സുൽത്താൻ ബത്തേരി: പാർട്ടി തീരുമാനം വന്നപ്പോൾ ഭാര്യക്കും ഭർത്താവിനും ഒരേ പഞ്ചായത്തിൽ തൊട്ടടുത്ത വാർഡുകളിൽ മത്സരിക്കാൻ അവസരം. ടൗണ്‍ ഉൾപ്പെടുന്ന അമ്പലവയൽ പഞ്ചായത്തിന്റെ ആറാം വാർഡിലും എട്ടാം വാർഡിലുമാണ് എടക്കൽ നഗറിൽനിന്നുള്ള രഘുവും നിഷ രഘുവും ഇടതുപക്ഷത്തുനിന്ന് ജനപിന്തുണ തേടുന്നത്. എസ്ടി സംവരണമായതോടെയാണ് ഇരുവരെയും ഒരുമിച്ച് മത്സരിപ്പിക്കാൻ സിപിഎം തീരുമാനമെടുത്തത്.
2005ലാണ് നിഷ രഘു ആദ്യമായി മത്സര രംഗത്തേക്ക് എത്തുന്നത്. അന്ന് അമ്പലവയൽ ടൗണ്‍ ഉൾപ്പെട്ട അഞ്ചാം വാർഡ് കടുത്ത മത്സരത്തിനൊടുവിൽ പതിനാറ് വോട്ടിന് യുഡിഎഫിൽ നിന്ന് തിരികെ പിടിച്ചു. അന്ന് മുതൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ഇന്ന് ആറാം വാർഡ് ആയി മാറിയ ടൗണ്‍ വാർഡ്. വാർഡ് വിഭജനത്തത്തുടർന്ന് ഇത്തവണ മത്സരം കടുക്കുമെങ്കിലും വിജയം ഉറപ്പാണെന്ന് നിഷ പറഞ്ഞു. കോണ്‍ഗ്രസിൽ നിന്നുള്ള സിന്ധുവാണ് നിഷയുടെ മുഖ്യ എതിരാളി. നിലവിൽ അന്പലവയൽ പഞ്ചായത്തിൽ സിഡിഎസ് ചെയർപേഴ്സണാണ് നിഷ. പാർട്ടി അംഗമല്ലെങ്കിലും സജീവ പ്രവർത്തകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ കെ. ഷമീർ ആണ് നിലവിലെ അംഗം.
അമ്പലവയൽ ടൗണിൽ 13 വർഷമായി സിഐടിയു ലോഡിംഗ് തൊഴിലാളിയായ ഭർത്താവ് രഘു പാർട്ടി അംഗവും സജീവ പ്രവർത്തകനുമാണ്. എട്ടാം വാർഡ് ആയ നീർച്ചാലിൽ മത്സരത്തിനിറങ്ങുന്പോൾ തികഞ്ഞ വിജയപ്രതീക്ഷയാണ് രഘുവിനുള്ളത്. നിലവിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് നീർച്ചാൽ. മുസ്ലിം ലീഗിൽ നിന്നുള്ള സുരേഷ് ആണ് രഘുവിന്റെ എതിരാളി. ബിരുദധാരിയായ ആദിൽ, ബിരുദ വിദ്യാർഥിയായ അനഘ എന്നിവരാണ് മക്കൾ.
Tags : Ambalavayal Local News Nattuvishesham