ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനായി തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി.
ഒരു സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിൽ നൂറുകോടി രൂപ കുറവാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിജയ്ക്കും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീ ഷനും നോട്ടീസ് അയയ്ക്കാൻ കോടതി നിർദേശിച്ചു.
ഗുരുതര ക്രമക്കേടാണെന്നും ഒരു മണ്ഡലത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ 100 കോടതിയുടെ സ്വത്തുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് എസ്.എ. ധർമാധികാരിയും ജസ്റ്റീസ് ജി.അരുൺ മുരുകനും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
കേവലം സാങ്കേതിക പ്രശ്നമായി ഇതിനെ കണക്കാക്കാനാകില്ല. സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചതിനു തെളിവുണ്ടെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ചെന്നൈ സ്വദേശിയായ വി.വിഘ്നേശ് നൽകിയ ഹർജിയിലാണ് കോടതി നടപടി. പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഇത്തവണ വിജയ് ജനവിധി തേടുന്നത്.
തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നല്കിയ സത്യവാങ്മൂലത്തില്‍ 220 കോടിയുടെ സ്വത്തുവിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പെരമ്പൂരിലേതിലാകട്ടേ 115 കോടിയുടെ വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മണ്ഡലം സത്യവാങ്മൂലത്തിലെ സ്വത്ത് വിവരം
►തിരുച്ചിറപ്പള്ളി ഈസ്റ്റ് 220 കോടി രൂപ
► പെരമ്പൂർ 115 കോടി രൂപ
ഏകദേശം 105 കോടി രൂപയുടെ കുറവാണ് പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ കണ്ടെത്തിയിരിക്കുന്നത്.
Tags : Notice issued actor Vijay discrepancy assets details