Kerala
കോട്ടയം: അഗതിമന്ദിരങ്ങള്, അനാഥാലയങ്ങള്, കന്യാസ്ത്രീ മഠങ്ങള്, ഹോസ്റ്റലുകള് എന്നിവിടങ്ങളില് പാചകവാതക ഗ്യാസ് സിലിണ്ടറുകള് ലഭ്യമാകുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്ദീപ് സിംഗ് പുരിക്ക് കേരള കോണ്ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി കത്തയച്ചു.
വൃദ്ധജന സംരക്ഷണവും രോഗീപരിചരണവും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങള് അടച്ചുപൂട്ടുന്നതിനോ പ്രവര്ത്തനം നിര്ത്തിവയ്ക്കുന്നതിനോ സാധിക്കുകയില്ല.
ഇത്തരം സ്ഥാപനങ്ങളില് പാചകവാതക സിലിണ്ടറുകള് പ്രത്യേക പരിഗണനയോടെ നല്കുന്നതിനു നിര്ദേശം നല്കണമെന്നും കത്തില് ആവശ്യപ്പെട്ടു.
International
അബുദാബി: ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണശാലയായ യുഎഇയിലെ റുവൈസിനെതിരേ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തം. അബുദാബി മീഡിയ ഓഫീസ് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് റിഫൈനറി അടച്ചുപൂട്ടി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അടച്ചുപൂട്ടലെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. റിഫൈനറിയുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
യുഎഇയുടെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്ന ഇറാന്റെ നടപടിക്കെതിരേ ആഗോളതലത്തിൽ ശക്തമായ നീക്കം വേണമെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎഇ പ്രതിനിധി ജമാൽ അൽ മുഷാറഖ് ആവശ്യപ്പെട്ടു.
യുഎഇക്കു പുറമെ ബഹ്റിൻ, ഖത്തർ എന്നിവിടങ്ങളിലേക്കും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇതു മേഖലയിലെ എണ്ണ ഉത്പാദനത്തെയും വിതരണത്തെയും ഗൗരവമായി ബാധിച്ചെന്ന് സൗദി അരാംകോ മുന്നറിയിപ്പ് നൽകി.
വ്യോമ പ്രതിരോധം ശക്തം
യുഎഇക്കുനേരേയുള്ള മിസൈലുകളും ഡ്രോണുകളും തകർക്കുന്നതു തുടരുകയാണെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു. ആകാശത്തുനിന്നു കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയിലെ ഷെയ്ബ എണ്ണപ്പാടത്തിനുനേരേ വന്ന അഞ്ച് ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് ആറു മാസത്തേക്കാവശ്യമായ അവശ്യസാധനങ്ങൾ കരുതിയിട്ടുണ്ടെന്ന് യുഎഇ ധനമന്ത്രാലയം അറിയിച്ചു.
വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും കർശന നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധികസാധനങ്ങൾ വിപണിയിൽ എത്തിക്കാനുള്ള നടപടികളും ഊർജിതമാണെന്നും മന്ത്രാലയവക്താവ് അറിയിച്ചു.
യുഎസ് കേന്ദ്രങ്ങൾ ആക്രമിച്ചു
ഇറാഖ് ബാഗ്ദാദിലുള്ള അമേരിക്കൻ നയതന്ത്രകേന്ദ്രത്തിനുനേരേയും ഡ്രോൺ ആക്രമണമുണ്ടായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കുവൈത്തിലെ ക്യാമ്പ് അരിഫ്ജാനിലുള്ള അമേരിക്കൻ ആസ്ഥാനത്തിനുനേരേ നാല് മിസൈലുകൾ തൊടുത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലും തങ്ങളുടെ ഭൂപ്രദേശത്തു നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണെന്നാണ് ഇറാന്റെ നിലപാട്.
District News
രാമങ്കരി: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും യുദ്ധം അവസാനിപ്പിക്കുവാൻ പ്രധാനമന്ത്രി ഇടപെടണമെന്നും ഫാ.ജോർജ് അവണ്ണൂർ ആവശ്യപ്പെട്ടു. ലോകപ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് വൈഎംസിഎ വേഴപ്ര സെന്റ് പോൾസ് പള്ളിയിൽ നടത്തിയ ലോകസമാധാന പ്രാർത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗൾഫിലും മദ്ധ്യേഷ്യയിലും അടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് ഉത്തരവാദിത്വം ഉണ്ട്. എല്ലാ രാജ്യങ്ങളും ആഗോള സംഭാഷണത്തിലൂടെ സമാധാനം വീണ്ടെടുക്കാൻ അടിയന്തര ശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, ട്രഷറർ കെ. ജെ ജെയിംസ് കൊച്ചുകുന്നേൽ ഭാരവാഹികളായ ടോമിച്ചൻ ചേന്നാട്ടുശ്ശേരി, ജോയിച്ചൻ നടുച്ചിറ, ദേവസിയാച്ചൻ വേഴപ്ര ജെ. കുര്യാക്കോസ് ബാബു വടക്കേകളം സുനിൽ കുര്യാളശേരി തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
പറവൂര്: ശബരിമല സ്വര്ണക്കൊള്ള അന്വേഷണത്തില് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്നും അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അവാസ്തവമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പത്രസമ്മേളനത്തില് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരമായി എസ്ഐടിയുടെ അന്വേഷണം തടസപ്പെടുത്താന് ശ്രമിക്കുകയും അന്വേഷണസംഘത്തിനുമേല് സമ്മര്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.
ഏറ്റവും അവസാനമായി സിപിഎം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ എസ്ഐടിയില് നിയമിച്ചു. സിപിഎം ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ എസ്ഐടിയില് കടന്നുകയറി അന്വേഷണ രഹസ്യങ്ങള് സിപിഎമ്മിനു ചോര്ത്താനുള്ള ശ്രമമാണു നടക്കുന്നത്. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണു സര്ക്കാര് നടത്തുന്നത്.
ഹൈക്കോടതി നിയോഗിച്ച എസ്ഐടി, ഉണ്ണികൃഷ്ണന് പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോയെടുത്തു എന്നല്ല അന്വേഷിക്കേണ്ടത്. ശബരിമലയിലെ സ്വര്ണം കവര്ന്നത് ആരാണ്, എവിടെയാണു വിറ്റത്, ഏതു കോടീശ്വരനാണ് ദ്വാരപാലക ശില്പം നല്കിയത് തുടങ്ങിയ കാര്യങ്ങളാണ്.
സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സിപിഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. വടക്കാഞ്ചേരിയില് യുഡിഎഫ് സ്വതന്ത്രനെ സ്വാധീനിക്കാന് 50 ലക്ഷം രൂപയാണു സിപിഎം നല്കിയത്. ഇതുതന്നെയാണ് മറ്റത്തൂരിലും സംഭവിച്ചത്. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് പണം നല്കി ആളെ സ്വാധീനിക്കാന് ബിജെപിയെപ്പോലെ ശ്രമിക്കുന്നത്.
വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളാണ്. എന്തടിസ്ഥാനത്തിലാണ് കലാപമുണ്ടാക്കാന് പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില് മുഖ്യമന്ത്രിക്കു കീഴിലുള്ള പോലീസ് നടപടിയെടുക്കണ്ടേ. എത്ര ഹീനമായ വര്ഗീയതയാണു പറയുന്നത്. സംഘപരിവാര് നടത്തുന്ന വിദ്വേഷത്തിന്റെ പ്രചാരണമാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര് നടത്തുന്നതെന്നും സതീശന് ആരോപിച്ചു.