മുബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകൻ പാർഥ് പവാർ ഉൾപ്പെട്ട ഭൂമി ഇടപാടിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സമിതി രൂപവത്കരിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യു) വികാസ് ഖാർഗെ തലവനായ സമിതിയാണ് അന്വേഷണം നടത്തുക. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.
പൂനയിലെ മുൻധ്വയിലെ 40 ഏക്കർ ഭൂമി 300 കോടി രൂപയ്ക്ക് പാർഥ് പവാർ പങ്കാളിയായ കന്പനിക്ക് വിറ്റതാണ് വിവാദമായത്. 1800 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണിത്.
മകനെതിരായി ഭൂമികുംഭകോണ ആരോപണം ഉയർന്നതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. എൻസിപി നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ താത്കറെയും അജിത്തിനൊപ്പമുണ്ടായിരുന്നു.
മുംബൈയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിലായിരുന്നു കൂടിക്കാഴ്ച. മുപ്പത് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. വാങ്ങിയ ഭൂമി സർക്കാരിന്റേതാണെന്ന് പാർഥിനും ബിസിനസ് പങ്കാളിക്കും അറിയില്ലായിരുന്നുവെന്ന് അജിത് പവാർ പറഞ്ഞു. വിവാദമായ ഭൂമി ഇടപാട് റദ്ദാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ മക്കൾ ചെയ്യുന്ന തെറ്റിന് മന്ത്രിമാർ ഉത്തരാവാദിത്വമേൽക്കണമെന്ന് അഴിമതിവിരുദ്ധ പ്രക്ഷോഭ നേതാവ് അണ്ണാ ഹസാരെ പറഞ്ഞു. ഭൂമി ഇടപാടിൽ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജന്മഗ്രാമമായ റാലേഗൻ സിദ്ധിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അണ്ണാ ഹസാരെ.
Tags : Maharashtra Bhoomi Kumbakonam Ajith pawar parth pawar Bhoomi Kumbakonam