National
ന്യൂഡൽഹി: 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് ദുരന്തത്തിൽ വിമാനനിർമാണകന്പനിയായ ബോയിംഗ് നടത്തിയ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പാർലമെന്റിൽ വിശദീകരിച്ച് വ്യോമയാനമന്ത്രി. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഇന്ധനനിയന്ത്രണ സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനം കൃത്യമായി പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതായി വ്യോമയാന സഹമന്ത്രി മുരളീധര് മൊഹോൾ പാർലമെന്റിനെ അറിയിച്ചു.
ബോയിംഗ് നടത്തിയ പരിശോധനകളില് ഇന്ധനനിയന്ത്രണ സ്വിച്ചിലോ ലോക്കിംഗ് സംവിധാനത്തിലോ പിഴവുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ഈ വിമാനങ്ങള്ക്ക് യാത്രാവിലക്ക് ഏര്പ്പെടുത്തിയതിനെത്തുടര്ന്ന് സിവില് ഏവിയേഷന് ഡയറക്ടറേറ്റ് ജനറല് (ഡിജിസിഎ) തുടര്ച്ചയായ പരിശോധനകള്ക്ക് ഉത്തരവിട്ടിരുന്നു.
അതേസമയം വിമാനത്തിന്റെ ത്രസ്റ്റ് കണ്ട്രോള് മോഡ്യൂളിന്റെ വിശദമായ പരിശോധന ബോയിംഗിന്റെ യുഎസ് സിയാറ്റിലിലുള്ളകേന്ദ്രത്തിൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞവർഷം ജൂണ് 12നാണ് ലണ്ടനിലേക്കുള്ള എഐ171 ബോയിംഗ് 787 ഡ്രീം ലൈനര് അഹമ്മദാബാദില് തകര്ന്നത്. ജീവനക്കാരുള്പ്പെടെ വിമാനത്തിലെ 242 പേരില് ഒരാള്മാത്രമാണു രക്ഷപ്പെട്ടത്.
International
ഒട്ടാവ: 1985ലെ എയർ ഇന്ത്യ ഭീകരാക്രമണക്കേസിലെ പ്രതിയായിരുന്ന റിപുദമൻ സിംഗ് മാലിക്കിനെ വെടിവച്ചു കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക്, മറ്റൊരു കൊലപാതകക്കേസിൽ കാനഡയിലെ കോടതി 15 വർഷംകൂടി കഠിനതടവ് വിധിച്ചു.
25 കാരനായ താനർ ഫോക്സ് എന്നയാൾക്കാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡ് സ്വദേശിയായ ചാഡ് കോളിവസ് (41)നെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ലഭിച്ചത്.
മാലിക്കിന്റെ വധത്തിനു മുമ്പു നടന്ന സംഭവത്തിലാണ് ഇപ്പോൾ കോടതി വിധിവന്നത്. കവർച്ചാശ്രമത്തിനിടെ ആയുധമില്ലാതിരുന്ന ചാഡ് കോളിവസിനെ താനർ ഫോക്സ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
2022 ജൂലൈ 14നാണ് എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരോപണവിധേയനായിരുന്ന വ്യവസായി റിപുദമൻ സിംഗ് മാലിക്കി(75)നെ കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
വാടകക്കൊലയാളിയായ താനർ ഫോക്സും കൂട്ടാളിയും ചേർന്നു നടത്തിയ ആക്രമണത്തിലാണ് റിപുദമൻ സിംഗ് കൊല്ലപ്പെട്ടത്.
329 പേരുടെ മരണത്തിനിടയാക്കിയ 1985ലെ എയർ ഇന്ത്യ കനിഷ്ക വിമാനദുരന്തക്കേസിൽ പ്രതിയായിരുന്ന റിപുദമൻ സിംഗ് മാലിക്കിനെ 2005ൽ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
National
രാജ്യത്തെ ഏറ്റവും സന്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദം സ്വന്തമാക്കുകയെന്ന സ്വപ്നം സഫലീകരിക്കാതെയാണ് അജിത് പവാർ വിടവാങ്ങിയത്. അതേസമയം, ഇന്ത്യയിൽ മറ്റാർക്കുമില്ലാത്ത റിക്കാർഡ് അജിത് പവാറിനുണ്ട്. ആറു തവണയാണ് അദ്ദേഹം മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായത്. കോൺഗ്രസും ശിവസേനയും ബിജെപിയും നേതൃത്വം നല്കിയ സർക്കാരുകളിൽ അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ചു.
കഠിനാധ്വാനിയായ രാഷ്ട്രീയ നേതാവ് എന്നറിയപ്പെട്ടിരുന്ന അജിത്തിന്റെ കൃത്യനിഷ്ഠ പ്രശംസനീയമായിരുന്നു. പിതൃസഹോദരനും മറാഠ രാഷ്ട്രീയത്തിലെ പ്രബലനുമായ ശരദ് പവാറിന്റെ കൈപിടിച്ചാണ് അജിത് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. ബാരാമതിയിൽനിന്ന് എട്ടു തവണ നിയമസഭാംഗമായ ഇദ്ദേഹം ഒരുവട്ടം ലോക്സഭയിലുമെത്തി.
2023ൽ എൻസിപി പിളർത്തി ബിജെപി മുന്നണിക്കൊപ്പം ചേർന്നതാണ് "ദാദ’എന്നറിയപ്പെടുന്ന അജിത് പവാറിന്റെ രാഷ്ട്രീയജീവിതത്തിലെ സുപ്രധാന വഴിത്തിരിവ്. ശരദ് പവാറിന്റെ നിഴലിൽനിന്നു മാറാൻ ദാദ തീരുമാനിക്കുകയായിരുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയെ കൈവെള്ളയിലെന്നപോലെ കൊണ്ടുനടന്ന പവാർകുടുംബത്തിൽ ആദ്യമായി അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. ഇളയച്ഛനുമായുള്ള പോരിൽ അജിത്തിനായിരുന്നു വിജയം. കൂടുതൽ എംഎൽഎമാരുടെ പിന്തുണ അദ്ദേഹം നേടി. പാർട്ടിയുടെ പേരും ചിഹ്നവും അജിത് സ്വന്തമാക്കി. പാർട്ടി സ്ഥാപകൻ ശരദ് പവാറിന്റെ പാർട്ടിക്ക് എൻസിപി (എസ്പി) എന്ന പേരാണു ലഭിച്ചത്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് അജിത് പവാറിന്റെ പാർട്ടി നേരിട്ടത്. ഒരേയൊരു സീറ്റിൽ പാർട്ടി വിജയിച്ചപ്പോൾ എട്ടു പേർ ശരദ് പവാർപക്ഷത്തുനിന്നു ലോക്സഭയിലെത്തി. അജിത്തിന്റെ ഭാര്യ സുനേത്ര ബാരാമതിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയോടു പരാജയപ്പെട്ടു.
എന്നാൽ, അഞ്ചു മാസത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അജിത്പക്ഷ എൻസിപി ഉജ്വല വിജയം നേടി. 57 സീറ്റിൽ മത്സരിച്ച പാർട്ടി 41 സീറ്റാണു നേടിയത്. ഉപമുഖ്യമന്ത്രിസ്ഥാനവും അജിത്തിനു ലഭിച്ചു. ശരദ് പവാറിന്റെ എൻസിപി (എസ്പി) വെറും പത്തു സീറ്റിലൊതുങ്ങി.
മുന്പും ബിജെപിക്കൊപ്പം ചേർന്ന ചേർന്ന ചരിത്രം അജിത്തിനുണ്ട്. 2019ലായിരുന്നു അത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ചേർന്ന് അജിത് ഉപമുഖ്യമന്ത്രിയുമായി. എന്നാൽ, ഫഡ്നാവിസ് സർക്കാരിന്റെ ആയുസ് വെറും 80 മണിക്കൂറായിരുന്നു. ശരദ് പവാറിന്റെ ശക്തമായ ഇടപെടലിൽ അജിത് പാർട്ടിയിൽ തിരികെയെത്തി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാരിൽ അജിത് ഉപമുഖ്യമന്ത്രിയായി.
അനന്ത്റാവു പവാറിന്റെയും ആശയുടെയും മകനായി 1959 ജൂലൈ 22നാണ് അജിത് ജനിച്ചത്. 1982ൽ ഒരു പഞ്ചസാര ഫാക്ടറിയുടെ ഡയറക്ടർ ബോർഡ് മെംബറായാണ് ഇദ്ദേഹം രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. 1991ൽ ബാരാമതിയിൽനിന്നു ലോക്സഭയിലെത്തി. പി.വി. നരസിംഹറാവു മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശരദ് പവാറിനുവേണ്ടി ബാരാമതി ലോക്സഭാ സീറ്റ് അജിത് ഒഴിഞ്ഞു. 1991 മുതൽ എട്ടു തവണ ബാരാമതിയിൽനിന്ന് നിയമസഭാംഗമായി. തട്ടകമായ ബാരാമതിയിൽ എക്കാലവും അജിത്തിന് ഈസി വാക്കോവർ ആയിരുന്നു.
2019ൽ 1.65 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. അടുത്ത മാസം സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് അജിത് പവാറിന്റെ ദാരുണാന്ത്യം. പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ എന്നീ മുഖ്യമന്ത്രിമാർക്കു കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ. എട്ടു വർഷവും 278 ദിവസവും ഇദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്നു. 1999 മുതലുള്ള 27 വർഷത്തിനിടെ 22 വർഷവും അജിത് പവാർ ഭരണപക്ഷത്തായിരുന്നു. 2014-2019 കാലത്തു മാത്രമായിരുന്നു അദ്ദേഹം പ്രതിപക്ഷത്തായിരുന്നത്.
എൻസിപിയെ പിളർത്തിയെങ്കിലും ശരദ് പവാർ കുടുംബവുമായി അജിത്തിന് ഊഷ്മള ബന്ധമായിരുന്നു. ഇരു എൻസിപികളും യോജിക്കുന്നതിനുള്ള ചർച്ച നടന്നുവരികേയാണ് അജിത്തിന്റെ വേർപാട്. പൂന, പിംപ്രി-ചിഞ്ച്വാഡ് കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ എൻസിപിയിലെ ഇരു വിഭാഗവും സഖ്യത്തിലാണു മത്സരിച്ചത്. അടുത്ത മാസം നടക്കുന്ന ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും സഖ്യം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
നാലര പതിറ്റാണ്ടു നീണ്ട രാഷ്ട്രീയജീവിതത്തിൽ അജിത് പവാറിന് ഉയർച്ചകൾ മാത്രമേയുള്ളൂ. എന്നാൽ, മുഖ്യമന്ത്രിസ്ഥാനം എന്ന മോഹം മാത്രം സഫലമായില്ല. 70,000 കോടിയുടെ ജലസേചന കുംഭകോണവും മകൻ പാർഥിന്റെ പേരിൽ ഉയർന്ന ഭൂമി ഇടപാട് വിവാദങ്ങളുമൊന്നും ഈ മറാഠാ കരുത്തനെ തളർത്തിയില്ല.
International
ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷ്(27)ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമായിരുന്നു അപകടം. പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് തകർന്നത്.
അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ ഇരുവരും മരിക്കുകയായിരുന്നു.
ഡെൽറ്റ ആസ്ഥാനമായുള്ള കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിലാണ് ഗൗതം ജോലി ചെയ്തിരുന്നത്. ഗൗതമിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്.
National
ഗാന്ധിനഗര്: അഹമ്മദാബാദ് വിമാന ദുരന്തത്തില് മരിച്ചവരില് 42 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുന് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.
തിരിച്ചറിഞ്ഞ 14 മൃതദേഹങ്ങള് ബന്ധുക്കള്ക്ക് കൈമാറി. അപകടം നടന്ന് മൂന്ന് ദിവസങ്ങള് പിന്നിടുമ്പോഴാണ് ഡിഎന്എ പരിശോധനകള് വേഗത്തിലായത്. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്ഷ് രമേശ്ഭായ് സംഘ്വിയാണ് ഡിഎന്എ പരിശോധന സംബന്ധിച്ച വിവരങ്ങള് പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി മുതല് ഞായറാഴ് പകല് ഒന്നോടെ 22 ഡിഎന്എ സാംപിളുകളുടെ പരിശോധന പൂര്ത്തിയാക്കി. ഇതോടെ ആകെ തിരിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 42 ആയി. ഇതില് ഒന്ന് മുന് മുഖ്യമന്ത്രി വിജയ് രൂപാണിയുടേത് ആയിരുന്നു എന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി അറിയിച്ചു.
ഗുജറാത്ത്, രാജസ്ഥാന് സ്വദേശികളുടേതാണ് ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്. അഹമ്മദാബാദില് നിന്നുള്ള നാല് പേര്, വഡോദര സ്വദേശികളായ രണ്ട് പേര്, മെഹ്സാനയില് നിന്നുള്ള നാല് പേര്, ഖേഡ, ആരവല്ലി, ബോട്ടാഡ്, ഉദയ്പൂര് എന്നിവിടങ്ങളില് നിന്നുള്ള ഓരോരുത്തരുടെയും മൃതദേഹങ്ങളാണ് ബന്ധുക്കള്ക്ക് കൈമാറിയത്.
മൃതദേഹങ്ങുടെ തിരിച്ചറിയല് നടപടി ക്രമങ്ങള്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തില് 271 പേര് ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്.
വിമാനത്തിലുണ്ടായിരുന്ന 241 പേരും വിമാനം ഇടിച്ചിറങ്ങിയ പ്രദേശത്ത് 29 പേരും മരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്. ജൂണ് പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദ് വിമാനത്താവളത്തില് നിന്നും പറന്നുയര്ന്ന എയര് ഇന്ത്യ 171 വിമാനം സമീപ പ്രദേശത്ത് തകര്ന്നുവീണത്.