Kerala
കുമരകം: ഭക്ഷ്യവിഷബാധയെത്തുടര്ന്ന് യുവാവ് മരിച്ചതായി ആരോപണം. കുമരകം മൂന്നാം വര്ഡില് പള്ളിക്കൂടംപറമ്പില് പരേതനായ സാലിയുടെ മകന് ജ്യോതിഷ് (41) ഇന്നലെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കേ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമാണെന്നാണ് നാട്ടുകാര് സംശയിക്കുന്നത്.
കുമളി സ്വദേശികളായ ഗള്ഫില്നിന്ന് അവധിക്കെത്തിയ മൂന്ന് യുവാക്കളും കുമരകം സ്വദേശികളായ നാലു യുവാക്കളും ഹൗസ് ബോട്ട് യാത്രയ്ക്കിടെ അയ്മനം തൊള്ളായിരം ഭാഗത്തുള്ള ഒരു ഷാപ്പില്നിന്നും മീന് തലകറിയും കള്ളും വാങ്ങി ഹൗസ് ബോട്ടില് ഇരുന്നു കഴിച്ചിരുന്നു.
ഇവരില് അഞ്ചു പേര്ക്കാണു വയറിളക്കവും വേദനയും ചര്ദിലുമുണ്ടായത്. ഇവരില് ഒരാളായ ജ്യോതിഷാണു മരിച്ചത്. നാലു പേര് ഇപ്പോഴും ചികിത്സയിലാണ്. രണ്ടു പേര്ക്ക് രോഗ ലക്ഷണങ്ങള് ഇല്ല.
പരിശോധനയില് ക്രിയാറ്റിനിന് ഒന്പതു ശതമാനത്തിലധികമായിരുന്നതിനാലാണു വിഷബാധയാണെന്നു ഡോക്ടര്മാര് സംശയം പ്രകടിപ്പിച്ചത്. ഭാര്യ: വീണ കളപ്പുര (കുമരകം കണ്ണാടിച്ചാല്), മക്കള്: രുദ്രപാല, രുദ്രതീര്ഥ് (ഇരുവരും എസ്കെഎം പബ്ലിക് സ്കൂള് വിദ്യാര്ഥികള്).
District News
കുമരകം: അറേബ്യൻ നാടുകളിൽ മാത്രമല്ല വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തെ കായൽ മണ്ണിലും സുലഭമായി വളരുകയും വിളയുകയും ചെയ്യും ഈന്തപ്പനയും ഈന്തപ്പഴവും.
കുമരകം 16-ാം വാർഡിൽ ചൂള ഭാഗം റോഡരികിലെ ശ്രാമ്പിച്ചിറ പ്രവീണിന്റെ വീട്ടുമുറ്റത്ത് ഭാര്യ സുമി നട്ടുവളർത്തിയ അഞ്ച് ഈന്തപ്പനകളിലൊന്നിലാണ് നിറയെ ഈന്തപ്പഴം വിളഞ്ഞു കിടക്കുന്നത്.ഇവർ പുതിയ വീട് നിർമിച്ചപ്പോൾ ഭംഗിക്കായി മറ്റു ചെടികൾ കൂടാതെ പനയും നട്ടുവളർത്താൻ ആഗ്രഹിച്ചു.
എണ്ണപ്പന നട്ടുവളർത്തുന്നത് ഉചിതമല്ലെന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിലുള്ള സുഹൃത്ത് ഗൾഫിൽനിന്നെത്തിച്ചു നൽകിയതാണ് ഈന്തപ്പന തൈകൾ. ഒന്നര വർഷം പിന്നിട്ടപ്പോൾ അഞ്ച് ഈന്തപ്പനകളും പൂവിട്ടു. ഒരു പനയിൽ കായ്കൾ നിറയെ ഉണ്ടായി. ഏപ്രിൽ പകുതിയോടെയാണ് കായ്കൾ ഉണ്ടായത് മറ്റു നാലു പനകളും ഒരുപോലെ തന്നെ വളർന്നു പൂവിട്ടങ്കിലും കായ്കൾ ഉണ്ടായില്ല.
ജൈവവളങ്ങൾ മാത്രമാണ് പ്രയോഗിക്കുന്നതെന്ന് സുമി പറഞ്ഞു. പനങ്കുലകൾ നിറയെ കായ്കളുണ്ടായിരുന്നെങ്കിലും കുറെയൊക്കെ കൊഴിഞ്ഞുവീണു. കായ്കൾ പഴുത്തു തുടങ്ങുന്നതോടെ മഞ്ഞ നിറവും പൂർണമായി പഴുക്കുമ്പോൾ കറുപ്പു കൂടിയ തവിട്ടു നിറവുമാകും. കായ്കൾക്ക് നല്ല മധുരവും ഉണ്ട്. താമസം വിന മറ്റ് നാലു പനകളിലും ഈന്തപ്പഴം കായ്ക്കുമെന്ന് പ്രവീണും സുമിയും അഭിപ്രായപ്പെട്ടു. കോട്ടയം തെള്ളകത്ത് സുമീസ് കിച്ചൻ റസ്റ്ററന്റിന്റെ ഉടമകളാണിരുവരും.
Kerala
കോട്ടയം: ബ്രിക്സ് രാജ്യങ്ങള് ചേര്ന്ന് പ്രവന്റീവ് ആൻഡ് ട്രഡീഷണല് മെഡിസിന് സെന്റർ രൂപീകരിക്കുന്നതിന്റെ ഭാഗമായി കുമരകത്ത് നവംബറില് 11 രാജ്യങ്ങളിലെ പ്രതിനിധികള് പങ്കെടുക്കുന്ന സമ്മേളനം നടക്കുമെന്ന് ചാണ്ടി ഉമ്മന് എംഎല്എ അറിയിച്ചു.
റഷ്യന് പാര്ലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമയില് നടന്ന സമ്മേളനത്തില് വിവിധ രാജ്യങ്ങളില് നിന്നുള്ള പ്രതിനിധികള് പങ്കെടുത്തിരുന്നു .അവിടെ കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതികളെക്കുറിച്ചും ആയുര്വേദത്തിന്റെ സാധ്യതകളെക്കുറിച്ചും പങ്കെടുത്ത് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളുടെ പരമ്പരാഗത ചികിത്സാരീതികളെ ഏകോപിപ്പിച്ച് ശാസ്ത്രീയമായി വികസിപ്പിക്കുകയും ആഗോളതലത്തില് പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് പ്രിവന്റീവ് ആന്റ് ട്രഡീഷ്ണല് മെഡിസിന് സെന്റര് സ്ഥാപിക്കുന്നത്.
ഇതിനായി ഉമ്മന്ചാണ്ടി ഫൗണ്ടേഷന് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വാകത്താനത്ത് സ്ഥലം കണ്ടെത്തി നല്കും. കുമരകത്ത് നവംബര് 12,13,14 തിയതികളിലാണ് 11 രാജ്യങ്ങളിലെ നൂറോളം പ്രതിനിധികള് പങ്കെടുക്കുന്ന സമ്മേളനം.
Kerala
കോട്ടയം: ന്യൂറോളജി-ന്യൂറോ സര്ജറി ഡോക്ടര്മാരുടെ സംഘടനയായ കൈരളി ന്യൂറോസയന്സ് സൊസൈറ്റിയുടെ വാര്ഷിക സമ്മേളനം കായലോരം ഇന്നു മുതല് മാര്ച്ച് ഒന്നു വരെ കുമരകം ബാക്ക് വാട്ടേഴ്സ് റിപ്പിള്സില് നടക്കും.
ബ്രെയിന്വേവ്സ് ബൈ ദ ബാക്ക് വാട്ടേഴ്സ് വിഷയത്തില് മൂന്നുദിവസത്തെ സമ്മേളനം ചര്ച്ച നടത്തും. ഇന്നു ശില്പശാല നടക്കും. നാളെ വൈകുന്നേരം അഞ്ചിന് കെഎന്എസ് രക്ഷാധികാരി ഡോ. രാജശേഖരന് നായര് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനം മാര്ച്ച് ഒന്നിന് ഉച്ചയ്ക്ക് ഒന്നിനു നടക്കും. കോട്ടയം ന്യൂറോ ക്ലബും സ്മൃതി ചാരിറ്റബിള് ട്രസ്റ്റും സഹകരിച്ചാണ് സമ്മേളനം നടത്തുന്നത്.
District News
കുമരകം: കുമരകം വീണ്ടും സിനിമക്കാരുടെ ഇഷ്ടലൊക്കേഷനായി മാറുന്നു. നീണ്ട ഇടവേളയ്ക്ക് ഒടുവിൽ ഇലവൺ ഐക്കൺസിന്റെ ബാനറിൽ ഷഹദ് സംവിധാനം ചെയ്യുന്ന കോട്ടയം സ്വദേശി കൂടിയായ വിജയരാഘവൻ മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ’ സിനിമയുടെ ചിത്രീകരണമാണ് ഇന്നലെ മുതൽ കവണാറ്റിൻകര-ചീപ്പുങ്കൽ ഭാഗത്ത് പുരോഗമിക്കുന്നത്.
വിജയരാഘവനെ കൂടാതെ പാർവതി തിരുവോത്ത്, വിനയ് ഫോർട്ട്, മാത്യു തോമസ് തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നതിനൊപ്പം ആസിഫ് അലി ഗസ്റ്റ് റോളിലും എത്തുന്നുണ്ട്.
2019 ഡിസംബറിൽ റിലീസ് ചെയ്ത മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമ ‘പ്രതി പൂവൻ കോഴി’യുടെ ഷൂട്ടിംഗിന്റെ ഭൂരിഭാഗവും നടന്നത് കുമരകത്തായിരുന്നു.
മുൻ വർഷങ്ങളിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലുള്ള സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു കുമരകം. നെൽപാടങ്ങളും തോടുകളും വേമ്പനാട്ടുകായലിന്റെ മനോഹാരിതയും ഒക്കെയാണ് കുമരകം സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനായി മാറിയതിനുള്ള കാരണം.
കോട്ടയം, കുമരകം, കുത്താട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ’ സിനിമ ഓണത്തിനു തിയറ്ററുകളിൽ എത്തുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
Kerala
കുമരകം: കോണത്താറ്റ് പാലം നിർമാണത്തിനായി ആശുപത്രി തോടിന് കുറുകെ നിർമിച്ച താത്കാലിക ബണ്ട് വർഷങ്ങൾക്ക് ശേഷം പൊളിച്ചു തുടങ്ങി. ആറുമാസങ്ങൾ കൊണ്ട് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ബണ്ട് പൊളിച്ചുമാറ്റും എന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാൽ നാല് വർഷം പാലം നിർമാണം നീണ്ടതോടെ തോട്ടിലെ നീരൊഴുക്കും തടസപ്പെട്ടു.
നീരക്ക് ഒഴുക്ക് തടസപ്പെടാതിരിക്കാൻ കോൺക്രീറ്റ് തൂമ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും ബണ്ടിന്റെ ഇരുവശങ്ങളിലും പോളയും പുൽക്കെട്ടും തിങ്ങി നിറഞ്ഞതോടെ പ്രതിസന്ധിയായി. നീരൊഴുക്ക് ദീർഘകാലം നിലച്ചതോടെ തോട്ടിലെ വെള്ളം മലിനമാകുകയും ചെയ്തു.
ബണ്ട് പൊളിക്കാതെ കിടന്നത് ജലമാലിന്യമാകുന്നതിനു മാത്രമല്ല മത്സ്യത്തൊഴിലാളികളും സമീപ പാടശേഖരങ്ങളിലെ കർഷകരും നേരിട്ടുകൊണ്ടിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു. പാലം നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി പാലം തുറന്നുകൊടുത്തിട്ട് മാസങ്ങളായിട്ടും ബണ്ട് പൊളിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ താത്കാലിക ബണ്ട് പൊളിച്ചുനീക്കുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന വാഗ്ദാനം.
Kerala
കുമരകം: കുമരകത്ത് നിയന്ത്രണംവിട്ട പാഴ്സല് ലോറി രണ്ടു വൈദ്യുതി പോസ്റ്റുകള് ഇടിച്ചു തകര്ത്തശേഷം പാലത്തില് ഇടിച്ചു നിന്നു.
ഇന്നു രാവിലെ കുമരകം പള്ളിച്ചിറക്ക് സമീപമാണ് അപകടമുണ്ടായത്. റോഡരികില് ആളുകള് ഇല്ലാതിരുന്നതിനാല് അപകടം ഒഴിവായി.
ഡ്രൈവര്മാരുടെ അശ്രദ്ധയും മയക്കവുമാണ് അടുത്തിടെ നടന്ന അപകടങ്ങള്ക്ക് പിന്നിലെന്നാണ് കുമരകം പോലീസിന്റെ വിലയിരുത്തല്. കുമരകം പോലീസ് സ്ഥലത്തെത്തി മേല്നടപടികള് സ്വീകരിച്ചു.
Kerala
കുമരകം: കുമരകം എട്ടാം വാര്ഡ് പൊങ്ങലകരി മാതപ്പശേരി ഭാഗത്ത് കാണാതായി നാട്ടുകാരെ ആശങ്കയിലാക്കിയ അജ്ഞാതൻ ഒടുവിൽ വെളിച്ചത്ത്. നാട്ടുകരും കുമരകം പോലീസും തെരച്ചില് നടത്തിയിട്ടു രാത്രി കണ്ടെത്താന് കഴിയാതിരുന്ന അജ്ഞാതനെ ബുധനാഴ്ച രാവിലെയാണ് നസ്രത്തു പള്ളിക്കു സമീപത്തുനിന്നു കണ്ടെത്തിയത്. ഇതോടെ നാട്ടുകാർക്ക് ആശ്വാസമായി.
ചൊവാഴ്ച വൈകുന്നേരത്തോടെയാണു മാതപ്പശേരി ഭാഗത്ത് 400-ാം ചിറയില് അജ്ഞാതന്റെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊങ്ങലകരി പാലത്തിനുസമീപം കറുത്ത വസ്ത്രം ധരിച്ച ഇതരസംസ്ഥാനക്കാരനെന്നു സംശയം തോന്നിക്കുന്ന ആളെയാണ് ഇന്നലെ നാട്ടുകാരില് ചിലര് കണ്ടത്. പ്രദേശത്തെ കാടുപിടിച്ച സ്ഥലത്തേക്ക് അജ്ഞാതന് കയറിപ്പോയതായി നാട്ടുകാരില് ചിലര് പറഞ്ഞതോടെ വാര്ഡ് അംഗം നീതു റെജി വിവരം കുമരകം പോലീസില് അറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുംചേര്ന്നു പ്രദേശത്ത് ഏറെനേരം തിരച്ചില് നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. കാഴ്ചയില് അവശനായി തോന്നിക്കുന്ന ആളാണ് എന്നാണ് നാട്ടുകാര് പറഞ്ഞത്. മാധപ്പശേരിയില്നിന്നും മുത്തന്റെ നട റോഡുവഴി നസ്രത്തു പള്ളി റോഡില് ഇയാള് എത്തുകയായിരുന്നു എന്നാണു കരുതുന്നത്. കണ്ടെത്തിയ വിവരം പോലീസില് അറിയിച്ചു. പോലീസ് ഇയാളില്നിന്നും വിവരങ്ങള് ചോദിച്ച് തുടര് നടപടികള് സ്വീകരിക്കും.
Kerala
കോട്ടയം: കുമരകത്ത് നാലു കാറുകള് കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ 9.15ന് ക്നായി തൊമ്മന് ഡിജിറ്റല് സ്റ്റുഡിയോയുടെ മുന്നിലാണു അപകടമുണ്ടായത്. കുമരകം ഭാഗത്തു നിന്നും കവണാറ്റിന്കര ഭാഗത്തേക്ക് പോയ കാറുകളാണ് ഒന്നിനു പിന്നില് ഓരോന്നായി കൂട്ടിയിടിച്ചത്.
ഒരു ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന് മുന്നില് പോയ കാര് പെട്ടന്ന് നിര്ത്തിയതോടെ പിന്നാലെ വന്ന കാറുകള് ഒരോന്നിന്റെയും പിന്നിലായി ഇടിക്കുകയായിരുന്നു. യാത്രക്കാര്ക്കു കാര്യമായ പരിക്കുകള് ഇല്ലെങ്കിലും കാറുകള്ക്ക് കേടുപാടുകള് സംഭവിച്ചു.
District News
കുമരകം: കുമരകത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണത്തിൽ തടസങ്ങൾ വന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. ഒട്ടേറെ പ്രദേശങ്ങളിൽ ആഴ്ചകളായിട്ട് പൈപ്പുവെള്ളം ലഭിക്കുന്നില്ല.
ചെങ്ങളത്തെ ശുദ്ധീകരണ പ്ലാന്റിൽനിന്ന് പമ്പുചെയ്യുന്ന വെള്ളം പൂർണമായും കുമരകത്തെ ജലസംഭരണികളിൽ എത്താത്തതാണ് ജലവിതരണത്തിലെ പ്രതിസന്ധിക്കു പ്രധാന കാരണം. ഇതിനു പുറമേ പ്രധാന പൈപ്പുലൈനിൽ പലപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചോർച്ചയും പ്രതിസന്ധിക്കു കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം കോണത്താറ്റ് പാലത്തിനു സമീപത്തും കുമരകം പുത്തൻപള്ളിക്കു സമീപവും വലിയ ചോർച്ച കണ്ടെത്തി. ഇവ പരിഹരിക്കാനായിട്ടില്ല. ചോർച്ച പരിഹരിച്ച് ജലവിതരണം കാര്യക്ഷമമാക്കുമെന്നാണ് വാട്ടർ അഥോറിട്ടി അധികൃതർ പറയുന്നത്.
Kerala
കോട്ടയം: പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില് പാര്ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്തവർക്കെതിരെ നടപടിയുമായി ബിജെപി. കുമരകം പഞ്ചായത്തിലെ മൂന്ന് അംഗങ്ങളെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്നും പുറത്താക്കി.
പി.കെ.സേതു, വി.കെ.സുനിത്, നീതു റെജി എന്നിവരെയാണ് പുറത്താക്കിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. കുമരകം പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡന്റായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എ.പി. ഗോപിക്ക് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തിരുന്നു. ഇതോടെയാണ് യുഡിഎഫ് അട്ടിമറി വിജയം നേടിയത്. അംഗങ്ങള്ക്ക് വാട്സാപ്പില് വിപ്പ് അയച്ചിരുന്നു.
വിപ്പ് ലംഘിച്ചാണ് വോട്ടിംഗ് നടന്നത്. ഇത് അംഗീകരിക്കില്ലെന്നും ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന് ലാല് വ്യക്തമാക്കി.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കുത്തക ഡിവിഷനുകളിൽ എൽഡിഎഫിനും യുഡിഎഫിനും കാലിടറി. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കുമരകത്ത് യുഡിഎഫിലെ പി.കെ വൈശാഖ് അട്ടിമറി വിജയം നേടി. എൽഡിഎഫിലെ എസ്. അംഗരീസിനെ 1654 വോട്ടുകൾക്കാണ് വൈശാഖ് തറപറ്റിച്ചത്.
വാശിയേറിയ പോരാട്ടം നടന്ന അതിരമ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി ജിം അലക്സ് വിജയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിലിനെയാണ് ജിം പരാജയപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞാണ് ജിം കേരള കോൺഗ്രസ് എമ്മിൽ ചേർന്നത്. 2015 ലെ തെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ജിം അലക്സ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
Kerala
കുമരകം: കുമരകം ചീപ്പുങ്കൽ തോട്ടിൽ ബന്ധിച്ചിരുന്ന ഹൗസ് ബോട്ട് മുങ്ങിത്താണു. ഹൗസ് ബോട്ടിലുണ്ടായിരുന്ന യുപി സ്വദേശികളായ ദമ്പതികളെയും എട്ടു വയസായ കുട്ടിയെയും ഹൗസ് ബോട്ടിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് സമീപത്തുണ്ടായിരുന്ന ശിക്കാര വള്ളത്തിൽ കയറ്റി രക്ഷിച്ചു.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ ഡുമിന്റെ തകരാറാണ് വെള്ളം കയറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
യാത്രക്കാരുടെ ലാപ്ടോപ്പും രണ്ട് മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടു. വിദഗ്ധ സംഘമെത്തി മുങ്ങിക്കിടന്ന ഹൗസ് ബോട്ടുയർത്തി. ഡബിൾ റൂം ഉള്ള ഹൗസ് ബോട്ടിനു തകരാറുകൾ സംഭവിച്ചിട്ടുണ്ട്.
District News
കോട്ടയം: സ്ഥാനാർഥിയുടെ പേരു കേൾക്കുന്പോൾ വോട്ടർമാർക്ക് കൗതുകം. പിന്നെ ചോദ്യമായി? എന്താ ചേട്ടാ ഈ പേരിന്റെ അർഥം? ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെ ഇടതു സ്ഥാനാര്ഥിയുടെ പേരിലാണ് പ്രത്യേകത. അഡ്വ. എസ്. അംഗിരസ് എന്നാണ് പേര്. സപ്ത ഋഷിമാരിലൊരാളാളുടെ പേരാണ് അംഗിരസ്. കുമരകം നെടിയകളത്തില് സദാശിവന് എന്ന അംഗിരസിന്റെ പിതാവ് മകനെ സ്കൂളില് ചേര്ക്കാനായി എത്തിയപ്പോള് മകനു പുതുമയുള്ള ഒരു പേരിടണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് അംഗിരസ് എന്ന പേരിട്ടത്. സ്കൂളിലും കോളജിലും അംഗി എന്ന് എല്ലാവരും വിളിച്ചിരുന്ന അംഗിരസ് ഇപ്പോള് സ്ഥാനാര്ഥിയായതോടെ വോട്ടര്മാരുടെ അംഗി ചേട്ടനായി.
കുമരകം എസ്എന് കോളജില് ഡിഗ്രി വിദ്യാര്ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അംഗിരസ് കോളേജ് യൂണിയന് ചെയര്മാനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും കുമരകം നേച്ചര് ക്ലബ് ജോയിന്റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്. ജില്ലാ കോടതിയില് അഭിഭാഷകനായ അംഗിരസ് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രവര്ത്തകനാണ്. ഭാര്യ ഡോ. കീര്ത്തി കാജല് (മെഡിക്കല് ഓഫീസര്, കുമരകം സിഎച്ച്സി). യുഡിഎഫ് സ്ഥാര്ഥിയായി നിലവിലെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്ഗ്രസ് നേതാവുമായ പി.കെ. വൈശാഖും എന്ഡിഎ സ്ഥാനാര്ഥിയായി ബിഡിജെഎസിലെ സാന്റപ്പനും മത്സരിക്കുന്നു.
Business
കോട്ടയം: സംരംഭക സമ്മേളനമായ ടൈകോണ് കേരള 21, 22 തീയതികളില് കുമരകം സൂരിയില് നടക്കും. പുതിയ ബിസിനസ് ആശയങ്ങള്, അവസരങ്ങള്, നെറ്റ് വർക്കിംഗ്, ഫണ്ടിംഗ് എന്നിവക്ക് സമ്മേളനം വേദിയൊരുക്കും.
സെലിബ്രേറ്റിംഗ് എന്റർപ്രണര്ഷിപ്പ് എന്ന പ്രമേയത്തില് രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികള്, മാനേജ്മെന്റ് വിദഗ്ധര്, നിക്ഷേപകര്, മെന്റർമാര്, ഇന്നൊവേറ്റര്മാര്, സര്ക്കാര് പ്രതിനിധികള് എന്നിവര് സമ്മേളനത്തില് ഒത്തുകൂടും. സംരംഭകര്, സ്റ്റാര്ട്ടപ്പുകള്, യുവപ്രഫഷനലുകള്, സാങ്കേതിക, മാനേജ്മെന്റ് വിദ്യാര്ഥികള് എന്നിവര് പ്രതിനിധികളായെത്തും. 21ന് രണ്ടിനു സമ്മേളനം ആരംഭിക്കും.
എഫ്എംസിജി ബ്രാന്ഡായ കാവിന്കെയറിന്റെ സ്ഥാപകനും ചെയര്മാനുമായ സി.കെ. രംഗനാഥന് പ്രസംഗിക്കും. കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയല് ഡവലപ്മെന്റ് കോര്പറേഷന് ചെയര്മാന് സി. ബാലഗോപാല് മുഖ്യാതിഥിയാകും.
അപക്സ് ഹോസ്പിറ്റല് ഡയറക്ടറും, ടൈ ഗ്ലോബല് ബോര്ഡ് ഓഫ് ട്രസ്റ്റീസ് മെമ്പറുമായ ഷീനു ജാവര്, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ കേരള വൈസ് പ്രസിഡന്റും ടൈകോണ് കേരള ചെയറുമായ ഡോ. ജീമോന് കോര എന്നിവര് പ്രസംഗിക്കും.
District News
കുമരകം: ലൈസൻസില്ലാതെ അമിത പലിശയ്ക്ക് പണമിടപാട് നടത്തുന്ന വ്യക്തിയെ കുമരകം പോലീസ് പിടികൂടി.
പാണ്ടൻ ബസാറിലുള്ള സജീവിനെയാണ് പോലീസ് പിടികൂടി കേസെടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 68,648 രൂപയും ഡയറികളും പിടിച്ചെടുത്തു.
ജില്ലയൊട്ടാകെ നടത്തുന്ന പോലീസ് പരിശോധനയുടെ ഭാഗമായിട്ടാണ് കുമരകം പോലീസ് റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ സജീവിനെ റിമാൻഡ് ചെയ്തു.
District News
കുമരകം: കുമരകം നിവാസികള്ക്കു വെള്ളപ്പൊക്കമെന്നത് പണ്ടു വര്ഷകാലത്ത് മാത്രമായെത്തുന്ന അതിഥിയായിരുന്നുവെങ്കില് ഇന്നു കുമരകത്തെ നിത്യസന്ദര്ശകനായ വില്ലനായി മാറിയിരിക്കുന്നു.
കുമരകത്തെ ഭൂരിഭാഗം പ്രദേശങ്ങളിലെയും ആറുകളും തോടുകളും ചെറുചാലുകളുമെല്ലാം പോളയും പുല്ക്കെട്ടുകളും തിങ്ങിനിറഞ്ഞും എക്കലും ചെളിയും അടിഞ്ഞും നീരൊഴുക്ക് നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. വര്ഷങ്ങള്ക്കുമുന്പ് കുമരകത്ത് വേമ്പനാട്ട് കായലിലേക്ക് വെള്ളം ഒഴുകിപ്പോയിരുന്നതും ജല ഗതാഗതത്തിനും മറ്റും ഉപയോഗിച്ചിരുന്ന പല തോടുകളും ഇപ്പോള് നാമമാത്രമായി മാറി.
പല തോടുകളും ഓടകള്ക്കു സമാനമായി എന്നു പറയുന്നതില് ഒട്ടും അതിശയോക്തിയില്ല. ഭരണാധികാരികള്ക്ക് ഇതൊന്നും അറിവില്ലാത്ത കാര്യമല്ല. എന്നാൽ, ഈ ദുരിതത്തിന് ശാശ്വതപരിഹാരം കണ്ടെത്താന് ആരും ശ്രമിക്കുന്നില്ല.
മുന്കാലങ്ങളില് വെള്ളപ്പൊക്കം ഉണ്ടായാല് നാല്, അഞ്ച് ദിവസങ്ങള്കൊണ്ട് വെള്ളം ഇറങ്ങിപ്പോകുമായിരുന്നു. കഴിഞ്ഞ രണ്ട് മൂന്നു വര്ഷങ്ങളായി ഈ അവസ്ഥ മാറിയിട്ടുണ്ട്. കിഴക്കന് വെള്ളവും പെയ്ത്തൂ വെള്ളവും കൃത്യമായി കായലിലേക്കും തുടര്ന്ന് കടലിലേക്കും ഒഴുകിപ്പോകുന്നതിന് ഉണ്ടായിട്ടുള്ള തടസങ്ങള് ഏറെയാണ്.
കുമരകത്തിന്റെ ഹൃദയഭാഗമായ കുമരകം മത്സ്യമാര്ക്കറ്റിന്റെ സമീപത്തുകൂടി ഒഴുകിയിരുന്ന തോട് ഇപ്പോള് ഓടയായി മാറിക്കഴിഞ്ഞു. മുന്കാലങ്ങളില് മത്സ്യത്തൊഴിലാളികള് ഈ തോട്ടിലൂടെ വള്ളത്തിലെത്തി മത്സ്യവ്യാപാരം നടത്തിയിരുന്നുവെന്നത് ഇപ്പോഴത്തെ അവസ്ഥ കണ്ടാല് ആരും വിശ്വസിക്കില്ല.
മാത്രമല്ല, ഇപ്പോള് ഈ തോട് കുപ്പത്തൊട്ടിയായും മാറി. ഇതുപോലെ നിരവധി തോടുകളാണു കുമരകത്തിന്റെ വിവിധ പ്രദേശങ്ങളില് വീതി കുറഞ്ഞും എക്കലും ചെളിയും അടിഞ്ഞും നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്. കുമരകത്തിന്റെ പ്രവേശനകവാടമായ രണ്ടാം കലുങ്ക് തോട്, ഒന്നാം കലുങ്ക് തോട് തുടങ്ങി ഉദാഹരണങ്ങള് ഏറെയാണ്.
വര്ഷകാല ആരംഭത്തില്ത്തന്നെ വെള്ളപ്പൊക്കത്തെ നേരിടേണ്ടി വരുന്ന അവസ്ഥ, ലോകത്തിലെതന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില് ഒന്നായ കുമരകത്തിന്റെ പ്രശസ്തിക്കും മങ്ങലേൽപ്പിക്കുന്നു.
മികച്ച ടൂറിസം ഗ്രാമം എന്ന പദവിക്കൊപ്പം, ദുരിതം പേറുന്ന ഗ്രാമമെന്ന പദവിയും കുമരകത്തിന് അനുയോജ്യമായി തീര്ന്നിരിക്കുകയാണ്. തോടുകള് റോഡുകള്ക്കായി ശോഷിച്ചതും പാലങ്ങളുടെ കാലുകളില് പോളയും വലിയ പുല്ക്കെട്ടുകളും തങ്ങിനില്ക്കുന്നതും നീരൊഴുക്കിനെ സാരമായി ബാധിക്കുന്നു. കുമരകത്തെ പ്രധാന തോടുകളിലൊന്നായ കോട്ടത്തോട്ടില് ചന്തഭാഗത്തെ പാലങ്ങളില് പുല്ക്കെട്ടുകള് തങ്ങി നില്ക്കുന്നതു സ്ഥിരം കാഴ്ചയാണ്.
യാത്രാ ദുരിതം മാറാന് പുതുക്കിപ്പണിയാന് പൊളിച്ച കോണത്താറ്റു പാലവും ഇപ്പോള് വെള്ളപ്പൊക്കദുരിതത്തിനു കാരണമാകുന്നുണ്ട്. പാലം പണിയാന് നിര്മിച്ച താത്കാലിക ബണ്ട് ആശുപത്രി തോട്ടിലൂടെയുള്ള നീരൊഴുക്കിനെ തടസപ്പെടുത്തുന്നു. പാലം നിര്മാണത്തിനായി പൈലിംഗ് നടത്തിയപ്പോള് ഉണ്ടായ ചെളിയും എക്കലും കോട്ടത്തോട്ടില് ഒഴുകിയെത്തിയതും നീരൊഴുക്ക് നിലയ്ക്കാന് പ്രധാന കാരണമാണ്.
ശ്രീനാരായണ മത്സര വള്ളംകളി നടക്കാന് ഏതാനും മാസം ബാക്കിനില്ക്കേ എക്കലും ചെളിയും നിറഞ്ഞ് ആഴംകുറഞ്ഞ തോടിന്റെ അവസ്ഥ വള്ളംകളിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കുമരകത്തെ ജലോത്സവപ്രേമികള് പങ്കുവയ്ക്കുന്നുണ്ട്. വേമ്പനാട്ടു കായലിലും ചെറുതോടുകളിലും കൈയേറ്റം നടക്കുന്നുവെന്ന കാര്യം പലതവണ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടും കാര്യക്ഷമമായ നടപടികള് ഉണ്ടായിട്ടില്ലെന്നത്കൈയേറ്റങ്ങള് തുടരുവാന് പ്രേരകമാകുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പഞ്ചായത്തും ജലസേചന വകുപ്പും മുന്കൈയെടുത്ത് കുമരകത്തെ തോടുകൾ പുനരുദ്ധരിച്ച് നീരൊഴുക്ക് വർധിപ്പിക്കുന്നതിലൂടെ ഗ്രാമീണ ടൂറിസം മേഖലയ്ക്കു പുത്തനുണര്വ് ഉണ്ടാകുന്നതോടൊപ്പം കുമരകം നിവാസികള്ക്കു കൂടുതല് തൊഴിലവസരങ്ങള് ലഭ്യമാകുകയും ചെയ്യും.
വര്ഷകാലം പിന്വാങ്ങാന് ഇനിയും ആഴ്ചകള് ബാക്കിനില്ക്കവേ, വീണ്ടുമൊരു വെള്ളപ്പൊക്ക ദുരിതമനുഭവിക്കുവാന് അവസര മൊരുക്കരുതേ എന്നാണ് നാട്ടുകാരുടെ അഭ്യര്ഥന.
District News
കുമരകം: കുമരകത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മാർക്കറ്റ് ചെറിയൊരു മഴ പെയ്യുന്പോഴേ വെള്ളത്തിൽ മുങ്ങുകയാണ്. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെയും പഞ്ചായത്ത് അധികൃതരെയും വിവരം ധരിപ്പിച്ചെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് വ്യാപാരികളുടെ ആക്ഷേപം.
പഞ്ചായത്തിലെ പ്രധാനപ്പെട്ട മത്സ്യവ്യാപാരവും പലചരക്കു വ്യാപാരങ്ങളും ഉൾപ്പെടെ നടക്കുന്ന പ്രദേശത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലമുള്ള ദുർഗന്ധവും ഉപഭോക്താക്കൾക്ക് എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടും ഏറെയാണ് .
മഴവെള്ളം ഒഴുകിപ്പോകുന്നതിനായുള്ള സംവിധാനമില്ലാത്തതാണ് വലിയ വെള്ളക്കെട്ടിന് കാരണം. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ടു വെള്ളക്കെട്ട് ദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.