കൊച്ചി: രാജ്യത്തെ ആദ്യ വര്‍ണ നാണയം പുറത്തിറങ്ങി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡാണു നാണയം പുറത്തിറക്കിയത്.
കോൽക്കത്തയിലെ കമ്മട്ടത്തില്‍ തയാറാക്കിയ 100 രൂപയുടെ ഈ വെള്ളി നാണയത്തിന് 35 ഗ്രാം തൂക്കവും 44 മില്ലിമീറ്റര്‍ വ്യാസവുമുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് ട്രെയിന്‍ ഓടിത്തുടങ്ങിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വന്ദേഭാരത് ട്രെയിന്റെ വര്‍ണ ചിത്രം ആലേഖനം ചെയ്ത വെള്ളി നാണയത്തിന്റെ 1000 പ്രൂഫ് സെറ്റുകള്‍ മാത്രം വില്പനയ്ക്കു വച്ചത്.
രണ്ടു വര്‍ഷം മുമ്പ് നാണയകമ്മട്ടത്തിന്റെ വെബ്സൈറ്റ് വഴി മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ ഈ നാണയത്തിന്റെ പ്രൂഫ് സെറ്റ് ലഭിച്ചുതുടങ്ങിയത്. അപൂര്‍വ നാണയങ്ങളുടെയും കറന്‍സികളുടെയും ശേഖരണം ഹോബിയാക്കിയ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ സീനിയര്‍ പിആര്‍ഒയും മീഡിയ റിലേഷന്‍സ് ഓഫീസറുമായ ഷൈജു കുടിയിരിപ്പിലിന്റെ ശേഖരത്തിലേക്കും ഈ വര്‍ണ നാണയം എത്തി.
8000 രൂപ വിലവരുന്ന ഈ നാണയം രാജ്യത്തെ ന്യുമിസ്മാറ്റിക്സ് ക്ലബ്ബുകളിലും ലോകമെമ്പാടും നാണയശേഖരണം വിനോദമാക്കിയവരിലും മോഹവിലയ്ക്കാണു കൈമാറ്റം ചെയ്യപ്പെടുന്നത്.
Tags : Color Coin Arrived