Business
കൊച്ചി: മികവോടെ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്ന് 97-ാം സ്ഥാപകദിനം ആഘോഷിക്കുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായം കൈവരിച്ചതിന്റെ ആവേശത്തിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്ഥാപകദിനത്തിലേക്ക് കടക്കുന്നത്. 1929ൽ തൃശൂരിൽ തുടക്കംകുറിച്ച സൗത്ത് ഇന്ത്യൻ ബാങ്കിന് ഇന്ന് ഇന്ത്യയൊട്ടാകെ 948 ശാഖകളും 82 ലക്ഷം ഉപഭോക്താക്കളുമാണുള്ളത്.
സൗത്ത് ഇന്ത്യൻ ബാങ്ക് പുലർത്തിവരുന്ന ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തന ശൈലിയും ഉപഭോക്താക്കൾ നൽകിവരുന്ന അചഞ്ചലമായ പിന്തുണയുമാണ് 97 വർഷങ്ങളുടെ വിശ്വാസപൂർണമായ യാത്രയിലേക്ക് ബാങ്കിനെ നയിച്ചതെന്നു ചെയർമാൻ വി.ജെ. കുര്യൻ പറഞ്ഞു.
2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാംപാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 374.32 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (341.87 കോടി) ഒൻപത് ശതമാനം വളർച്ചയാണിത്. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഒമ്പതു മാസത്തെ ആകെ ലാഭം 1047.64 കോടി രൂപയായി ഉയർന്നു. പ്രീ-പ്രോവിഷനിംഗ് പ്രവർത്തന ലാഭത്തിലും 10 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.
ഉപഭോക്താക്കൾ അർപ്പിച്ച ദീർഘകാല വിശ്വാസത്തിന്റെയും 9000ലധികം വരുന്ന ജീവനക്കാരുടെ അചഞ്ചലമായ സമർപ്പണത്തിന്റെയും പ്രതിഫലനമാണ് ബാങ്കിന്റെ നേട്ടങ്ങളെന്നു മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.
Business
കൊച്ചി: ആക്സിസ് ബാങ്കിന്റെ മൊബൈല്‍ ആപ്പായ ഓപ്പണില്‍ തത്സമയ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന സേഫ്റ്റി സെന്റര്‍ അവതരിപ്പിച്ചു.
അനധികൃതമോ സംശയാസ്പദമോ ആയ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കോള്‍ സെന്ററില്‍ വിളിക്കുകയോ ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ചെയ്യാതെ തന്നെ സുരക്ഷ പ്രദാനം ചെയ്യുന്ന ഉപഭോക്താവിനു നിയന്ത്രിക്കാനാകുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.
ബാങ്കിംഗ് മേഖലയില്‍ ഇതാദ്യമായി എസ്എംഎസിന്റെ ആധികാരികത വിശകലനം ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു.
Business
മുംബൈ: അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ശതമാനം(0.25) കുറവുവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.
ഇതോടെ, അടുത്ത രണ്ടു മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ കുറവുണ്ടാകും. വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കുറയാം. പുതിയ സ്ഥിരനിക്ഷേപങ്ങളുടെ (ഫിക്സ്ഡ് ഡിപ്പോസിറ്റ്) പലിശയും ഇതിന് ആനുപാതികമായി കുറഞ്ഞേക്കും.
പലിശനിരക്ക് കുറയ്ക്കാനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. പണനയസമിതിയുടെ അടുത്തയോഗം ഫെബ്രുവരി നാല്- ആറ് തീയതികളിലാണ്.
District News
ഗാന്ധിനഗര്‍: എച്ച്ഡിഎഫ്സി ബാങ്ക് കുമാരനല്ലൂര്‍ ബ്രാഞ്ചില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ജീവനക്കാരന് അറസ്റ്റില്‍. പനച്ചിക്കാട് ഐമാന് കവല മലയില്‍ ടോണി വര്‍ഗീസ് (31) ആണ് അറസ്റ്റിലായത്.
പ്രതി ടെല്ലറായി ജോലി ചെയ്തു വന്നിരുന്ന എച്ച്ഡിഎഫ്സി സംക്രാന്തി ബ്രാഞ്ചിന്റെ കൗണ്ടറില്‍നിന്നും 2024 നവംബര്‍ 21ന് ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും ഇടയ്ക്കുള്ള സമയത്ത് പ്രതി ബാങ്കിന്റെതന്നെ രണ്ട് അക്കൗണ്ടുകളില്‍ മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചതായി ഡെപ്പോസിറ്റ് സ്ലിപ്പില്‍ എഴുതി ഒപ്പിട്ട് ബാങ്കില്‍ വയ്ക്കുകയായിരുന്നു.
തുടര്‍ന്ന് അന്നേദിവസം ഉച്ചയ്ക്ക് ഒന്നിന് മറ്റൊരു അക്കൗണ്ടിലേക്ക് രണ്ടു ലക്ഷം രൂപയും പകല്‍ 3.30ഓടെ വേറൊരു അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയും ട്രാന്‍സ്ഫര്‍ ചെയ്ത് പിന്വലിച്ചെടുത്തു. തുടര്‍ന്ന് കാഷ് കൗണ്ടറില്‍നിന്ന് 1,100 രൂപ പണമായും ഇയാള്‍ എടുത്തു. ആകെ 3,01,100 രൂപ ബാങ്കില്‍നിന്നും തട്ടിയെടുത്തതായാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതി സ്റ്റേഷനില്‍ കീഴടങ്ങിയതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.