x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓഹരിവിപണിയിൽ എഐ ഭീഷണി

ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
Published: February 16, 2026 01:44 AM IST | Updated: February 16, 2026 01:44 AM IST

 എ​ഐ ഭീ​ഷ​ണി​ക​ൾ​ക്ക്‌ മു​ന്നി​ൽ ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ മു​ഖം​മൂ​ടി അ​ഴി​ഞ്ഞു​വീ​ണു. ഐ​ടി ഭീ​മ​ന്മാ​രു​ടെ വി​ള​നി​ല​മാ​യ നാ​സ്‌​ദാ​ക്‌ സൂ​ചി​ക​യ്‌​ക്ക്‌ ക​ഴി​ഞ്ഞ വാ​രം നേ​രി​ട്ട ത​ക​ർ​ച്ച അ​മേ​രി​ക്ക​യി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങാ​തെ യൂ​റോ​പ്യ​ൻ - ഏ​ഷ്യ​ൻ വി​പ​ണി​ക​ളെ​യും പി​ടി​ച്ചു​ല​യ്‌​ക്കാ​ൻ സാ​ധ്യ​ത. ഇ​തി​ന്‍റെ സൂ​ച​ന​യാ​യി ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ വാ​രാ​ന്ത്യം അ​ല​യ​ടി​ച്ച വി​ല്പ​ന സ​മ്മ​ർ​ദം മു​ൻ​നി​ര ഇ​ൻ​ഡ​ക്‌​സു​ക​ളി​ൽ വി​ള്ള​ലു​ള​വാ​ക്കി.

സി​എ​ൻ​എ​ക്‌​സ്‌ ഐ​ടി ഇ​ൻ​ഡ​ക്‌​സി​നു നേരിട്ടതു പ​ത്ത്‌ മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ക​ന​ത്ത തി​രി​ച്ച​ടി, പി​ന്നി​ട്ട​വാ​രം സൂ​ചി​ക എ​ട്ട്‌ ശ​ത​മാ​നം ഇ​ടി​ഞ്ഞു. ഈ ​വ​ർ​ഷം സൂ​ചി​ക ഇ​തി​ന​കം 13 ശ​ത​മാ​നം താ​ഴ്‌​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 12 ശ​ത​മാ​നം ത​ക​ർ​ച്ച​യെ​യും വി​പ​ണി മ​റി​ക​ട​ന്ന​ത്‌ ദുഃ​സൂ​ച​ന​യാ​യി വി​ല​യി​രു​ത്താം. അ​തേ​സ​മ​യം ജ​നു​വ​രി​യി​ൽ യു​എ​സ് പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള മി​ക​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​ത്, ഫെ​ഡ​റ​ൽ റി​സ​ർ​വി​നെ പ​ലി​ശ നി​ര​ക്ക് ഇ​ള​വു​ക​ളി​ൽ​നി​ന്നു പി​ൻ​തി​രി​പ്പി​ക്കാം. ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 953 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 222 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്‌​ട​ത്തി​ലാ​ണ്.

നിഫ്റ്റി ഈ ആഴ്ചയിൽ

നി​ഫ്‌​റ്റി സൂ​ചി​ക ക​ഴി​ഞ്ഞ വാ​ര​ത്തി​ലെ 25,693ൽ​നി​ന്നും ആ​ദ്യ പ​കു​തി​യി​ൽ 25,986 പോ​യി​ന്‍റ് വ​രെ ക​യ​റി​യെ​ങ്കി​ലും മു​ൻ ല​ക്കം സൂ​ചി​പ്പി​ച്ച 26,140ലേ​ക്ക്‌ ഉ​യ​രാ​നാ​യി​ല്ല. വി​ദേ​ശ​ത്തു​നി​ന്നു​ള്ള പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ വാ​രാ​വ​സാ​നം സൂ​ചി​ക​യെ പി​ടി​ച്ചു​ല​ച്ച​തോ​ടെ നി​ഫ്‌​റ്റി 25,446ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 25,471ലാ​ണ്.
ഈ ​വാ​രം വി​പ​ണി​യു​ടെ ആ​ദ്യ താ​ങ്ങ്‌ 25,282 പോ​യി​ന്‍റി​ലാ​ണ്, ഇ​ത്‌ നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ 25,094ലേ​ക്കും തു​ട​ർ​ന്ന് 24,554 പോ​യി​ന്‍റി​ലേ​ക്കും പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്‌ നി​ർ​ബ​ന്ധി​ത​മാ​കും. അ​തേ​സ​മ​യം, ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചാ​ൽ നി​ഫ്‌​റ്റി​ക്ക്‌ 25,822 - 26,174 പോ​യി​ന്‍റി​ലേ​ക്ക്‌ തി​രി​ച്ചുക​യ​റാ​നാ​കും.

നി​ഫ്റ്റി ഫ്യൂ​ച്ചേ​ഴ്‌​സ് ഫെ​ബ്രു​വ​രി 25,735ൽ​നി​ന്നും 26,068ലേ​ക്ക്‌ മു​ന്നേ​റി​യെ​ങ്കി​ലും പി​ന്നീ​ട്‌ 25,519ലേ​ക്ക്‌ ഇ​ടി​ഞ്ഞു. ഓ​പ്പ​റേ​റ്റ​ർ​മാ​ർ ലാ​ഭ​മെ​ടു​പ്പി​ന് ഉ​ത്സാ​ഹി​ച്ച​ത്‌ ത​ക​ർ​ച്ച​യ്‌​ക്ക്‌ ഇ​ട​യാ​ക്കി. വാ​രാ​വ​സാ​നം വി​ല്പ​നസ​മ്മ​ർ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ൽ 25,450ലെ ​നി​ർ​ണാ​യ​ക സ​പ്പോ​ർ​ട്ട് കാ​ത്തു സൂ​ക്ഷി​ക്കാ​ൻ ക്ലേ​ശി​ക്കേ​ണ്ടി വ​രാം. ഈ ​താ​ങ്ങ്‌ നി​ല​നി​ർ​ത്തു​ന്ന​തി​ൽ ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വി​ജ​യി​ച്ചാ​ൽ 26,000ലേ​ക്ക്‌ ഉ​യ​രാം. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ 160 ല​ക്ഷ​ത്തി​ൽ​നി​ന്ന്‌ 162 ല​ക്ഷ​മാ​യ​ത്‌ പു​തി​യ ഷോ​ർ​ട്ട് പൊ​സി​ഷ​നു​ക​ളെ സൂ​ചി​പ്പി​ക്കു​ന്നു.

സെൻസെക്സ് ഈ ആഴ്ചയിൽ

സെ​ൻ​സെ​ക്‌​സ് 83,580 പോ​യി​ന്‍റി​ൽ നി​ന്നു​ള്ള കു​തി​പ്പി​ൽ 84,465 വ​രെ ഉ​യ​ർ​ന്നു. എ​ന്നാ​ൽ‌, കൂ​ടു​ത​ൽ മി​ക​വി​നു അ​വ​സ​രം ല​ഭി​ക്കാ​തെ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ സൂ​ചി​ക 82,548 പോ​യി​ന്‍റി​ക്ക്‌ വെ​ള്ളി​യാ​ഴ്‌​ച ഇ​ടി​ഞ്ഞു, മാ​ർ​ക്ക​റ്റ്‌ ക്ലോ​സിം​ഗി​ൽ വി​പ​ണി 82,624 ലാ​ണ്.

ഈ​വാ​രം സെ​ൻ​സെ​ക്‌​സ്‌ 83,878ലെ ​ആ​ദ്യ പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ൽ 85,130നെ ​ല​ക്ഷ്യ​മാ​ക്കും. എ​ന്നാ​ൽ, സ്ഥി​തി​ഗ​തി​ക​ൾ അ​ല്പം പ​രു​ങ്ങ​ലി​ലാ​യ​തി​നാ​ൽ ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ ബാ​ധ്യ​ത​ക​ൾ വി​റ്റു​മാ​റാ​ൻ ഇ​ട​യു​ണ്ട്‌. അ​ത്ത​രം ഒ​രു സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്താ​ൽ സൂ​ചി​ക 81,961 – 81,296 പോ​യി​ന്‍റി​ലേ​ക്കു പ​രീ​ഷ​ണം ന​ട​ത്താം. ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ളി​ൽ സ​മ്മ​ർ​ദം തു​ട​ർ​ന്നാ​ൽ സൂ​ചി​ക​യു​ടെ ദൃ​ഷ്‌​ടി 79,379ലേ​ക്കു തി​രി​യാം.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഓ​ഹ​രിവി​പ​ണി​യി​ൽ വി​ല്പ​ന​യ്‌​ക്ക്‌ ഉ​ത്സാ​ഹി​ച്ച​തി​നി​ട​യി​ലും ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ രൂ​പ നേ​ട്ടം കൈ​വ​രി​ച്ചു. വി​ദേ​ശ ഫ​ണ്ടു​ക​ൾ ആ​ദ്യ നാ​ല് വ്യാ​പാ​രദി​ന​ങ്ങ​ളി​ലാ​യി 3374.32 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്‌​ച അ​വ​ർ ഒ​റ്റ​യ​ടി​ക്ക്‌ 7395.41 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 125.36 കോ​ടി​യു​ടെ വി​ല്പ​ന​യും 7009.17 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വാ​ങ്ങ​ലും ന​ട​ത്തി.

രൂ​പ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വാ​ര​വും ചെ​റി​യ നേ​ട്ടം ആ​വ​ർ​ത്തി​ച്ചു. ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യു​ടെ മൂ​ല്യം 90.66ൽനി​ന്നും 90.36ലേ​ക്ക്‌ ശ​ക്തിപ്രാ​പി​ച്ചെ​ങ്കി​ലും ക്ലോ​സിം​ഗി​ൽ 90.50ലാ​ണ്.ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണവി​ല ട്രോ​യ്‌ ഔ​ൺ​സി​നു 4967 ഡോ​ള​റി​ൽ​നി​ന്നും 5000 ഡോ​ള​റി​ലെ പ്ര​തി​രോ​ധം ത​ക​ർ​ത്ത്‌ 5114 ഡോ​ള​ർ വ​രെ ക​യ​റി​യ ശേ​ഷം 5042 ഡോ​ള​റി​ലാ​ണ്.

Tags : threat in stock market

Recent News

Corehub Up