കല്‍പ്പറ്റ: സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് 27-ാമത് സംസ്ഥാന സമ്മേളനം നാളെ മുതല്‍ 23 വരെ അമ്പലവയല്‍ വ്യാപാര ഭവനില്‍ നടക്കും.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിന്, സംഘാടക സമിതി ചെയര്‍മാനും അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.സി. കൃഷ്ണകുമാര്‍, അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ സി. റഷീദ്, അമ്പലവയല്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും അസോസിയേഷന് കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റുമായ പി. ഷെഫീഖ്, അസോസിയേഷന് കോഴിക്കോട് മേഖലാ ജോയിന്റ് സെക്രട്ടറി എം. റഹിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. അസോസിയേഷന് അഫിലിയേഷനുള്ള ടൂര്‍ണമെന്റ് കമ്മിറ്റികള്‍, റഫറി അസോസിയേഷനുകള്‍ എന്നിവയെയും ടീം മാനേജര്‍മാരെയും പ്രതിനിധാനം ചെയ്ത് 250 ഓളം പേര് സമ്മേളനത്തില്‍ പങ്കെടുക്കും.
ആദ്യദിനം ഉച്ചകഴിഞ്ഞ് മൂന്നിന് ടീം മാനേജര്‍മാരുടെ സമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് "വിദേശകളിക്കാരും ഇന്ത്യന്‍ നിയമ വ്യവസ്ഥകളും' എന്ന വിഷയത്തില്‍ സെമിനാറും മുന്‍ താരങ്ങളെ ആദരിക്കലും ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ 10ന് സമ്മേളനം ഉദ്ഘാടനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കും. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക, അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ്റഫ് ബാവ, ട്രഷറര്‍ എളേടത്ത് അഷ്റഫ് എന്നിവര്‍ പ്രസംഗിക്കും. റിപ്പോര്‍ട്ട്, വരവുചെലവ് കണക്ക് അവതരണം ഉണ്ടാകും. വൈകുന്നേരം നാലിന് സമാപന സമ്മേളനം ചേരും.