Business
ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളെ നമ്മുടെ വിപണികളിലേക്ക് കൂടുതലായി ആകർഷിക്കും. ഏതാനും മാസങ്ങളായി വില്പനയ്ക്ക് മാത്രം മുൻതൂക്കം നൽകിയ അവർ നിക്ഷേപകന്റെ പുതിയ കുപ്പായും അണിഞ്ഞു രംഗത്തിറങ്ങുമെന്നതു വൈകാതെ ബോംബെ സെൻസെക്സിനെ 90,000 പോയിന്റിലേക്ക് ഉയർത്താം. സാമ്പത്തിക മേഖലയിൽ ഉണർവ് കണ്ടുതുടങ്ങുന്നതോടെ രൂപയുടെ മൂല്യത്തിലും ശ്രദ്ധേയമായ തിരിച്ചുവരവ് പ്രതീക്ഷിക്കാം.
യൂറോപ്യൻ യൂണിയനുമായും യുഎസുമായും ഉറപ്പിച്ച പുതിയ വ്യാപാര കരാറുകളുടെ നേട്ടം വരും മാസങ്ങളിൽ വിപണിയിൽ കണ്ടുതുടങ്ങും. ബജറ്റ് വേളയിൽ ഡെറിവേറ്റീവ് ഇടപാടുകളിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിച്ച നടപടി വിപണിയെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചെങ്കിലും പ്രതിസന്ധികളിൽനിന്നും അതിശക്തമായി തിരിച്ചുവരവാണു കാഴ്ചവച്ചത്.
നാണയപെരുപ്പം സംബന്ധിച്ച പുതിയ കണക്കുകൾ ഈ വാരം ഓഹരി വിപണിയുടെ ദിശ നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കും. കോർപറേറ്റ് മേഖലയുടെ മൂന്നാം പാദത്തിലെ പ്രവർത്തന ഫലങ്ങളെയും വിപണി ഉറ്റുനോക്കുന്നു. റിസർവ് ബാങ്ക് ധനനയ സമിതി സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 7.4 ശതമാനമായി ഉയർത്തി. പുതിയ വ്യാപാര കരാറുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ സ്റ്റെഡിയായി നിലനിർത്താൻ തീരുമാനിച്ചു.
നിഫ്റ്റി സൂചിക കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രത്യേക വ്യാപാരത്തിൽ ബജറ്റ് സൃഷ്ടിച്ച ആഘാതത്തിൽ 25,472ലേക്ക് ഇടിഞ്ഞതിന്റെ തുടർച്ചയെന്നോണം ഓപ്പണിംഗ് വേളയിൽ വീണ്ടും തളർന്ന് 24,686 പോയിന്റ് വരെ പരീക്ഷണങ്ങൾ നടത്തി. താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപകർ രംഗത്ത് ഇടംപിടിച്ചതോടെ സൂചിക 25,861ലേക്ക് തിരിച്ചുവരവ് നടത്തിയ ശേഷം വാരാന്ത്യം 25,693ലാണ്. ഈവാരം ആദ്യ താങ്ങ് 24,965 പോയിന്റിലാണ്. ഇത് നിലനിർത്താൻ ക്ലേശിച്ചാൽ 24,238ലേക്ക് പരീക്ഷണം നടത്താം. എന്നാൽ, ബുൾ ഓപ്പറേറ്റർമാരുടെ നിറഞ്ഞ സാന്നിധ്യം കണക്കിലെടുത്താൽ പ്രതിരോധ മേഖലയായ 26,140 - 26,588 പോയിന്റിനെ ഉറ്റുനോക്കാം.
നിഫ്റ്റി ഫെബ്രുവരി സീരീസിൽ പിന്നിട്ടവാരം ഒരു ശതമാനം ഉയർന്നു. ബജറ്റ് പ്രഖ്യാപന വേളയിൽ താഴ്ന്ന കരാറുകൾ തിരിച്ചുവരവിൽ 26,320 വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം 25,735ലാണ്. നിലവിൽ 21 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽ നിലകൊള്ളുന്നത് അടുത്ത കുതിപ്പിനു ശക്തിപകരാം. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 182 ലക്ഷം കരാറുകളിൽനിന്ന് 160 ലക്ഷമായി. ശക്തമായ ഷോർട്ട് കവറിംഗിനു പിന്നിട്ടവാരം ഊഹക്കച്ചവടക്കാർ നീക്കം നടത്തി.
സെൻസെക്സ് 80,386 പോയിന്റിൽനിന്നുള്ള തിരിച്ചുവരവിൽ പ്രതിരോധങ്ങൾ ഓരോന്നായി തകർത്ത് 84,185 വരെ ഉയർന്നെങ്കിലും ക്ലോസിംഗിൽ 83,580 പോയിന്റിലാണ്. ഈ വാരം സെൻസെക്സ് 85,048ലെ ആദ്യ പ്രതിരോധം മറികടന്നാൽ 86,516നെ ലക്ഷ്യമാക്കും. സ്ഥിതിഗതികൾ അനുകൂലമായാൽ സാമ്പത്തിക വർഷാന്ത്യതോടെ സൂചിക 90,315 പോയിന്റിലേക്ക് സഞ്ചരിക്കാം. ഈ വാരം വില്പന സമ്മർദമുണ്ടായാൽ 81,249 പോയിന്റിൽ താങ്ങുണ്ട്.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം ശക്തിപ്രാപിച്ചു. രൂപ 92.08ലേക്ക് ദുർബലമായ അവസരത്തിൽ പുറത്തുവന്ന അനുകൂല വാർത്തകളും റിസർവ് ബാങ്ക് റിപ്പോ നിരക്ക് സ്റ്റെഡിയായി നിലനിർത്തിയ പ്രഖ്യാപനവും വിനിമയ നിരക്ക് മെച്ചപ്പെടുത്തി. രൂപ 90.11ലേക്ക് കരുത്ത് നേടിയ ശേഷം വാരാന്ത്യം 90.66ലാണ്.
ഇന്ത്യ-യുഎസ് വ്യാപാര കരാർ സൂചനകൾ രൂപയ്ക്ക് കരുത്തായി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും മികച്ച തിരിച്ചുവരവാണു കഴിഞ്ഞവാരം രൂപ കാഴ്ചവച്ചത്. ഈ മാസം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഏകദേശം ഒരു ബില്യൺ ഡോളർ നിക്ഷേപിച്ചു. ജനുവരിയിൽ അവർ നാലു ബില്യൺ ഡോളറിന്റെ വിറ്റഴിക്കൽ നടത്തിയിരുന്നു. ഇന്ത്യൻ വിപണിയോട് വിദേശ നിക്ഷേപകരുടെ മനോഭാവത്തിലുണ്ടായ മാറ്റം പണപ്രവാഹത്തിന് അവസരം ഒരുക്കാം.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 68.10 ഡോളറിലാണ്. ഇന്ത്യ-റഷ്യ ക്രൂഡ് ഓയിൽ ഇറക്കുമതി വിഷയം ചൂടുപിടിച്ചു നിൽക്കുന്ന സാഹചര്യത്തിൽ നിരക്ക് 69 - 71 ഡോളർ വരെ ഉയരാം. അതേസമയം ഇന്ത്യൻ ഇറക്കുമതിക്കാരുടെ പിൻമാറ്റത്തിനിടയിൽ ചൈന റിക്കാർഡ് അളവിൽ എണ്ണ ഇറക്കുമതിക്ക് റഷ്യയുമായി പുതിയ കരാറുകൾ ഉറപ്പിച്ചു.
National
മുംബൈ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായകമായ വ്യാപാര കരാർ പ്രഖ്യാപനം ഇന്ത്യൻ സാമ്പത്തിക വിപണിക്ക് നൽകിയത് പുത്തൻ ഉണർവ്. കരാറിന്റെ ഭാഗമായി അമേരിക്കൻ തീരുവകൾ കുറച്ചതോടെ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടവും രൂപയുടെ മൂല്യത്തിൽ ഏഴ് വർഷത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന നേട്ടവും രേഖപ്പെടുത്തി.
കേന്ദ്ര ബജറ്റ് ദിനത്തിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർദ്ധിപ്പിച്ചതിനെത്തുടർന്ന് ഓഹരി വിപണിക്ക് 10,000 പോയിന്റിലധികം ഇടിവ് നേരിട്ടിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബിഎസ്ഇ സെൻസെക്സ് 2,072.67 പോയിന്റ് (2.54%) ഉയർന്ന് 83,739.13-ൽ വ്യാപാരം അവസാനിപ്പിച്ചു. ഒരു ഘട്ടത്തിൽ സെൻസെക്സ് 4,200 പോയിന്റിലധികംകുതിച്ച് 85,871.73 വരെ എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 639.15 പോയിന്റ് ഉയർന്ന് 25,727.55-ലാണ് ക്ലോസ് ചെയ്തത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് കുതിപ്പാണ് നടത്തിയത്. ഏകദിന വ്യാപാരത്തിൽ 117 പൈസ (1.28%) വർധിച്ച് രൂപ 90.32 എന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ രൂപയുടെ ഏറ്റവും മികച്ച ഏകദിന നേട്ടമാണിത്. അമേരിക്കയുമായുള്ള വ്യാപാര അനിശ്ചിതത്വം നീങ്ങിയത് കറൻസി വിപണിയിൽ വലിയ ആശ്വാസമാണ് നൽകിയത്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് കുറച്ചത്. വിപണിയിലെ കുതിപ്പിലൂടെ നിക്ഷേപകരുടെ ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 12 ലക്ഷം കോടി രൂപയുടെ വർധനവുണ്ടായതായാണ് കണക്കുകൾ. 2018-ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന കുതിപ്പാണ് രൂപ നടത്തിയത്.
അമേരിക്കയുമായുള്ള കരാർ യാഥാർത്ഥ്യമായതോടെ ഐടി, ഫാർമ, ടെക്സ്റ്റൈൽസ് തുടങ്ങിയ കയറ്റുമതി കേന്ദ്രീകൃത മേഖലകൾ വരും ദിവസങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ വൻ ഇടിവിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ സ്ഥാപന നിക്ഷേപരുടെ തുടരുന്ന പിന്മാറ്റം, ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ, ദുർബലമായ മൂന്നാം പാദ ഫലങ്ങൾ എന്നിവയെല്ലാം വിപണിയെ സ്വാധീനിച്ചു.
2026ലെ ഇതുവരെയുള്ള വ്യാപാര സെഷനിലെ 13 ദിനങ്ങളിൽ 10ലും സെൻസെക്സും നിഫ്റ്റി 12 ദിനങ്ങളിലും ഇടിഞ്ഞു. 2025 മേയ് 13ന് ശേഷം ശതമാനക്കണക്കിൽ ഒരു ദിവസം നേരിട്ട ഏറ്റവും വലിയ ഇടിവാണ് ഇന്നലെയുണ്ടായത്.
സെൻസെക്സ് 1066 പോയിന്റ് (1.28%) താഴ്ന്ന് 82,180.47ലും നിഫ്റ്റി 353 പോയിന്റ് (1.38%) നഷ്ടത്തിൽ 25,232.50ലും വ്യാപാരം പൂർത്തിയാക്കി.
വിപണിയിലുണ്ടായ വൻ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും ആകെ വിപണി മൂലധനം 9.46 ലക്ഷം കോടി രൂപ കുറഞ്ഞ് 455.7 ലക്ഷം കോടിയായി. തിങ്കളാഴ്ച ഇത് 465 ലക്ഷം കോടി രൂപയായിരുന്നു.
ജനുവരിയിൽ നിഫ്റ്റി, സെൻസെക്സ് സൂചികകൾ 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിൽ വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് 29,135 കോടി രൂപയായിരുന്നു. 2025 ഓഗസ്റ്റിനുശേഷമുള്ള (34,993 കോടി രൂപ) ഏറ്റവും മോശം പ്രകടമാണിത്.
നിഫ്റ്റിയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ചുവപ്പിലാണ് വ്യാപാരം പൂർത്തീകരിച്ചത്. റിയൽറ്റി സൂചിക (5.04 %) ഇടിഞ്ഞ് മേഖലാ സൂചികകളിൽ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഐടി, ഓട്ടോ, ഹെൽത്ത്കെയർ, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ താഴ്ന്നു.
ഡോളറിനെതിരേ രൂപ ഏഴു പൈസ ഇടിഞ്ഞ് 90.97 എന്ന റിക്കാർഡ് താഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപർ ഇന്ത്യൻ വിപണിയിൽനിന്നു തുടരുന്ന പിന്മാറ്റവും ഇറക്കുമതിക്കാരിൽ ഡോളർ ആവശ്യകത ഉയരുന്നതും രൂപയുടെ താഴ്ചയ്ക്കു കാരണമാകുന്നു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 90.91 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപ 91.06ലേക്കു താഴ്ന്നു. തിങ്കളാഴ്ച ഡോളറിനെതിരേ 12 പൈസ നഷ്ടത്തിൽ 90.90ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടയിലെ രൂപയുടെ താഴ്ന്ന ലെവൽ. അന്ന് തന്നെ രേഖപ്പെടുത്തിയ 90.93 ആണ് ഇതിനു മുന്പ് ഡോളറിനെതിരേ രൂപയുടെ വ്യാപാരവസാനമുള്ള താഴ്ന്ന നില.