ഗുരുവായൂർ: സൂക്ഷ്മപരിശോധനയിൽ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ സ്ഥാനാർഥിത്വത്തെ യുഡിഎഫ് എതിർക്കാതെ നിശബ്ദമായിരുന്നത് യുഡിഎഫ് - ബിജെപി ഡീലിന്റെ ഭാഗമാണെന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. യുഡിഎഫ് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളിക്കാനാണ് ശ്രമിച്ചത്.
1980, 88ലെ പഞ്ചായത്ത് - നഗരസഭ തെരഞ്ഞെടുപ്പ് മുതൽ കോ ലീബി സഖ്യം മണ്ഡലത്തിലുണ്ടായിരുന്നു. രണ്ടായിരത്തിലെ ഗുരുവായൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ഒരു പാനലായാണ് മത്സരിച്ചത്.അന്നു രണ്ടു ബിജെപി കൗൺസിലർമാരെ സൃഷ്ടിച്ചത് യുഡിഎഫാണ്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളിപ്പോയത് യുഡിഎഫും ബിജെപിയും തമ്മിൽ നടത്തിയ സാമ്പത്തിക ഡീലിന്റെ ഭാഗമാണ്. ബിജെപി സ്ഥാനാർഥിയുടെ വർഗീയപരാമർശങ്ങൾ ഗുരുവായൂരിൽ വിലപ്പോവില്ല. ഗുരുവായൂർ ക്ഷേത്രനഗരത്തോട് നിരന്തരം അവഗണന കാണിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്നും എൽഡിഎഫ് പറഞ്ഞു.
എൽഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറി സി. സുമേഷ്, ടി.ടി. ശിവദാസൻ, പി.ഐ. സൈമൺ,പി.കെ. സെയ്താലിക്കുട്ടി, പി.കെ. രാജേശ്വരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Guruvayur nattuvishesham local news