District News
കാസര്‍ഗോഡ്: കെഎസ്ഇബിയുടെ വൈദ്യുതി വിതരണ ശൃംഖലകളില്‍ ബാനറുകള്‍, ഫ്ലക്സ് ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവ സ്ഥാപിക്കരുതെന്ന് കാസറഗോഡ് ഇലക്ട്രിസിറ്റി സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ അറിയിച്ചു. ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഗുരുതരമായ വൈദ്യുതി അപകടങ്ങള്‍ക്ക് കാരണമാകാനിടയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധവും 2003-ലെ കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ശിക്ഷാര്‍ഹവുമായ കുറ്റവുമാണ്.
മഴയും കാറ്റുമുള്ള സമയങ്ങളില്‍ നനഞ്ഞ ബാനറുകളോ ഫ്ലക്സുകളോ വൈദ്യുതി ലൈനുകളില്‍ മുട്ടുന്നത് വഴി വന്‍ ദുരന്തങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ ലൈനുകളിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനായി കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതതൂണുകളില്‍ കയറുന്നതിന് ഇത്തരം ബോര്‍ഡുകള്‍ വലിയ തടസം സൃഷ്ടിക്കുന്നുണ്ട്. ശക്തമായ കാറ്റില്‍ ഫ്ലക്സുകള്‍ പറന്നുപോയി ലൈനുകളില്‍ കുടുങ്ങുന്നത് വഴി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനും പ്രദേശം ആകെ വൈദ്യുതി മുടങ്ങാനും ഇതു കാരണമാകുന്നു.
ആയതിനാല്‍ പൊതുജനങ്ങളും വിവിധ സംഘടനകളും രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളും വൈദ്യുതി ശൃംഖലകളിലോ അതിന് സമീപത്തോ ഇത്തരം സാമഗ്രികള്‍ സ്ഥാപിക്കുന്നതില്‍ നിന്നു പൂര്‍ണമായി വിട്ടുനില്‍ക്കണം. ഒപ്പം വൈദ്യുതി തൂണുകളില്‍ അനുമതിയില്ലാതെ പെയിന്റ് ചെയ്യുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. വൈദ്യുതി സുരക്ഷ ഉറപ്പാക്കാനുള്ള കെഎസ്ഇബി യുടെ ശ്രമങ്ങളോട് എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്ഇബിയിൽ "ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് ’എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി.
വൈദ്യുതി ബോർഡിൽ നടപ്പാക്കുന്ന കരാർ പ്രവൃത്തികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായാണ് കണ്ടെത്തൽ.
കരാറുകാരിൽനിന്ന് കമ്മീഷൻ ഇനത്തിൽ കൈക്കൂലിപ്പണം കൈപ്പറ്റുന്ന ചില ഉദ്യോഗസ്ഥർ കരാർ പ്രവൃത്തികളിൽ പരിശോധന നടത്താതെ ബിൽ മാറി പണം അനുവദിക്കുന്നു.
ഉപ യോക്താക്കളുടെ എനർജി ഉപയോഗം കണക്കാക്കാനുള്ള മീറ്റർ റീഡിംഗിൽ കൃത്രിമം നടത്തി അനധികൃത കിഴിവുകൾ പലയിടത്തും നൽകുന്നു. എനർജി മീറ്ററുകൾ തകരാറിലാക്കുകയോ തകരാറായതായി കാണിച്ചു മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നു. ഇതു ബോർഡിന് വലിയ സാന്പത്തികനഷ്ടമുണ്ടാക്കുന്നു.
കെഎസ്ഇബിയിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്താനായി വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നിർദേശ പ്രകാരം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ ഇന്നലെ രാവിലെ 10.30 മുതലാണ് വിജിലൻസ് മിന്നൽ പരിശോധന തുടങ്ങിയത്.
പല ഓഫീസുകളിലും രാത്രി വൈകിയും പരിശോധന തുടരുകയാണ്. ഓഫീസുകളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈറ്റുകളിൽകൂടി പരിശോധന നടത്തിയ ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുകയുള്ളൂവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala
ആലപ്പുഴ: വിആർഎസ് എടുത്ത ആലപ്പുഴ കെഎസ്ഇബി സബ് എഞ്ചിനിയറുടെ മൃതദേഹം മണിമലയാറ്റിൽ. ആലപ്പുഴ വണ്ടാനം ആറ്റുപുറം രഘുനാഥ് തങ്കപ്പന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്.
നവംബർ 30ന് ജോലിയിൽനിന്ന് വിആർഎസ് എടുത്ത രഘുനാഥിനെ ഏതാനും ദിവസങ്ങളായി കാണാതായിരുന്നു. രഘുനാഥിന്റെ മൊബൈൽ ഫോൺ, പേഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം ആറ്റിൽ പൊന്തിയത്.