Kerala
കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയം കോൺഗ്രസിൽ കൊടുമ്പിരി കൊണ്ടിരിക്കെ ഇന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ചർച്ചയാകുന്നു. മലപ്പുറത്ത് മിന്നലേറ്റു മരിച്ച നാലുകുട്ടികൾക്ക് അടിന്തരമായി സഹായം നൽകണമെന്ന് കേരളത്തിലെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ആവശ്യപ്പെടുന്നു എന്ന വാക്കാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചോ എന്ന സംശയമാണ് നിരീക്ഷകരിൽ ശക്തമായിരിക്കുന്നത്. ചീഫ് സെക്രട്ടറിയോട് ആധികാരികതയോടെ ആവശ്യപ്പെടുന്നു എന്നു കുറിച്ചത് അതിന്റെ സൂചനയാണെന്നു പലരും കരുതുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.
വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്. എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ആസൂത്രിതമായി നടന്ന പ്രചാരണവും സോഷ്യൽ മീഡിയ കാമ്പയിനുമൊക്കെ കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.
പലതലങ്ങളിൽ നടന്ന ചർച്ചകൾക്കു ശേഷം ഇന്നു പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനംഉണ്ടാകുമെന്നാണ് കരുതുന്നത്.
പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന് പിന്തുണ നല്കിയതില് കോൺഗ്രസ് നിയുക്ത എംഎൽഎയ്ക്കുനേരേ പരസ്യപ്രതിഷേധവുമായി പ്രവർത്തകർ. നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിനെയാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.
നാദാപുരത്തെ സ്വകാര്യ പരിപാടിയിലാണ് എതിർപ്പ് അറിയിച്ചത്. അതേസമയം പ്രതിഷേധം ഉണ്ടായിട്ടില്ലെന്ന് അഭിജിത് അറിയിച്ചു.
മുകുൾ വാസിനികിന്റെ ഫോട്ടോയിൽ തന്റെ പേരും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും ആ എഐ ചിത്രം ശരിയല്ലെന്ന് അറിയിക്കുകയാണ് ചെയ്തതെന്നും അഭിജിത് പറഞ്ഞു. 15 മിനിട്ടുനേരത്തെ സംസാരത്തിന്റെ 15 സെക്കന്ഡ് മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും അഭിജിത് പറഞ്ഞു.
Kerala
കണ്ണൂർ: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കെ.സുധാകരന്റെയും കെ.സി.വേണുഗോപിലിന്റെയും ഗ്രൂപ്പുകൾ സംയുക്ത യോഗം ചേർന്നു. കണ്ണൂരിലെ കെ.സുധാകരന്റെ വീട്ടിലാണ് ഗ്രൂപ്പ് നേതാക്കൾ ഒത്തുകൂടിയത്.
കൂടാളി മണ്ഡലം പ്രസിഡന്റ് പ്രസാദ്, മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എൽ. ജി. ദയാനന്ദ്, ഡിസിസി സെക്രട്ടറി വി. ആർ. പ്രസാദ്, എന്നിവരാണ് കെ. സുധാകരന്റെ വീട്ടിൽ എത്തിയത്. വ്യക്തിപരമായ സന്ദർശനമാണെന്ന് നേതാക്കൾ പറഞ്ഞു. എത്തിയവരെല്ലാം കെ.എസ് പക്ഷക്കാരാണ്.
കെ. മുരളീധരൻ, കെ.സുധാകരൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് കണ്ണൂരിലെ ഗ്രൂപ്പ് യോഗം. മുൻ പിസിസി അധ്യക്ഷന്മാരെയാണ് ഹൈക്കമാൻഡ് വിളിപ്പിച്ചത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ കെ.സി.വേണുഗോപാലിനെ തള്ളാതെ സന്ദീപ് വാര്യർ. മുകുൾ വാസ്നിക്കിന്റെ കൈയിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല. ആരെയാണ് പിന്തുണച്ചതെന്ന് പുറത്തുപറയില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
മുകുൾ വാസ്നിക്കിന്റെ കൈയിലുള്ള പട്ടികയിൽ കെ.സി.വേണുഗോപാലിനാണ് സന്ദീപ് വാര്യരുടെ പിന്തുണ. ഇതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുന്നത്.
ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള സമയത്താണ് കോൺഗ്രസിൽ വന്നത്. ഒരുപക്ഷെ മാറ്റിനിർത്തമായിരുന്ന എന്നെ ചേർത്ത് നിർത്തിയത് കോൺഗ്രസ് പാർട്ടിയാണ്. മുസ്ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
ന്യൂഡൽഹി: വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് കെ.സി.വേണുഗോപാൽ. വനിതാ സംവരണത്തെ അട്ടിമറിച്ചത് ബിജെപിയാണ്. 543 അംഗ സഭയിൽ മൂന്നിൽ ഒന്ന് സംവരണം നൽകാൻ കേന്ദ്ര സർക്കാർ തയാറാകണം.
വനിതകളുടെ പേരിൽ ബിൽ കൊണ്ടുവന്ന് പാസാക്കാം എന്നാണ് ബിജെപി കരുതിയത്. ജനാധിപത്യം അട്ടിമറിക്കാനായിരുന്നു ശ്രമം. അത് പൊളിഞ്ഞതിലുള്ള നിരാശ ബിജെപിക്കുണ്ടെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. അതേസമയം രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപിയും.
വനിതാ സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ സ്ത്രീകൾ തെരുവിലിറങ്ങുമെന്ന് ബിജെപി നേതാക്കള് വ്യക്തമാക്കി. ബിൽ പാസാക്കാൻ ഇനിയും ശ്രമം നടത്തുമെന്നും അവർ പറഞ്ഞു.
Kerala
ആലപ്പുഴ: അയ്യപ്പന്റെ സ്വർണം കട്ടവരെയും ജനങ്ങളെ പ്രളയത്തിൽ മുക്കിക്കൊന്നവരെയും ജനകീയ കോടതി ശിക്ഷിക്കുന്ന ദിവസമാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. കേരളം ഭരിക്കാൻ ഞാനല്ലാതെ മറ്റാരുണ്ട് എന്ന പിണറായി വിജയന്റെ അഹങ്കാരത്തിനെതിരെ കേരളം ഇന്നു വിധിയെഴുതും.
പത്തുവർഷം സഹിച്ചു. ഇനി അഞ്ചുവർഷം കൂടി സഹിക്കാനാകില്ലെന്ന് ജനം തീരുമാനിക്കും. കേരളത്തെ പണം കൊടുത്തു വാങ്ങാമെന്നു ബിജെപി കരുതിയിട്ടുണ്ടെങ്കിൽ അതിനുള്ള തിരിച്ചടിയും ജനം നൽകും. രാവിലെ മുതലുള്ള കനത്ത പോളിംഗ് കേരളത്തിൽ യുഡിഎഫ് തരംഗം അലയടിക്കുമെന്നതിന്റെ സൂചനയാണ്.
കേരളത്തെ ദുരിതത്തിൽ മുക്കിയ പ്രളയം മനുഷ്യനിർമിതമായിരുന്നുവെന്ന് ഒരു മന്ത്രി തന്നെ തുറന്നു പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. ശബ്ദരേഖ വ്യാജമാണെങ്കിൽ കേസ് കൊടുക്കാത്തത് എന്താണ്. സിപിഎമ്മിലെ തെറ്റായ പ്രവണതകൾക്കെതിരെ എന്നും ശബ്ദമുയർത്തിയിരുന്നത് വി.എസ്. അച്യുതാനന്ദൻ ആയിരുന്നു.
വി.എസിന്റെ അഭാവത്തിലാണ് ജി.സുധാകരൻ അത്തരം കാര്യങ്ങൾക്കെതിരെ രംഗത്തു വന്നതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. വി.എസ് ഉണ്ടായിരുന്നെങ്കിൽ ജി.സുധാകരനു വോട്ടു ചെയ്യുമായിരുന്നോ എന്ന ചോദ്യത്തിന് നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം ഓർമയില്ലേ എന്നായിരുന്നു കെ.സിയുടെ മറുപടി.
Kerala
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്ഥി ഫാത്തിമ തഹ്ലിയായ്ക്കെതിരെ സിപിഎം വര്ഗീയ പ്രചാരണം നടത്തുകയാണെന്ന് കെ.സി.വേണുഗോപാല് എംപി. ഫാത്തിമ തഹ്ലിയയ്ക്കെതിരെ സിപിഎം നടത്തുന്നത് സമാനതകളില്ലാത്ത വര്ഗീയ പ്രചാരണമാണ്.
പരാജയ ഭീതി ബാധിച്ച സിപിഎം തീവ്ര വര്ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഷാഫി പറമ്പിലിന് എതിരെ കാഫിര് സ്ക്രീന് ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്ദ്ധ വളര്ത്താന് ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്.
പച്ചയ്ക്ക് വര്ഗീയത പറഞ്ഞും ജനങ്ങളില് വിദ്വേഷവും വളര്ത്തിയും തെരഞ്ഞെടുപ്പില് ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്റേത്. മത വര്ഗീയത ആളിക്കത്തിക്കാന് ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്.
സിപിഎമ്മും എല്ഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ പാപ്പരത്തിന്റെയും തെളിവാണിത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്ക്ക് വിരുദ്ധമാണ് സിപിഎമ്മിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. 26 ദിവസത്തിനുള്ളിൽ കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കും. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കെ.സിയുടെ പ്രതികരണം. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി.സുധാകരനുമായി സംസാരിച്ചിട്ടില്ല. അമ്പലപ്പുഴ സീറ്റിന്റെ കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും.
കണ്ണൂരിലെ സീറ്റിന്റെ കാര്യത്തിൽ അതൃപ്തി പ്രകടമാക്കിയ കെ. സുധാകരനുമായി സംസാരിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി പ്രേംകുമാർ ചർച്ച നടത്തി.
പാർട്ടിയിലെത്തിയാൽ മികച്ച പരിഗണന നൽകുമെന്ന് പ്രേംകുമാറിന് കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകി. തിങ്കളാഴ്ച കൂടുതൽ കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. താൻ കോളജിൽ പഠിച്ചപ്പോൾ കെഎസ്യുക്കാരനായിരുന്നു.
തന്റെ പിതാവ് കോൺഗ്രസ് പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ സര്ക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് പ്രേംകുമാര് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ പ്രേംകുമാറിനെ ബന്ധപ്പെട്ടത്.
യാത്രയയപ്പിനുള്ള സമയം പോലും നല്കാതെയാണ് തന്നെ സ്ഥാനത്തു നിന്ന് നീക്കിയത്. സര്ക്കാരിനെ വിമര്ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കാക്കത്തത് ഇരട്ട നീതിയാണെന്നും പ്രേംകുമാര് പറഞ്ഞിരുന്നു.
സിപിഎം നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ ഐഷ പോറ്റി അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പി.കെ.ശശിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
Kerala
കോട്ടയം: നാടിനെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആഗോള അയ്യപ്പ സംഗമം മറ്റൊരു കൊള്ളയായി മാറിയിരിക്കുകയാണ്.
ശബരിമലയിലെ സ്വർണക്കൊള്ളയെ വെള്ള പൂശാനായാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. എന്നാൽ ആ സംഗമം തന്നെ വൻകൊള്ളയായി മാറി. ഇതെല്ലാം ഹൈക്കോടതി അന്വേഷിച്ച് കണ്ടെത്തേണ്ട അവസ്ഥയാണെന്നത് ഗൗരവമായ വിഷയമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
അമ്പലം നടത്തിപ്പിനായി ചുമതലപ്പെടുത്തിയവർ നടത്തുന്ന കൊള്ള നിയന്ത്രിക്കാൻ ഇവിടെ ഒരു സർക്കാരില്ല. അവരെ പ്രോത്സിഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിശ്വാസികൾ അല്ലാത്തവർ ഭരിക്കുമ്പോൾ അവരുടെ കണ്ണ് സമ്പത്തിൽ മാത്രമാണെന്നതിന്റെ തെളിവാണ് ഈ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: എ.കെ. ബാലന്റെ പ്രസ്താവന തനി വർഗീയത വിളമ്പുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
അത് എ.കെ. ബാലനെ കൊണ്ട് പറയിച്ചതാണെന്നും കുരുടൻ ആനയെ കണ്ടത് പോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തോറ്റാൽ അതിന്റെ കാരണം ഉൾക്കൊള്ളണം. എൽഡിഎഫ് കേരള സമൂഹത്തിൽ വർഗീയതയുടെ വിഷം വമിപ്പിക്കുന്നു. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണം. എ.കെ. ബാലന്റേത് പച്ച വർഗീയതയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വർണകൊള്ളയുടെ വ്യാപ്തി കൂടുകയാണ്. പദ്മകുമാറിനെതിരെ നടപടി എടുക്കാൻ പാർട്ടി ഇപ്പോഴും തയാറല്ല. എസ്ഐറ്റിക്ക്മേൽ തുടക്കം മുതലേ സമ്മർദ്ദമുണ്ട്. എസ്ഐറ്റി കേരളസർക്കാരിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് കോടതി മേൽനോട്ടത്തിലുള്ള വേറൊരു ഏജൻസി കേസ് അന്വേഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
ദേശീയപാതയിൽ ഓരോ ദിവസവും വിള്ളലുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എൻഎച്ച് 66-ൽ സുരക്ഷാ പരിശോധന നടത്തും. കായംകുളം, ഓച്ചിറ, പായിൽ കുളങ്ങര തുടങ്ങിയ ഇടങ്ങളിൽ പില്ലർ സ്ട്രക്ചർ ആക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും.
കേരളത്തിലെ ആരോഗ്യ വകുപ്പിന് നിരന്തരമായി വീഴ്ച സംഭവിക്കുന്നു. അതെല്ലാം മറച്ചുവയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ആശുപത്രികളിൽ സ്റ്റാഫ് ഇല്ല, മരുന്ന് ഇല്ല, അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ല.
കേരളത്തിലെ ചികിത്സ പിഴവുകളിൽ ആവശ്യമായ രീതിയിൽ അന്വേഷണം നടക്കുന്നില്ല. ഒരു അന്വേഷണത്തിലും ചികിത്സ പിഴവ് ഉണ്ടെന്ന് ഇന്നേ വരെ കണ്ടെത്തിയിട്ടില്ല. കുറ്റം മറച്ചു വയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. നമ്പർവൺ ആണെന്ന് പറച്ചിൽ മാത്രമാണ്.
ആലപ്പുഴയിൽ എസ്ഡിപിഐ സഹായത്തോടെ മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റിഷിപ്പ് നേടാൻ സിപിഎം പരസ്യമായി നടപടി എടുത്തിരിക്കുകയാണ്.
എല്ലാ സ്ഥലങ്ങളിലും വൻഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള ക്രമീകരണങ്ങളുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. നിയമസഭാ ഇലക്ഷനിൽ എല്ലാവരും ഒറ്റക്കെട്ടായി മത്സരിക്കും, ജയിക്കും. അതിനുശേഷം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
ന്യൂഡല്ഹി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത സംഭവത്തില് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കേരള പോലീസ് കാണിച്ചത് കാട്ടുനീതിയാണെന്നും പോലീസ് നടപടി ഇരട്ടത്താപ്പാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയാണ്. ഇപ്പോള് കേരളത്തില് ആകെ പരിരക്ഷ ഉള്ളത് പിണറായി വിജയന് മാത്രമാണ്. ഒരാള്ക്കും വിമര്ശിക്കാന് കഴിയാത്ത ഒരാളായിട്ട് അദ്ദേഹം മാറിയിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന് ആരും എതിരല്ല.
ഈ ഒരു കേസില് അദ്ദേഹത്തിന്റെ വീട് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതി കണ്ടാല് വീട് വളഞ്ഞിട്ട് കൊലക്കേസിലെ പ്രതിയെ പിടികൂടുന്ന പോലെ ഉണ്ട്. എന്താണ് ഉദ്ദേശിക്കുന്നത്?.
ഇത്തരമൊരു കാട്ടാളത്ത സംസ്കാരം എവിടെ നിന്നാണ് കിട്ടിയത്. ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണിത്?. ഇവിടെ നരേന്ദ്രമോദിയും അമിത് ഷായും നടത്തുന്ന അതേ കാര്ബണ് പതിപ്പാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചെയ്യുന്നത്.
ശബരിമല കേസില് ഡി മണി ഒളിവില് പോയിട്ട് കുറെനാളായല്ലോ, പിടിക്കാന് പറ്റിയോ?. സത്യത്തില് രാഷ്ട്രീയ വിരോധം തീര്ക്കാന് പോലീസിനെ ഉപയോഗിക്കുകയാണ്. നിയമത്തിന് എതിരാണെങ്കില് ആരും എതിര് പറയില്ല. എഐ ഫോട്ടോ ആണെങ്കില് എല്ലാവര്ക്കും ബാധകമല്ലേയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
Kerala
തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ വേട്ടയാടപ്പെടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല് എംപി. യുപിയിൽ ക്രിസ്മസിന് സ്കൂളുകൾക്ക് അവധിയില്ല.
അന്നേ ദിവസം മുന് പ്രധാനമന്ത്രി അടല് ബിഹാരി വാജ്പേയിയുടെ ജന്മദിനം ആഘോഷിക്കാന് നിര്ദ്ദേശം നൽകിയിരിക്കുകയാണ്. ഇതു വഴി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി വ്യക്തമാക്കി.
മോദി ഭരണത്തില് രാജ്യം സങ്കുചിത ചിന്താഗതികളിലേക്ക് ചുരുങ്ങി. ന്യൂനപക്ഷങ്ങള് വേട്ടയാടപ്പെടുന്നത് തുടര്ക്കഥയായിമാറിയെന്നും കെ.സി.വേണുഗോപാല് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് തരംഗമായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ രചയിതാവ് കുഞ്ഞബ്ദുള്ളയ്ക്ക് പിന്തുണയുമായി കോൺഗ്രസ്. നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കുഞ്ഞബ്ദുള്ളയെ ഫോണിൽ വിളിച്ചാണ് പിന്തുണയറിയിച്ചത്. നിയമ പോരാട്ടത്തിൽ എല്ലാ വിധ സഹായങ്ങളും ഉറപ്പുനൽകിയ അദ്ദേഹം പാട്ടെഴുതിയതിനെ അഭിനന്ദിക്കുകയും ചെയ്തു. കേരളം ഒട്ടാകെയിന്ന് ഏറ്റുപാടുന്ന പാരഡി ഗാനത്തിന്റെ ശിൽപി ജി.പി. കുഞ്ഞബ്ദുള്ളയുമായി ഫോണിൽ സംസാരിച്ചു.
അത്രയേറെ ആകർഷിച്ച വരികൾക്ക് മനസിൽ തട്ടി അഭിനന്ദനമറിയിക്കുകയും ചെയ്തു. കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നുണ്ടാകുമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെ.സി.വേണുഗോപാൽ സമൂഹമാധ്യമത്തിൽക്കുറിച്ചു.
Kerala
തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി കെ.സി.വേണുഗോപാൽ എംപി. ദേശീയപാത അഥോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിന് കാരണം.
ദേശീയപാത അഥോറിറ്റി മറുപടി പറയണം. ദേശീയപാത നിർമാണത്തിന് പിന്നിൽ വൻ അഴിമതിയാണ്. ഇത് മറച്ചുവെക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ആക്ഷൻ ടേക്കൻ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണം. ഇത്തരത്തിലുള്ള പരാതികൾ ഉയർന്നുവരുന്നുണ്ട്. പ്രധാന നിർമാണ ജോലികൾ നടക്കുന്ന ഇടങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരില്ല. എല്ലാം കരാറുകാർക്ക് വിട്ടു കൊടുത്തിരിക്കുകയാണ്.
കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥർ ദേശീയപാത നിർമാണം നിരീക്ഷിക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു
Kerala
തിരുവനന്തപുരം: എംഎല്എ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുല് ആണ് തീരുമാനിക്കേണ്ടതെന്നും ആരോപണം ഉണ്ടായപ്പോൾ തന്നെ പാർട്ടി നിലപാടെടുത്തതാണെന്നും എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല്.
ഇത്തരം വിഷയങ്ങളില് പാർട്ടിയുടെ അന്തസ് ഉയര്ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം. കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാർട്ടിയുടെ ഇമേജ് നിലനിർത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി ഇത്തരത്തില് ഒരു തീരുമാനം എടുത്തിരിക്കുന്നത്. അത് എഐസിസി അഗീകരിക്കുകയും ചെയ്തു.
കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി ഏറ്റവും വേഗത്തില് എടുത്ത ഒരു തീരുമാനമാണിത് എന്നും കെ.സി. വേണുഗോപാല് മാധ്യമങ്ങളോട് പറഞ്ഞു.