നഗോയ: 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. വനിതകളുടെ ട്വന്റി20 ക്രിക്കറ്റിൽ ശ്രീലങ്കയെ 147 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഈ വർഷത്തെ സ്വർണ മെഡൽ കാത്തിരിപ്പ് അവസാനിപ്പിച്ചത്.
പുരുഷ ബാഡ്മിന്റണിലും വുഷുവിലും മെഡൽ ഉറപ്പിക്കാനും ഇന്നലെ ഇന്ത്യൻ താരങ്ങൾക്കായി. അതേസമയം ആദ്യ ദിനങ്ങളിൽ മെഡൽ നേട്ടവുമായി മുന്നേറിയ ഷൂട്ടിംഗിൽ ഇന്നലെ നിരാശയുടെ ദിനമായി. ഇന്ത്യയുടെ ഇളവേനിൽ വാളറിവോനും പാർഥ് മാനെയും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പി.വി. സിന്ധു അടങ്ങുന്ന സംഘം പരാജയപ്പെട്ട് പുറത്തായി.
പുരുഷ ഹോക്കിയിൽ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി. 16-1 സ്കോറിനാണ് ഇന്ത്യയുടെ ജയം.
ഒരു സ്വർണം, നാല് വെള്ളി, രണ്ട് വെങ്കലമടക്കം ഏഴ് മെഡലുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ. 32 സ്വർണം, 13 വെള്ളി, എട്ട് വെങ്കലം ആകെ 53 മെഡലുമായി ചൈന ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. ആതിഥേയരായ ജപ്പാനാണ് രണ്ടാം സ്ഥാനത്ത്.
►ബാഡ്മിന്റണ്‍ മെഡൽ ഉറച്ചു
പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ജപ്പാനെ 3-0ന് പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലിൽ കടന്നു. ചൈന- ദക്ഷിണ കൊറിയ മത്സരത്തിലെ വിജയികളെ ഇന്ത്യ ഇന്ന് നടക്കുന്ന സെമിഫൈനലിൽ നേരിടും.
►വുഷു ഉറപ്പ്
വുഷുവിൽ സെമിഫൈനലിൽ കടന്ന് മെഡൽ ഉറപ്പിച്ച് റോഷിബിന ദേവി. മാൻ സിൻ ചുവിനെ (ചൈന) പരാജയപ്പെടുത്തിയാണ് റോഷിബിന സെമിഫൈനലിൽ പ്രവേശിച്ചത്. റോഷിബിന 2018ൽ വെങ്കലവും 2023ൽ വെള്ളിയും നേടിയിരുന്നു.
►പ്രണതി ഫൈനലിൽ
2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഏക ജിംനാസ്റ്റായ പ്രണതി നായക് വോൾട്ട് ഫൈനലിലേക്ക് യോഗ്യത നേടി. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് മത്സരത്തിൽ ഏഴാം സ്ഥാനം നേടിയാണ് ’വോൾട്ട്’ ഫൈനലിലേക്ക് പ്രണതി യോഗ്യത നേടിയത്. 19 ജിംനാസ്റ്റുകളിൽ ഏഴാമതായാണ് പ്രണതി ഫിനിഷ് ചെയ്തത്. വോൾട്ട് 1ൽ ഡിഫിക്കൽറ്റിക്ക് 4.4ഉം എക്സിക്യൂഷന് 8.600ഉം സ്കോർ ചെയ്ത് ആകെ 13.000 പോയിന്റും, വോൾട്ട് 2ൽ ഡിഫിക്കൽറ്റിക്ക് 4.0ഉം എക്സിക്യൂഷന് 8.433ഉം സ്കോർ ചെയ്ത് ആകെ 12.433 പോയിന്റും പ്രണതി നേടി.
ഏഷ്യൻ ജിംനാസ്റ്റിക്സ് ചാന്പ്യൻഷിപ്പിൽ മൂന്ന് തവണ വെങ്കല മെഡൽ നേടിയ താരമാണ് പ്രണതി നായക്.
►ഹോക്കിയിൽ ജയം
പുരുഷ ഹോക്കിയിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒന്നിനെതിരേ 16 ഗോളുകൾക്കാണ് ഇന്ത്യ ജയം നേടിയത്. ഇന്ത്യക്കായി ജുഗ്രാജ് സിംഗ് നാല് ഗോളുകൾ നേടിയപ്പോൾ അഭിഷേക് ഹാട്രിക്കുമായി തിളങ്ങി.
►ബാഡ് മിന്റണ്‍! വനിതാ ബാഡ്മിന്റണിൽ ജപ്പാനോട് തോറ്റ് ഇന്ത്യ പുറത്ത്
ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്റണ്‍ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. കരുത്തരായ ജപ്പാനോട് 1-3 സ്കോറിന് പരാജയപ്പെട്ടാണ് ഇന്ത്യൻ സംഘം പുറത്തായത്. ആദ്യ സിംഗിൾസ് പോരാട്ടത്തിൽ രണ്ട് തവണ ഒളിന്പിക് മെഡൽ ജേതാവായ പി.വി. സിന്ധു ജപ്പാന്റെ അക്കാനെ യാമഗുച്ചിയോട് പരാജയപ്പെട്ടു. ആദ്യ സെറ്റ് 23-21ന് നേടി സിന്ധു മികച്ച തുടക്കം കുറിച്ചെങ്കിലും അടുത്ത രണ്ട് സെറ്റുകൾ 18-21, 11-21 സ്കോറിന് യാമഗുച്ചി സ്വന്തമാക്കി. ഇതോടെ ജപ്പാൻ 1-0ന് മുന്നിലെത്തി.
രണ്ടാം മത്സരത്തിനിറങ്ങിയ ഉന്നതി ഹൂഡ ജപ്പാന്റെ തൊമോക്ക മിയാസാക്കിയോട് നേരിട്ടുള്ള സെറ്റുകൾക്ക് (16-21, 18-21) പരാജയപ്പെട്ടു. ജപ്പാൻ ലീഡ് 2-0 ആയി ഉയർത്തി.
മൂന്നാം മത്സരത്തിൽ മലയാളിയായ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും അടങ്ങുന്ന ഡബിൾസ് സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നൽകി. ലോക മൂന്നാം നന്പർ സഖ്യമായ യൂക്കി ഫുകുഷിമ - മയൂ മത്സുമോട്ടോ ജോഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് (21-17, 21-16) അട്ടിമറിച്ച് ട്രീസയും ഗായത്രിയും ചേർന്ന് ഇന്ത്യയുടെ പോരാട്ടം മുന്നോട്ട് നയിച്ചു.
നാലാം മത്സരത്തിൽ 17കാരിയായ തൻവി ശർമ മുൻ ലോക ചാന്പ്യൻ നൊസോമി ഒകുഹാരയോട് നേരിട്ടുള്ള സെറ്റുകൾക്ക് (12-21, 10-21) പരാജയപ്പെട്ടതോടെ ഇന്ത്യയുടെ വനിതാ ടീം വിഭാഗത്തിലെ പ്രതീക്ഷകൾ പൂർണമായി അസ്തമിച്ചു. ഇനി സിംഗിൾസ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ മത്സരിക്കും.
►ഷൂട്ടിംഗിൽ മെഡൽ നഷ്ടം ഇളവേനിൽ-പാർഥ് സഖ്യം നാലാം സ്ഥാനത്ത്
10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഫൈനലിൽ ഇന്ത്യയുടെ ഇളവേനിൽ വാളറിവോനും പാർഥ് മാനെയും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫൈനലിൽ 376.3 പോയിന്റുകളുമായി ഇവർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ മെഡൽ നഷ്ടമായി. 315.7 പോയിന്‍േറാടെ ചൈന ഒന്നാമതും ജപ്പാൻ (314.9), ദക്ഷിണ കൊറിയ (314.3) രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി.
നേരത്തേ നടന്ന യോഗ്യതാ റൗണ്ടിൽ 634.9 പോയിന്‍േറാടെ രണ്ടാം സ്ഥാനത്തെത്തിയാണ് ഇന്ത്യൻ ജോഡി ഫൈനലിലേക്ക് മുന്നേറിയത്. 638.9 എന്ന റിക്കാർഡ് സ്കോറോടെയാണ് ചൈന യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്.