കണ്ണനല്ലൂർ: കണ്ണനല്ലൂർ നോർത്ത് ചേരിക്കോണം കള്ളിക്കാട് ചരുവിള പുത്തൻ വീട്ടിൽ അൻസർ ഖാന്റെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ആക്ടീവ സ്കൂട്ടർ കത്തിനശിച്ചു. സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് സംശയിക്കുന്നതായി ഉടമ ആരോപിച്ചു.
ഇന്നലെ പുലർച്ചെ രണ്ടിനാണ് സംഭവം. സ്കൂട്ടറിൽ ഉണ്ടായിരുന്ന പാൻ കാർഡ്, എടിഎം കാർഡ്, ലൈസൻസ് തുടങ്ങിയവ തീയിൽപ്പെട്ടു. വീടിന്റെ കതക്, സിറ്റൗട്ട്, ഭിത്തി, ഫാൻ എന്നിവയ്ക്ക് കെടുപാടുകൾ സംഭവിച്ചു, ഫയർ ഫോഴ്സ് എത്തി തീ അണച്ചതുകൊണ്ട് വീട്ടിലേക്ക് പടർന്നില്ല. കണ്ണനല്ലൂർ എസ്എച്ച്ഒ അഭിലാഷിന്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ചേരീക്കോണം, കള്ളിക്കാട്, പാങ്കോണം വയൽ എന്നീ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് വിപണനവും ഉപയോഗവും സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തണമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി സെക്രട്ടറിമായ ഫൈസൽ കുളപ്പാടം, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവും തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.