ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ പ്രമുഖ വ്യവസായി മുകേഷ് അംബാനി ദേവസ്വം നിർമിക്കുന്ന മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്കായി 15 കോടിയുടെ ചെക്ക് കൈമാറി. ആശുപത്രി നിർമാണത്തിനുള്ള ആദ്യ ഗഡുവായാണു തുക നൽകിയത്. ഇന്നലെ രാവിലെ ദർശനത്തിനെത്തിയ അംബാനി ആശുപത്രി നിർമാണത്തിനാവശ്യമായ മുഴുവൻതുകയും നൽകാമെന്നും അറിയിച്ചു.
ആനക്കോട്ടയിൽ അത്യാധുനികരീതിയിലുള്ള ലാബ് സൗകര്യം ഒരുക്കുന്നതിനുള്ള മുഴുവൻ കാര്യങ്ങളും ചെയ്തുനൽകാമെന്നും വാഗ്ദാനം ചെയ്തതായി അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ അറിയിച്ചു.
ആനകളുടെ എക്സ്റേ മുതൽ രക്തപരിശോധന, സ്കാനിംഗ് എന്നിവ നടത്തുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഇപ്പോഴത്തെ ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലത്താണു പുതിയ ആശുപത്രി വരുന്നത്. 1.45 ഏക്കറിൽ 82,363 ചതുരശ്രഅടിയിൽ ബേസ്മെന്റ് ഉൾപ്പെടെ അഞ്ചു നിലകളിലായാണു നിർമാണം. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചാലുടൻ നിർമാണം ആരംഭിക്കും.
രാവിലെ ഏഴരയോടെയാണ് മുകേഷ് അംബാനി ദർശനത്തിനെത്തിയത്. പൊതുഅവധി ദിവസം വിഐപി ദർശനത്തിനു നിയന്ത്രണമുണ്ടായിരുന്നതിനാൽ 25 പേർക്കുള്ള നെയ് വിളക്ക് വഴിപാട് ചീട്ടാക്കിയാണ് മുകേഷ് അംബാനിയും കൂടെയുള്ളവരും ദർശനം നടത്തിയത്. സോപാനത്തിൽ കാണിക്കയർപ്പിച്ച് ദർശനം നടത്തിയ അദ്ദേഹത്തിനു മേൽശാന്തി മൂർത്തിയേടത്ത് സുധാകരൻ നന്പൂതിരി പ്രസാദം നൽകി. ശ്രീവത്സത്തിലെത്തിയ മുകേഷ് അംബാനിയെ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണ സമിതിഅംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ എന്നിവർ ചേർന്നു സ്വീകരിച്ചു.
Tags : Mukesh Ambani Guruvayur