മലപ്പുറം: സർദാർ വല്ലഭായ് പട്ടേലിന്റെ ജൻമദിനമായ 31ന് ഗുജറാത്തിൽ നടക്കുന്ന "രാഷ്ട്രീയ ഏകതാ പരേഡ് 2026’ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ ബൈക്ക് ജാഥയ്ക്ക് മലപ്പുറത്ത് സ്വീകരണം നൽകി. മലബാർ സ്പെഷൽ പൊലിസ് (എംഎസ്പി) ബറ്റാലിയന്റെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിലാണ് സ്വീകരണമൊരുക്കിയത്."ലഹരിവിമുക്ത ഭാരതം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനും കേരള പൊലിസ് നടപ്പാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ന്ധതൂഫാന്റെ’ പ്രചാരണത്തിനുമായാണ് ജാഥ സംഘടിപ്പിക്കുന്നത്.
ജാഥയിൽ പങ്കെടുക്കുന്ന സേനാംഗങ്ങളെ എംഎസ്പി കമാൻഡന്റ് ഇൻ-ചാർജ് ആർ. രാജേഷ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. എംഎസ്പി സ്കൂളിലെ എൻസിസി, എസ്പിസി വിദ്യാർഥികളും എംഎസ്പിയിലെ പൊലിസ് സേനാംഗങ്ങളും ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി ജാഥയെ വരവേറ്റു. എംഎസ്പി ഡെപ്യൂട്ടി കമാൻഡന്റ് കെ.വി. രാജേഷ്, അസിസ്റ്റന്റ് കമാൻഡന്റുമാരായ ബിജു ചാക്കോ, ബിജു, മുഹമ്മദ് ബഷീർ എന്നിവർ നേതൃത്വം നൽകി.ജാഥ കേരളത്തിൽനിന്ന് ആരംഭിച്ച് ഗുജറാത്തിലാണ് സമാപിക്കുന്നത്. 31ന് ഗുജറാത്തിൽ നടക്കുന്ന രാഷ്ട്രീയ ഏകതാ പരേഡിലും ജാഥയിലെ അംഗങ്ങൾ അണിനിരക്കും.