തൊടുപുഴ: മേഖലയിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും വൈദ്യുതി തടസങ്ങളും വോള്‍ട്ടേജ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനുമായി 220 കെവി സബ്സ്റ്റേഷന് സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് അറിയിച്ചു.
തൊടുപുഴ ട്രാന്സ്മിഷന് സര്‍ക്കിളിന് കീഴിലുള്ള മുതലക്കോടത്ത് പുതിയ 220 കെവി സബ്സ്റ്റേഷന്റെ നിര്‍മാണത്തിനായി 50 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. അടുത്ത 20 വര്‍ഷത്തേക്ക് ഏകദേശം ആറു ശതമാനം വാര്‍ഷിക ലോഡ് വളര്‍ച്ച പ്രതീക്ഷിക്കുന്നതിനാല്‍ നിലവിലുള്ള 66 കെവി സബ്സ്റ്റേഷന് സംവിധാനം വഴി ഭാവിയിലെ ആവശ്യം നിറവേറ്റാന്‍ കഴിയില്ല. അതിനാലാണ് ഉയര്‍ന്നശേഷിയുള്ള പുതിയ ലോഡ് സെന്റര്‍ സ്ഥാപിക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആകെ പദ്ധതി ചെലവ് 50 കോടി രൂപയാണ്. മൂന്നരയേക്കര് ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട്. 36 മാസത്തിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു.
ലോഡ് ഫ്ളോ സ്റ്റഡി റിപ്പോര്‍ട്ട്, ഫിനാന്‍ഷല്‍ അഡ്വൈസറുടെ റിപ്പോര്‍ട്ട് എന്നിവയും ഡിപിആര്‍ കമ്മിറ്റിയുടെ അംഗീകാരവും നേടിയ ശേഷമാണ് ഡയറക്ടര്‍മാരുടെ മീറ്റിംഗില്‍ ഭരണാനുമതി ലഭ്യമായത്.
കണിയാമ്പറ്റ, അമ്പലമുകള്‍ സബ്സ്റ്റേഷനുകളില്‍ നിലവില്‍ ലഭ്യമായ രണ്ട് 50 എംവിഎ ട്രാന്‍സ്ഫോര്‍മറുകളും തൊടുപുഴ സര്‍ക്കിളില്‍ ലഭ്യമായ മൂന്ന് അഞ്ച് എംവിഎ ട്രാന്‍സ്ഫോര്‍മറുകളും പദ്ധതിക്കായി പുനരുപയോഗിക്കും. കുറഞ്ഞ വോള്ട്ടേജുമൂലം വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതോപകരണങ്ങള്‍ തകരാറിലാകുന്നത് ഒഴിവാക്കാനും തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനും സബ് സ്റ്റേഷന് നിലവില്‍ വരുന്നതോടെ സാധിക്കും.
വൈദ്യുതി വിതരണം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതി ഏറെ സഹായകമാകും. തൊടുപുഴയുടെ വികസന കുതിപ്പിന് പദ്ധതി ഏറെ ഗുണം ചെയ്യും.