ധാരണയായത്.
സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയാറാക്കിയ വിസിമാരുടെ പട്ടിക ബുധനാഴ്ച കോടതിയ്ക്ക് കൈമാറാനിരികകെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്.
Kerala
തൃശൂര്: വിദ്യാര്ഥികളെന്നു പറയുന്ന സ്ഥിരം ഗുണ്ടാസംഘമാണു കേരള യൂണിവേഴ്സിറ്റിയില് അക്രമം നടത്തുന്നതെന്നും സിന്ഡിക്കറ്റ് യോഗം ചേരാതെ രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയെന്നൊക്കെയാണു പറയുന്നതെന്നും കേരള സർവകലാശാല വിസി ഡോ. മോഹനന് കുന്നുമ്മല്. രാമനിലയത്തില് ഗവര്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു വിസി.
രജിസ്ട്രാര് കെ.എസ്. അനില്കുമാറിനും സിന്ഡിക്കേറ്റിനുമെതിരായ നിലപാടുകള് ഗവര്ണറെ വിസി അറിയിച്ചു. തനിക്കു നടപടിയെടുക്കാന് അധികാരമില്ലെങ്കില് കോടതിയെ സമീപിക്കുകയല്ലേ വേണ്ടത്. സസ്പെന്ഷന് പിന്വലിച്ചെന്ന രജിസ്ട്രാറുടെ വാദം തെറ്റാണ്.
കോടതിയില്ചെന്നു സസ്പെന്ഷന് നിയമപരമാണോയെന്നു തെളിയിക്കട്ടെ. ഇല്ലാത്ത കടലാസ് കോടതിയില് കാണിച്ചെന്നുപറഞ്ഞ് രജിസ്ട്രാര് പരാതി പിന്വലിച്ചു. താന് വിസിയായ സര്വകലാശാലയുടെ മുറ്റത്തും തിരുവനന്തപുരത്തു ഭാര്യവീട്ടില്പോയും അക്രമം കാട്ടി. താന് അവിടെച്ചെന്നാല് പോലീസിനും വിദ്യാര്ഥികള്ക്കും അടികിട്ടും.
2500 ഡിഗ്രി സര്ട്ടിഫിക്കറ്റുകള് ഒപ്പിടാന് വിസിയെ കാത്തുകിടക്കുകയാണെന്ന വാര്ത്ത തെറ്റാണ്. 400 ഡിഗ്രി സര്ട്ടിഫിക്കറ്റുകള് മാത്രമാണുള്ളത്. ഓഫീസില്ചെന്നാല് ഉടന് അതു പൂര്ത്തിയാക്കാനാകുമെന്നും വിസി പറഞ്ഞു.
Kerala
കൊച്ചി: ഡോ. മോഹനന് കുന്നുമ്മലിന് കേരള സര്വകലാശാല താല്കാലിക വിസിയുടെ ചുമതല നല്കിയത് ചോദ്യം ചെയ്ത് നല്കിയ ഹര്ജി ഹൈക്കോടതി തള്ളി.
യുജിസി നിഷ്കര്ഷിക്കുന്ന യോഗ്യതകള് ഇല്ലെന്നാരോപിച്ച് സെനറ്റ് അംഗങ്ങള് നല്കിയ ഹര്ജിയാണ് ചീഫ് ജസ്റ്റീസ് നിതിന് ജാംദാര്, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തള്ളിയത്. സെനറ്റംഗങ്ങളായ ഡോ. എ. ശിവപ്രസാദ്, പ്രിയ പ്രിയദര്ശനന് എന്നിവരാണ് ഹര്ജി നല്കിയത്.
സ്ഥിരം വിസി നിയമനം വൈകിയതിനെ തുടര്ന്നാണ് മുന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്, മോഹനന് കുന്നുമ്മലിന് 2022ൽ താല്കാലിക ചുമതല നല്കിയത്.
60 വയസ് പിന്നിട്ടുവെന്നും ഗവേഷണ ബിരുദം ഇല്ലെന്നും ആരോപിച്ചാണ് ഹര്ജി നല്കിയത്.
എന്നാല് വിസിയുടെ താല്കാലിക ചുമതലയാണ് നല്കിയിരിക്കുന്നതെന്നും അതിനാല് പ്രായം കൂടുന്നത് അയോഗ്യതയല്ലെന്നും യുജിസി മാര്ഗനിര്ദേശത്തില് പ്രഫസര് എന്നേ നിഷ്കര്ഷിക്കുന്നുള്ളൂ ഗവേഷണ ബിരുദം വേണമെന്ന് പറയുന്നില്ലെന്നും മെഡിക്കല് പഠനത്തില് എംബിബിഎസിന് ശേഷം എംഡി എന്നത് ഗവേഷണ ബിരുദത്തിന് തുല്യമായാണ് കണക്കാക്കുന്നതെന്നും ചാന്സലറുടെ അഭിഭാഷകന് അറിയിച്ചു.