കാസര്‍ഗോഡ്: സ്കൂള്‍ കഴിഞ്ഞു മടങ്ങുന്നതിനിടെ ലോറി കയറി കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ എട്ടുവയസുകാരിക്ക് അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവനേകി കാസര്‍ഗോഡ് ആസ്റ്റര്‍ മിംസ്. കാലിലെ മാംസപേശികള്‍ പൂര്‍ണമായും നഷ്ടപ്പെടുകയും പ്രധാനപ്പെട്ട രണ്ടു രക്തധമനികളും മൂന്നു നാഡികളും അറ്റുപോയ നിലയിലും ആശുപത്രിയിലെത്തിച്ച ഫാത്തിമത്ത് നഷ്വയെ മൈക്രോവാസ്കുലര്‍ അനാസ്റ്റമോസിസ് എന്ന നൂതന ചികിത്സാരീതിയിലൂടെയാണ് ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അപകടത്തെത്തുടര്‍ന്ന് അങ്ങേയറ്റം സങ്കീര്‍ണമായ അവസ്ഥയിലായിരുന്ന നഷ്വ കാലുകള്‍ സാധാരണ നിലയിലാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ അത്യാധുനിക മൈക്രോസ്കോപ്പിക് സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഡോ. സംറീന് ജാഫറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തത്ര സൂക്ഷ്മമാണ് ഇതിലെ രക്തക്കുഴലുകളും നാഡികളും. ഹൈ-പവര്‍ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പുകളുടെയും പ്രത്യേക ഉപകരണങ്ങളുടെയും സഹായത്തോടെ ഇവ തുന്നിച്ചേര്‍ക്കുകയായിരുന്നു.
ഈ സങ്കീര്‍ണമായ മൈക്രോ സര്‍ജറിയിലൂടെ കുട്ടിയുടെ കാലുകളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാനും തകര്‍ന്ന നാഡികള്‍ കൂട്ടിച്ചേര്‍ക്കാനും ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മികച്ച രീതിയില്‍ സുഖം പ്രാപിച്ചുവരുന്ന നഷ്വ വീണ്ടും സ്കൂളില്‍ പോയി തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.