ദേശീയപാതയോരത്ത് ഭീഷണിയായി വൻ മരങ്ങളും പാറക്കൂട്ടവും
മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയോരത്ത് പെരുവന്താനത്തിനും കുട്ടിക്കാനത്തിനുമിടയിൽ അപകട ഭീഷണിയുയർത്തി നിരവധി വൻ മരങ്ങളും പാറക്കൂട്ടവും. ചൊവ്വാഴ്ച രാത്രിയിൽ പുല്ലുപാറയ്ക്ക് സമീപം ഭീമൻ കല്ല് ദേശീയപാതയിലേക്ക് പതിച്ചിരുന്നു. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കഴിഞ്ഞ ആഴ്ചയിലും ഇതിന് സമീപത്തുതന്നെ മലമുകളിൽനിന്ന് ഉരുണ്ടുവന്ന ഭീമൻ കല്ല് കെഎസ്ആർടിസി ബസിന്റെ പുറകുഭാഗത്ത് ഇടിച്ച് യാത്രക്കാരനായ ഒരാൾക്ക് പരിക്കേറ്റിരുന്നു. ബസിനു സാരമായ കേടുപാടും സംഭവിച്ചിരുന്നു.
കഴിഞ്ഞ വർഷം കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനു സമീപം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് യാത്രക്കാരി മരണപ്പെട്ടിരുന്നു. ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും പാതയുടെ ഈ ഭാഗത്ത് ഉണ്ടാകുന്നത്. ഇപ്പോഴും ഏത് നിമിഷവും റോഡിലേക്ക് പതിക്കാവുന്ന രീതിയിൽ അപകട ഭീഷണി ഉയർത്തി നിരവധി കൂറ്റൻ പാറക്കൂട്ടമാണ് പാതയുടെ വശങ്ങളിൽ നിൽക്കുന്നത്. മഴക്കാലമാകുന്നതോടെ ജീവൻ പണയംവച്ച് റോഡിലൂടെ സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
കൂടാതെ റോഡിലേക്ക് മരം ഒടിഞ്ഞുവീണുണ്ടാകുന്ന അപകടങ്ങൾ ഏറെയാണ്. അമലഗിരിക്ക് സമീപം അപകട ഭീഷണി ഉയർത്തി റോഡിന്റെ തിട്ടയ്ക്ക് മുകളിൽ നിന്നിരുന്ന കൂറ്റൻ മരം ഉണങ്ങി സമീപത്തെ ചെറിയ മരത്തിൽ ചാരിനിൽക്കുകയാണ്. ചെറുമരത്തിന്റെ മാത്രം ബലത്തിൽ നിൽക്കുന്ന ഈ വൻമരം റോഡിലേക്ക് പതിച്ചാൽ വലിയൊരു ദുരന്തമാകും ഉണ്ടാകുക. ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടിട്ടുണ്ട്.
പെരുവന്താനത്തിനും മുറിഞ്ഞപുഴയ്ക്കുമിടയിൽ പലയിടങ്ങളിലായി നിരവധി വൻമരങ്ങളാണ് പാറക്കെട്ടുകൾക്ക് മുകളിലും വേരുകളിലെ മണ്ണ് ഒലിച്ചുപോയ നിലയിലും നിൽക്കുന്നത്. നേരിയ കാറ്റോ മഴയോ ഉണ്ടായാൽ പോലും ഇവ റോഡിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞമാസം മരുതുംമൂടിന് സമീപം പാതയോരത്ത് നിന്നിരുന്ന ഭീമൻ മരം കടപുഴകി സമീപത്തെ എസ്റ്റേറ്റിലേക്ക് മറിഞ്ഞിരുന്നു. ദേശീയപാതയിലേക്ക് മരം വീഴാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.
മഴക്കാലത്ത് മൂടൽമഞ്ഞ് ഇറങ്ങുന്നതോടെ ഹൈറേഞ്ച് പാതയിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാകും. റോഡിലേക്ക് പതിക്കാവുന്ന രീതിയിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങളും പാറക്കൂട്ടങ്ങളും അടിയന്തരമായി നീക്കുവാൻ അധികാരികൾ തയാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
സ്കൂൾ തുറന്നിട്ടും റോഡിലെ വരകള്‍ മങ്ങിത്തന്നെ
കോട്ടയം: സംസ്ഥാനത്ത് സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും റോഡിലെ സുരക്ഷ ഇപ്പോഴും അകലെത്തന്നെ. പുതിയ അധ്യയനവര്‍ഷം ആരംഭിച്ചതോടെ റോഡ് സുരക്ഷയെക്കുറിച്ചാണ് ചര്‍ച്ചകള്‍. റോഡു മുറിച്ചുകടക്കുമ്പോള്‍ കുട്ടികള്‍ വാഹനമിടിച്ച് അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ മുൻകാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മതിയായ സുരക്ഷാസംവിധാനങ്ങള്‍ പൊതുനിരത്തില്‍ ഇത്തവണ ഒരുങ്ങിയിട്ടില്ല.
മാഞ്ഞുപോയ സീബ്രാ ലൈനുകൾ പലതും അതേപടിയാണ്. ജില്ലയിലെ പ്രധാന സ്കൂളുകള്‍ക്കു മുന്നിലെ കാഴ്ചയും വ്യത്യസ്തമല്ല. സ്കൂളുകള്‍ക്ക് മുന്നില്‍ പോലീസ് ഡ്യൂട്ടിയിലുണ്ടെങ്കിലും ക്രോസിംഗ് ലൈന്‍ നോക്കിയാണ് വിദ്യാര്‍ഥികള്‍ റോഡു മുറിച്ചുകടക്കുന്നത്. വാഹനം വന്നാലും സീബ്രാ ലൈന്‍ കാണുമ്പോള്‍ നിര്‍ത്തുമല്ലോ എന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. എന്നാല്‍ ഇത്തവണ സ്കൂള്‍ അടച്ചപ്പോള്‍ മാഞ്ഞ വരകള്‍ അതേപോലെ തന്നെയാണ്.
സ്കൂള്‍ തുറക്കലിന് മുന്നോടിയായി വരകളെല്ലാം തെളിച്ച് വരയ്ക്കണമെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥ. സര്‍ക്കാര്‍ മാറിയതും അപ്രതീക്ഷിതമായെത്തിയ മഴയും മൂലമാണ് വരകൾ തെളിക്കാന്‍ വിട്ടുപോയതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഇതെല്ലാം പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദേശം നല്‍കിയിരുന്നു.
എംസി റോഡ് അത്ര സെയ്ഫല്ല...
കോട്ടയം: എംസി റോഡിലൂടെയുള്ള വാഹനയാത്ര സുഗമമാണെങ്കിലും അത്ര സുരക്ഷിതമല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം അടിച്ചിറയിലുണ്ടായ കാറപകടത്തില്‍ ഒരാളുടെ ജീവന് നഷ്ടമായിരുന്നു.
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ റോഡിലെ ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും താത്കാലിക മുന്നറിയിപ്പ് ബോര്‍ഡുകള്‍ മാത്രം സ്ഥാപിച്ച് കൈയൊഴിയുന്ന സമീപനമാണ് ഉണ്ടായത്. നാറ്റ്പാക് സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ സിഗ്നല്‍ ലൈറ്റുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാനായില്ല.
റോഡിന്റെ മിനുസക്കൂടുതല്‍ കാരണം വാഹനങ്ങള്‍ക്ക് ബ്രേക്ക് കിട്ടാതെ വരുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നതെന്നാണ് പറയുന്നത്. മഴക്കാലമായതോടെ വാഹനങ്ങള്‍ റോഡില്‍നിന്നു തെന്നിമാറുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പട്ടിത്താനം മുതല്‍ പുതുവേലി വരെയുള്ള വളവുകളും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. തുരുത്തി, നാട്ടകം, കുമാരനല്ലൂര്‍, കുറവിലങ്ങാട്, വെമ്പള്ളി, പട്ടിത്താനം, മോനിപ്പള്ളി, ആച്ചിക്കല്‍ ഭാഗങ്ങളിലും അപകടം പതിവാണ്. ഈ മേഖലകളില്‍ പലപ്പോഴും അശ്രദ്ധമായാണ് ഡ്രൈവിംഗ്. മൂന്ന് മാസത്തിനിടെ 15 ലേറെ അപകടങ്ങളാണ് നടന്നത്.