കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്തു മത്സരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ. പത്തനാപുരത്തല്ലാതെ എവിടെ പോകാനാണ്. ഞാൻ പത്തനാപുരത്ത് തന്നെ മത്സരിക്കും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യും.
പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരത്തുകാരെ തനിക്ക് നല്ല വിശ്വാസമാണ്. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം പത്തനാപുരത്തുകാർക്കാണ്.
ഞാൻ അവരുടെ മന്ത്രിയാണ്, അവരുടെ എംഎൽഎയാണ്. അവരാണ് മന്ത്രിയും എംഎൽഎയുമാക്കിയത്. അതിനാൽ പത്തനാപുരത്തു നിന്ന് മാറില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനാപുരം നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിൽ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണ കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയെ പരാജയപ്പെടുത്തിയാണ് ഗണേഷ്കുമാർ നിയമസഭയിലെത്തിയത്.
പത്തനാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്യോതികുമാർ ചാമക്കാല തന്നെയാകും ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി.