പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: രാഷ്ട്രീയ ഏകതാ ദിവസ് -2026ന്റെ ഭാഗമായി കേരളത്തിൽനിന്ന് ഗുജറാത്തിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് ഇന്നു രാവിലെ ഒന്പതിന് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകും. കേരള പോലീസ്, കെഎപി അഞ്ചാം ബറ്റാലിയൻ, കോട്ടയം ജില്ലാ പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം.
ബൈക്ക് റാലിയുടെ കേരളത്തിലെ ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിൽ മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
ചങ്ങനാശേരിയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ വിനു ജോബ് കുഴിമണ്ണിൽ എംഎൽഎ, നഗരസഭാ ചെയർമാൻ ജോമി ജോസഫ്, വൈസ് ചെയർപേഴ്സൺ കെ.എം. നെജിയ, കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം, കെഎപി അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് എ.യു. സുനിൽകുമാർ ഐപിഎസ്, ഡെപ്യൂട്ടി കമൻഡാന്റ് അജി ചാൾസ്, ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് എസ്., അസിസ്റ്റന്റ് കമൻഡാന്റ് ജിജിമോൻ പി.എം. എന്നിവർ പങ്കെടുക്കും.
ഇതോടനുബന്ധിച്ച് തടിക്കൽ കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനവും ദ്രോണാസ് ഫിറ്റ് ആൻഡ് ഫൈറ്റ് ക്ലബ്ബിന്റെ മാർഷ്യൽ ആർട്സ്, ഫിറ്റ്നസ് പ്രദർശനവും ഉണ്ടായിരിക്കും. വിവിധ സ്കൂളുകളിൽനിന്നുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പങ്കെടുക്കും.
Tags : Nattuvishesham District News DeepikaNews bike rally