National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വൻ പ്രഖ്യാപനങ്ങളുമായി നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴ് വെട്രി കഴകം പാർട്ടി. മാമല്ലപുരത്ത് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണു വിജയ് പ്രഖ്യാപനങ്ങൾ നടത്തിയത്.
ടിവികെ അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരല്ലാത്ത 60 വയസ് വരെയുള്ള എല്ലാ സ്ത്രീകൾക്കും മാസം 2500 രൂപ വീതം നൽകും. യുവതികൾക്ക് വിവാഹത്തിന് ഒരുപവൻ സ്വർണവും പട്ടുസാരിയും നൽകും. എല്ലാ കുടുംബങ്ങൾക്കും വർഷം ആറ് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകും.
സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാൻ അമ്മ അല്ലെങ്കിൽ രക്ഷകർത്താവിന് പ്രതിവർഷം 15,000 രൂപ നൽകുമെന്നും വിജയ് വാഗ്ദാനം ചെയ്തു.
National
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചെന്നൈയിലെ രണ്ട് മണ്ഡലങ്ങൾ പരിഗണിക്കുന്നതായി റിപ്പോർട്ട്.
വെലാച്ചേരി, വിരുഗമ്പാക്കം മണ്ഡലങ്ങളെയാണ് താരം ലക്ഷ്യമിട്ടിരിക്കുന്നത്.
വെലാച്ചേരി, വിരുഗമ്പാക്കം മണ്ഡലങ്ങൾക്ക് പുറമെ വില്ലുപുരത്തെ വിക്രവാണ്ടി, നാഗപട്ടണത്തെ വേദാരണ്യം, കരൂരിലെ വേദസന്ധൂർ മണ്ഡലങ്ങളും വിജയ് പരിഗണിച്ചിരുന്നു. താമസസ്ഥലമായ പനയൂരിനടുത്താണ് വെലാച്ചേരി. അതേസമയം, അദ്ദേഹത്തിന്റെ മാതാപിതാക്കൾ വിരുഗമ്പാക്കത്താണ്.
National
ചെന്നൈ: ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
2016-17 വർഷത്തെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ കാണിച്ചില്ലെന്നായിരുന്നു കേസ്. പുലി സിനിമയിൽ നിന്ന് ലഭിച്ച വരുമാനമാണ് മറച്ചുവച്ചത്. ഇതേതുടർന്ന് ആദായ നികുതി വകുപ്പ് ഒന്നര കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ വിജയ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. മഹാബലിപുരത്തെ പൂഞ്ചേരിയിലുള്ള സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ഞായറാഴ്ചയോടെ പാർട്ടി ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളെ കരൂരിൽ നിന്ന് മഹാബലിപുരത്ത് എത്തിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെയോടെയാണ് വിജയ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. മാധ്യമങ്ങളടക്കമുള്ളവർക്ക് പരിപാടിയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
മരിച്ചവരുടെ ബന്ധുക്കളോട് വിജയ് ക്ഷമ ചോദിച്ചു. ഓരോ കുടുംബങ്ങളെയും പ്രത്യേകം കണ്ട വിജയ്, വിദ്യാഭ്യാസം, സ്വയംതൊഴിൽ, വീട് എന്നിവയ്ക്ക് പുറമെ സാമ്പത്തിക സഹായവും ഇവർക്ക് വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ച മൂന്നുമണിക്കൂറോളം നീണ്ടു.
National
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വീഡിയോയിൽ മുഖ്യമന്ത്രി സ്റ്റാലിനെ വെല്ലുവിളിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. ചീഫ് മിനിസ്റ്റർ സർ നിങ്ങൾക്ക് പകപോക്കാനുള്ള പദ്ധതികളുണ്ടെങ്കിൽ എന്നെ എന്തും ചെയ്തോളൂ. എന്റെ നേതാക്കളെയോ പ്രവർത്തകരെയോ തൊടരുത്.
ഞാൻ വീട്ടിലോ ഓഫീസിലോ കാണും. നിർദിഷ്ടസ്ഥലത്ത് പ്രസംഗിക്കുകയല്ലാതെ ഞങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഞങ്ങളുടെ നേതാക്കൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തന്റെ രാഷ്ട്രീയയാത്ര കൂടുതൽ കരുത്തോടെ തുടരുമെന്നും വിജയ് പറഞ്ഞു.
വീഡിയോസന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജയ്ക്കെതിരേ ഡിഎംകെ വക്താവ് രംഗത്തെത്തി. ഇത് വിജയ്യുടെ പുതിയ തിരക്കഥയാണെന്നും ഇങ്ങനെയൊരു വീഡിയോ ഇറക്കാൻ നാലുദിവസമെടുത്തെന്നും ഡിഎംകെ വക്താവ് എ.ശരവണൻ പറഞ്ഞു.
കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്വം വിജയ് ഏറ്റെടുക്കണം. കാരണം അദ്ദേഹം നിയമങ്ങൾ ലംഘിച്ചതിനാലാണ് ദുരന്തം സംഭവിച്ചതെന്നും ശരവണൻ പറഞ്ഞു. അതേസമയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിജയ്യുടെ വീഡിയോ സന്ദേശത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.