എരുമേലി: രഹസ്യ വിവരം കിട്ടി രാത്രി റോഡിൽ കാത്തു നിന്ന എക്സൈസ് സംഘത്തിന്റെ കാത്തിരിപ്പ് വെറുതെയായില്ല. പുലർച്ചെ 2.45 ാടെ സ്കൂട്ടറിൽ വന്ന യുവാവിനെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ രണ്ട് ലക്ഷം രൂപ വിലയുള്ള 1.350 കിലോ കഞ്ചാവ്. മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ മാത്തുക്കുട്ടി എന്ന് വിളിക്കുന്ന അമൽ എബ്രഹാം(28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ കൂവപ്പള്ളി മലബാർ കവലയിലാണ് ഇയാളെ പിടികൂടിയത്.
കേരള എക്സൈസ് പ്രഖ്യാപിച്ച ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പിടികൂടിയ കഞ്ചാവ് ചെറു പൊതികളിലായി വിൽപ്പന നടത്തുമ്പോൾ രണ്ട് ലക്ഷം രൂപയിൽ അധികം ലഭിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്തെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ എക്സൈസ് എരുമേലി റേഞ്ച് ഇൻസ്പെക്ടർ ജി. ശിവകുമാർ പറഞ്ഞു.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർഥികൾക്കും വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ടോജോ ടി. ഞള്ളിയിൽ, അസിസ്റ്റന്റ് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ്, നജീബ്, സിവിൽ ഓഫീസർമാരായ പ്രാശോഭ്, സനൽ മോഹൻദാസ്, ഷെഫീൽ പി. ഷൗക്കത്ത്, വനിത സിവിൽ ഓഫീസർ അഞ്ജലി കൃഷ്ണ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.