കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. സാമ്പത്തിക ഇടപാടുകളിലെ പരാതികളിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഓഡിറ്റ് റിപ്പോർട്ടും കോടതി ഇന്ന് വിശദമായി പരിശോധിക്കും.
സ്വർണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കൂടാതെ കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക പരിശോധന നടത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾ ദേവസ്വം ബോർഡ് തള്ളിക്കളഞ്ഞിരുന്നു.
ക്ഷേത്രത്തിൽ നിന്ന് ഒരു തരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബോർഡിന്റെ വാദം. വിഷയത്തിൽ നിലവിലുള്ള സാഹചര്യം നേരിട്ട് ഹാജരായി വിശദീകരിക്കാൻ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.