National
മുംബൈ: വിമാനം തകർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരിന്റെ സഹകരണം തേടി കേന്ദ്രം.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്ത് നൽകി.
അന്വേഷണത്തിലെ കണ്ടെത്തലുകൾ സംസ്ഥാനവുമായി പങ്കിടുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിന് കീഴിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (എഎഐബി) അന്വേഷണം നടത്തുന്നത്.
അപകടത്തിന്റെ ശരിയായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഫഡ്നാവിസ് നേരത്തേ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
National
ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനുള്ള നിര്‍ണായക തെളിവുകള്‍ ഡിജിസിഎക്ക് ലഭിച്ചു. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡിജിസിഎ അപകടസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഡിജിസിഎ ഇത് ഏറ്റെടുത്ത് വിശദമായ പരിശോധനയ്ക്കായി അയക്കും.
അപകടസമയത്തെ വിമാനത്തിന്റെ വേഗത, ഉയരം, എന്‍ജിന്റെ പ്രവര്‍ത്തനം, പൈലറ്റുമാരുടെ സംഭാഷണം എന്നിവ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ലാന്‍ഡിംഗിനിടെയുണ്ടായ സാങ്കേതിക തകരാറാണോ അതോ മോശം കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് ഇതിലൂടെ സ്ഥിരീകരിക്കാന്‍ സാധിക്കും.
ബ്ലാക്ക് ബോക്സിന് പുറമെ വിമാനത്തിന്റെ അവശിഷ്ടങ്ങളും വിദഗ്ധ സംഘം പരിശോധിച്ചുവരികയാണ്. ഡിജിസിഎയുടെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
National
രാജ്യത്തെ ഏറ്റവും സന്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദം സ്വന്തമാക്കുകയെന്ന സ്വപ്നം സഫലീകരിക്കാതെയാണ് അജിത് പവാർ വിടവാങ്ങിയത്. അതേസമയം, ഇന്ത്യയിൽ മറ്റാർക്കുമില്ലാത്ത റിക്കാർഡ് അജിത് പവാറിനുണ്ട്. ആറു തവണയാണ് അദ്ദേഹം മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായത്. കോൺഗ്രസും ശിവസേനയും ബിജെപിയും നേതൃത്വം നല്കിയ സർക്കാരുകളിൽ അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ചു.
കഠിനാധ്വാനിയായ രാഷ്ട്രീയ നേതാവ് എന്നറിയപ്പെട്ടിരുന്ന അജിത്തിന്റെ കൃത്യനിഷ്ഠ പ്രശംസനീയമായിരുന്നു. പിതൃസഹോദരനും മറാഠ രാഷ്ട്രീയത്തിലെ പ്രബലനുമായ ശരദ് പവാറിന്റെ കൈപിടിച്ചാണ് അജിത് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. ബാരാമതിയിൽനിന്ന് എട്ടു തവണ നിയമസഭാംഗമായ ഇദ്ദേഹം ഒരുവട്ടം ലോക്സഭയിലുമെത്തി.
2023ൽ എൻസിപി പിളർത്തി ബിജെപി മുന്നണിക്കൊപ്പം ചേർന്നതാണ് "ദാദ’എന്നറിയപ്പെടുന്ന അജിത് പവാറിന്റെ രാഷ്ട്രീയജീവിതത്തിലെ സുപ്രധാന വഴിത്തിരിവ്. ശരദ് പവാറിന്റെ നിഴലിൽനിന്നു മാറാൻ ദാദ തീരുമാനിക്കുകയായിരുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയെ കൈവെള്ളയിലെന്നപോലെ കൊണ്ടുനടന്ന പവാർകുടുംബത്തിൽ ആദ്യമായി അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. ഇളയച്ഛനുമായുള്ള പോരിൽ അജിത്തിനായിരുന്നു വിജയം. കൂടുതൽ എംഎൽഎമാരുടെ പിന്തുണ അദ്ദേഹം നേടി. പാർട്ടിയുടെ പേരും ചിഹ്നവും അജിത് സ്വന്തമാക്കി. പാർട്ടി സ്ഥാപകൻ ശരദ് പവാറിന്റെ പാർട്ടിക്ക് എൻസിപി (എസ്പി) എന്ന പേരാണു ലഭിച്ചത്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് അജിത് പവാറിന്റെ പാർട്ടി നേരിട്ടത്. ഒരേയൊരു സീറ്റിൽ പാർട്ടി വിജയിച്ചപ്പോൾ എട്ടു പേർ ശരദ് പവാർപക്ഷത്തുനിന്നു ലോക്സഭയിലെത്തി. അജിത്തിന്റെ ഭാര്യ സുനേത്ര ബാരാമതിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയോടു പരാജയപ്പെട്ടു.
എന്നാൽ, അഞ്ചു മാസത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അജിത്പക്ഷ എൻസിപി ഉജ്വല വിജയം നേടി. 57 സീറ്റിൽ മത്സരിച്ച പാർട്ടി 41 സീറ്റാണു നേടിയത്. ഉപമുഖ്യമന്ത്രിസ്ഥാനവും അജിത്തിനു ലഭിച്ചു. ശരദ് പവാറിന്റെ എൻസിപി (എസ്പി) വെറും പത്തു സീറ്റിലൊതുങ്ങി.
മുന്‍പും ബിജെപിക്കൊപ്പം ചേർന്ന ചേർന്ന ചരിത്രം അജിത്തിനുണ്ട്. 2019ലായിരുന്നു അത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ചേർന്ന് അജിത് ഉപമുഖ്യമന്ത്രിയുമായി. എന്നാൽ, ഫഡ്നാവിസ് സർക്കാരിന്റെ ആയുസ് വെറും 80 മണിക്കൂറായിരുന്നു. ശരദ് പവാറിന്റെ ശക്തമായ ഇടപെടലിൽ അജിത് പാർട്ടിയിൽ തിരികെയെത്തി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാരിൽ അജിത് ഉപമുഖ്യമന്ത്രിയായി.
അനന്ത്റാവു പവാറിന്റെയും ആശയുടെയും മകനായി 1959 ജൂലൈ 22നാണ് അജിത് ജനിച്ചത്. 1982ൽ ഒരു പഞ്ചസാര ഫാക്ടറിയുടെ ഡയറക്ടർ ബോർഡ് മെംബറായാണ് ഇദ്ദേഹം രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. 1991ൽ ബാരാമതിയിൽനിന്നു ലോക്സഭയിലെത്തി. പി.വി. നരസിംഹറാവു മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശരദ് പവാറിനുവേണ്ടി ബാരാമതി ലോക്സഭാ സീറ്റ് അജിത് ഒഴിഞ്ഞു. 1991 മുതൽ എട്ടു തവണ ബാരാമതിയിൽനിന്ന് നിയമസഭാംഗമായി. തട്ടകമായ ബാരാമതിയിൽ എക്കാലവും അജിത്തിന് ഈസി വാക്കോവർ ആയിരുന്നു.
2019ൽ 1.65 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. അടുത്ത മാസം സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് അജിത് പവാറിന്റെ ദാരുണാന്ത്യം. പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ എന്നീ മുഖ്യമന്ത്രിമാർക്കു കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ. എട്ടു വർഷവും 278 ദിവസവും ഇദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്നു. 1999 മുതലുള്ള 27 വർഷത്തിനിടെ 22 വർഷവും അജിത് പവാർ ഭരണപക്ഷത്തായിരുന്നു. 2014-2019 കാലത്തു മാത്രമായിരുന്നു അദ്ദേഹം പ്രതിപക്ഷത്തായിരുന്നത്.
എൻസിപിയെ പിളർത്തിയെങ്കിലും ശരദ് പവാർ കുടുംബവുമായി അജിത്തിന് ഊഷ്മള ബന്ധമായിരുന്നു. ഇരു എൻസിപികളും യോജിക്കുന്നതിനുള്ള ചർച്ച നടന്നുവരികേയാണ് അജിത്തിന്റെ വേർപാട്. പൂന, പിംപ്രി-ചിഞ്ച്വാഡ് കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ എൻസിപിയിലെ ഇരു വിഭാഗവും സഖ്യത്തിലാണു മത്സരിച്ചത്. അടുത്ത മാസം നടക്കുന്ന ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും സഖ്യം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
നാലര പതിറ്റാണ്ടു നീണ്ട രാഷ്ട്രീയജീവിതത്തിൽ അജിത് പവാറിന് ഉയർച്ചകൾ മാത്രമേയുള്ളൂ. എന്നാൽ, മുഖ്യമന്ത്രിസ്ഥാനം എന്ന മോഹം മാത്രം സഫലമായില്ല. 70,000 കോടിയുടെ ജലസേചന കുംഭകോണവും മകൻ പാർഥിന്റെ പേരിൽ ഉയർന്ന ഭൂമി ഇടപാട് വിവാദങ്ങളുമൊന്നും ഈ മറാഠാ കരുത്തനെ തളർത്തിയില്ല.
National
ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ഇടയാക്കിയ വിമാനത്തിന്റെ സുരക്ഷാ റെക്കോര്‍ഡിനെക്കുറിച്ച് ആശങ്ക. ബോംബാർഡിയർ ലിയർജെറ്റ് 45 എന്ന വിമാനത്തിൽ സഞ്ചരിക്കവേയാണ് ബുധനാഴ്ച രാവിലെ രാജ്യത്തെ നടുക്കിയ വിമാനാപകട വാർത്ത പുറത്തുവന്നത്.
ഗുരുതരമായ ചോദ്യങ്ങള്‍ ഉയരുമ്പോഴും, വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഒന്നുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിമാനത്തിന്റെ നിർമാതാക്കളായ വിഎസ്ആര്‍ ഏവിയേഷന്‍ ഉടമ. അപകടത്തില്‍പ്പെട്ട വിമാനം പ്രവര്‍ത്തിപ്പിച്ചിരുന്ന വിഎസ്ആര്‍ വെഞ്ചേഴ്സിന് സമാനമായ അപകടങ്ങളുടെ മുന്‍കാല ചരിത്രമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
2023 സെപ്റ്റംബറില്‍ ഇതേ കമ്പനിയുടെ മറ്റൊരു ലിയർജെറ്റ് 45 വിമാനം മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് വിമാനം രണ്ടായി പിളരുകയും റണ്‍വേയില്‍ നിന്ന് തെന്നിമാറുകയും ചെയ്തെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇതേ മോഡല്‍ വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
എന്നാല്‍, ഈ ആരോപണങ്ങളെല്ലാം വിഎസ്ആര്‍ ഏവിയേഷന്‍ ഉടമ തള്ളി. 'വിമാനത്തിന് യാതൊരുവിധ സാങ്കേതിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഈ മോഡല്‍ വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് മാറ്റേണ്ട യാതൊരു സാഹചര്യവുമില്ല,' എന്ന് അദ്ദേഹം വ്യക്തമാക്കി. അപകടത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ വിമാനത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രാവിലെ 8:45-ഓടെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് നിയന്ത്രണം വിട്ട വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയും തീപിടിച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. അജിത് പവാർ, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്, സഹായി, രണ്ട് പൈലറ്റുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.
മോശം കാലാവസ്ഥയാണോ അതോ വിമാനത്തിന്റെ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് കണ്ടെത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ മുന്‍കാല ട്രാക്ക് റെക്കോര്‍ഡും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ സഞ്ചരിച്ച സ്വകാര്യ വിമാനം ബാരാമതിയിൽ തകർന്നു വീണുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലെ സിസിടിവി കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതും സെക്കൻഡുകൾക്കുള്ളിൽ വലിയൊരു അഗ്നിഗോളമായി മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനം നിലത്തിടിച്ച ഉടൻ തന്നെ വലിയ സ്ഫോടനങ്ങളോടെ തീ പടരുകയായിരുന്നു.
പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, ഒരു സഹായി, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
പൈലറ്റുമാരായ ക്യാപ്റ്റൻ സുമിത് കപൂർ, ക്യാപ്റ്റൻ ശാംഭവി പഥക് എന്നിവരാണ് മരിച്ചത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി പോവുകയായിരുന്നു അജിത് പവാർ.
രാവിലെ 8:10-ഓടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 8:45ഓടെ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
Kerala
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്.
"അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു. മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണവും അദ്ദേഹത്തിനുണ്ടായിരുന്നു. അജിത് പവാറിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന്' രാജ്നാഥ് സിംഗ് പ്രതികരിച്ചു.
ബാരാമതിയിൽ വിമാനം തകർന്നുവീണാണ് അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചത്. അഞ്ച് പേരുടെ മരണം ഡിജിസിഎ സ്ഥിരീകരിച്ചു.
ലാൻഡിംഗിനിടെ വിമാനം വയലിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഇന്ന് രാവിലെ 8.45 നായിരുന്നു അപകടം. മുംബൈയിൽ നിന്ന് ജന്മനാടായ ബാരാമതിയിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ദുരന്തം ഉണ്ടായത്.
National
മുംബൈ: കുതികാൽവെട്ടലിന്റെയും ചാണക്യ തന്ത്രങ്ങളുടെയും ഈറ്റില്ലമായ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായിരുന്നു വിടവാങ്ങിയ അജിത് പവാർ.
മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22നാണ് അജിത് പവാറിന്റെ ജനനം.
എട്ട് തവണ നിയമസഭാംഗം, അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും അജിത് പവാർ പ്രവർത്തിച്ചിട്ടുണ്ട്.
1982ൽ പൂനയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായി പൊതുജീവിതം ആരംഭിച്ച അജിത് പവാർ, 1991ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി.
2010ലെ അശോക് ചവാൻ മന്ത്രിസഭയിലാണ് ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പ്രിഥിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ മുഖ്യമന്ത്രിയായി.
2019ൽ മഹാവികാസ് അഘാഡി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022ൽ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2023ൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ വർക്കിംഗ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും പ്രഫുൽ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിൽ പദവിയൊന്നും ലഭിക്കാതിരുന്ന അജിത് പവാർ ഇതേക്കറിച്ച് ശരദ് പവാറിനോടു ചർച്ച ചെയ്തെങ്കിലും അവഗണിക്കപ്പെട്ടു.
2023 ജൂലൈ രണ്ടിന് എൻസിപി പിളർത്തിയ അജിത് പവാർ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന - ബിജെപി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി. എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരെ ഒപ്പം നിർത്തിയാണ് അജിത് പവാർ അട്ടിമറി നടത്തിയത്. ഇവരിൽ എട്ടുപേർ മന്ത്രിമാരുമായി.
2024 ഫെബ്രുവരി ആറിന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ഉപയോഗിക്കാമെന്ന് വിധി വന്നു.
2024 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നയിച്ച മഹായുതി സഖ്യത്തിൽ നിന്ന് 59 ഇടങ്ങളിൽ മത്സരിച്ച അജിത് പവാറിന്റെ എൻസിപി 41 സീറ്റുകളിൽ വിജയിച്ചു. ബിജെപിക്കും എക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയ്ക്കും പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലെയും മഹാരാഷ്ട്ര നിയമസഭയിലേയും മൂന്നാമത്തെ വലിയ പാർട്ടിയായി അജിത് പവാർ നയിച്ച എൻസിപി മാറി.
ഭാര്യ: സുനേത്ര, മക്കൾ: പാർഥ്, ജയ്.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ(66) വിമാനാപകടത്തിൽ മരിച്ചു. രാവിലെ 8.45ഓടെ ബരാമതിയിലായിരുന്നു അജിത് പവാറിന്റെ അന്ത്യം.
അടിയന്തര ലാൻഡിംഗിനിടെ തകർന്നുവീണ വിമാനം പൂർണമായും കത്തിനശിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും മരിച്ചുവെന്നാണ് റിപ്പോർട്ട്.
മുംബൈയിൽനിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായി അജിത് പവാറും മറ്റ് അഞ്ചു പേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ് മുംബൈയിൽനിന്നു സ്വകാര്യ വിമാനത്തിൽ യാത്ര തിരിച്ചത്.
വിമാനം ലാൻഡിംഗിനിടെയാണ് അപകടത്തിൽ പെട്ടത്. വിമാനത്തിനു സാങ്കേതിക തകരാർ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.
National
മുബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകൻ പാർഥ് പവാർ ഉൾപ്പെട്ട ഭൂമി ഇടപാടിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സമിതി രൂപവത്കരിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യു) വികാസ് ഖാർഗെ തലവനായ സമിതിയാണ് അന്വേഷണം നടത്തുക. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.
പൂനയിലെ മുൻധ്വയിലെ 40 ഏക്കർ ഭൂമി 300 കോടി രൂപയ്ക്ക് പാർഥ് പവാർ പങ്കാളിയായ കന്പനിക്ക് വിറ്റതാണ് വിവാദമായത്. 1800 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണിത്.
മകനെതിരായി ഭൂമികുംഭകോണ ആരോപണം ഉയർന്നതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. എൻസിപി നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ താത്കറെയും അജിത്തിനൊപ്പമുണ്ടായിരുന്നു.
മുംബൈയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിലായിരുന്നു കൂടിക്കാഴ്ച. മുപ്പത് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. വാങ്ങിയ ഭൂമി സർക്കാരിന്റേതാണെന്ന് പാർഥിനും ബിസിനസ് പങ്കാളിക്കും അറിയില്ലായിരുന്നുവെന്ന് അജിത് പവാർ പറഞ്ഞു. വിവാദമായ ഭൂമി ഇടപാട് റദ്ദാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ മക്കൾ ചെയ്യുന്ന തെറ്റിന് മന്ത്രിമാർ ഉത്തരാവാദിത്വമേൽക്കണമെന്ന് അഴിമതിവിരുദ്ധ പ്രക്ഷോഭ നേതാവ് അണ്ണാ ഹസാരെ പറഞ്ഞു. ഭൂമി ഇടപാടിൽ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജന്മഗ്രാമമായ റാലേഗൻ സിദ്ധിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അണ്ണാ ഹസാരെ.