ന്യൂഡല്‍ഹി: സ്വകാര്യ വിമാനക്കമ്പനികള്‍ ഈടാക്കുന്ന യാത്രാനിരക്കില്‍ സുപ്രീംകോടതിക്ക് അതൃപ്തി. അമിതവും വിവേചനപരവുമാണ് യാത്രാനിരക്കെന്നാണ് കോടതിയുടെ നിരീക്ഷണം.
രാജ്യത്തെ വിമാന നിരക്ക് ഘടന അടിയന്തരമായി പരിഷ്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാധാരണക്കാരായ യാത്രക്കാര്‍ക്ക് ആശ്വാസം നല്കാന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി. സ്വകാര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം.
ഒരേ ദിവസം ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിവിധ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കോടതി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
ഒരേ സ്ഥലത്തേക്കു പറക്കുന്ന ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഒരു വിമാനക്കമ്പനി 8,000 രൂപ ഈടാക്കുമ്പോള്‍ മറ്റൊരു കമ്പനിയുടെ നിരക്ക് 18,000 രൂപയാണ്. ഇതെന്തു നിരക്കാണെന്നു കോടതി ചോദിച്ചു.
ഇതു വലിയ അപാകതയല്ലേ?. ഒരു മാനദണ്ഡവുമില്ലാതെയാണോ നിരക്കു തീരുമാനിക്കുന്നത്. യാത്രക്കാര്‍ക്ക് ആശ്വാസം നല്കുന്ന തീരുമാനം സര്‍ക്കാര്‍ കുറച്ചെങ്കിലും ആശ്വാസം നല്കാന് സര്‍ക്കാര്‍ ശ്രമിക്കണം. വിമാനക്കൂലിയില്‍ നിയന്ത്രണം ഉണ്ടാകണമെന്നും കോടതി പറഞ്ഞു.
ഉത്സവ സീസണുകളിലും പ്രകൃതിദുരന്തങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോഴും വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കൂട്ടുന്നുണ്ട്.
ഇതാകട്ടെ നൂറിരട്ടിയും മുന്നൂറിരട്ടിയുമാണ്. ഇത് ചൂഷണമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ലഗേജ് പരിധി കുറച്ചതും ഹർജിക്കാരൻ ചോദ്യം ചെയ്തു. സുപ്രീംകോടതി കേസ് കൂടുതല്‍ വാദത്തിനായി ജൂലൈ 13-ലേക്ക് മാറ്റിവച്ചു.
Tags : Supreme Court central government intervene airline exorbitant fares