Kerala
കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. പെരുമ്പാവൂർ മേതലയിൽ കല്ലിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിൽ വെള്ളിയാഴ്ചയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ ഉള്ളിലുണ്ടായിരുന്ന പ്ലൈവുഡ് ഉത്പന്നങ്ങൾ പൂർണമായും അഗ്നിക്കിരയായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സ്ഥാപനത്തിലെ ഡ്രൈയറിന്റെ ഭാഗത്താണ് ആദ്യം തീ പിടിച്ചത്.
പിന്നീട് പല ഭാഗങ്ങളിലേക്കായി പടരുകയായിരുന്നു. തീപിടിത്ത സമയത്ത് കെട്ടിടത്തിന്റെ ഉള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഉടൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
Kerala
കൊച്ചി: രാഹുകാലം കഴിയാതെ ഓഫീസിലേക്ക് കയറില്ലെന്ന് നഗരസഭാധ്യക്ഷ നിലപാട് എടുത്തതോടെ ഉദ്യോഗസ്ഥരും ഓഫീസ് ജീവനക്കാരും കാത്തിരുന്നത് 45 മിനിറ്റ്. പെരുമ്പാവൂർ നഗരസഭാധ്യക്ഷ കെ.എൻ.സംഗീതയാണ് രാഹുകാലം കഴിയാനായി 45 മിനിറ്റോളം കാത്തിരുന്നത്.
വെള്ളിയാഴ്ച രാവിലെ 11.15 നാണ് സംഗീതയുടെ സത്യപ്രതിജ്ഞ കഴിഞ്ഞത്. തുടർന്ന് ഉദ്യോഗസ്ഥർ സംഗീതയെ ഓഫീസിലേക്ക് സ്വാഗതം ചെയ്തെങ്കിലും 12 വരെ രാഹുകാലമാണെന്നും അതിനുശേഷം ചുമതല ഏറ്റെടുക്കാമെന്നുമാണ് സംഗീത അറിയിച്ചത്.
തുടർന്ന് ഉദ്യോഗസ്ഥർ കാത്തിരുന്നു. ഒപ്പം പുതിയ ചെയർപേഴ്സൻ ഔദ്യോഗിക കസേരയിൽ ഇരിക്കുന്നതു കാണാനായി പാർട്ടി പ്രവർത്തകരും. തുടർന്ന് രാഹുകാലം കഴിഞ്ഞതോടെ നഗരസഭാധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
Kerala
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ - കോലഞ്ചേരി റൂട്ടില്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. പട്ടിമറ്റത്തുനിന്നു പെരുമ്പാവൂര്‍ക്ക് വരുകയായിരുന്ന ബസില്‍ പെരുമ്പാവൂരില്‍ നിന്നെത്തിയ ടോറസാണ് ഇടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടോറസ് ബസിന് നേരെ ഇടിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട യാത്രക്കാരെ നാട്ടുകാരും പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ സ്വകാര്യ ബസിനു പിറകെ വന്ന ബൈക്ക് യാത്രകാര്‍ക്കും പരിക്കുണ്ട്.
ഫയര്‍ഫോഴ്സ് ഓഫീസര്‍ അരുണ്‍ പി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
Kerala
പെരുമ്പാവുർ: പെരുമ്പാവുരിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മൗലൂദ് പുരയിലെ മരം മുറിക്കുന്ന സ്വകാര്യ കമ്പനിയുടെ ഷെഡിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾ ശനിയാഴ്ച ഈ കമ്പനിയിൽ തൊഴിൽ തേടിയെത്തിയിരുന്നു എന്നാണ് വിവരം. പെരുമ്പാവുർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
പെരുമ്പാവൂർ∙ ജാതിത്തോട്ടത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ കൃഷ്ണൻകുട്ടി റോഡിൽ മനയ്ക്കപ്പടി അന്നമ്മ(84) ആണ് മരിച്ചത്.
തോട്ടുവയിൽ പെരിയാറിന് സമീപമുള്ള പുരയിടത്തിൽ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപെട്ടിട്ടുണ്ട്.
രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടനാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.