വെട്രി വിഴ മുടിന്ത പിൻ കാത്തിരിപ്പത്...
പ്രായമേറുന്തോറും വീര്യവും ലഹരിയുമേറുന്ന വീഞ്ഞുപോലെയാണ് ആരാധകർക്ക് വിജയ്. തിയറ്ററുകളെ ഇളക്കിമറിച്ച എത്രയെത്ര മാസ് എൻട്രികൾ! ആരാധകരെ കിടിലംകൊള്ളിച്ച എത്രയെത്ര മാസ് ഡയലോഗുകൾ! ഒടുവിലിതാ തമിഴക രാഷ്ട്രീയത്തിലേക്ക് മറ്റൊരു മാസ് എൻട്രി!
വിജയ് മുഖ്യമന്ത്രിക്കസേരയിൽ നീണാൾ വാഴുമോ, അതോ എളുപ്പം വീഴുമോ? ചർച്ചകളും വിശകലനങ്ങളും ചൂടുപിടിച്ച് വരുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും ഭരണനൈപുണ്യവുമൊക്കെ കാത്തിരുന്നു കാണേണ്ട കാര്യങ്ങൾ. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ദിശ മാറ്റിയുള്ള ആ വരവു മാത്രമാണ് ഇപ്പോൾ എയറിൽ. ദ്രാവിഡ രാഷ്ട്രീയം വിജയ് എന്ന പാലത്തിലൂടെയൊഴുകി ഹിന്ദുത്വ രാഷ്ട്രീയത്തിൽ ലയിക്കുമോ, അതോ പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയത്തിനും ബിജെപിക്കും ബദലായി മൂന്നാംശക്തിയായി കുതിക്കുമോ എന്നതൊക്കെ ‘കാലം സൊല്ലപ്പോകും രഗസ്യം’.
“ഒരു വാട്ടി മുടിവ് പണ്ണിട്ടേന്നാൽ, എൻ പേച്ചെ നാനേ കേക്കമാട്ടേൻ”. 2007ൽ പുറത്തിറങ്ങിയ ‘പോക്കിരി’ എന്ന ചിത്രത്തിലെ വിജയ്യിന്റെ മാസ് ഡയലോഗാണിത്. “ഒന്നു തീരുമാനിച്ചാൽപ്പിന്നെ എന്റെ വാക്ക് ഞാൻപോലും കേൾക്കില്ല’’ എന്നർഥം. ഈ ഡയലോഗ് ദിവസവും ഉരുവിടേണ്ടിവരുന്ന കാലമാണ് മുന്നിൽ. കാരണം അത്രയും വലിയ വെല്ലുവിളികളാണ് വിജയ് എന്ന മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്.
സിനിമയിലെ ‘മാസ്’ എൻട്രിയേക്കാൾ കടുപ്പമേറിയതാണ് യഥാർഥ ഭരണമെന്ന് വിജയ് തിരിച്ചറിയുന്ന ദിവസങ്ങളാണു മുന്നിൽ. തന്റെ സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ള അഴിമതി വിരുദ്ധ, ജനപക്ഷ പോരാളിയുടെ പ്രതിച്ഛായ ഭരണത്തിലും നിലനിർത്താൻ സാധിച്ചാൽമാത്രമേ അദ്ദേഹത്തിന് വരുംവർഷങ്ങളിലും ‘വെട്രി വിഴ’(വിജയാഘോഷം) തുടരാനാകൂ.
‘ടിവികെ’ മാനിഫെസ്റ്റോ: ഭാവിയും വെല്ലുവിളികളും
തമിഴക വെട്രി കഴകം (ടിവികെ) ഭരണ നേതൃത്വത്തിലേക്കുവന്ന പശ്ചാത്തലത്തിൽ, പാർട്ടി അധ്യക്ഷൻ വിജയ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ തമിഴ്നാടിന്റെ സാമ്പത്തിക ഭാവിയെ എങ്ങനെ രൂപപ്പെടുത്തുമെന്നത് സുപ്രധാനമായ കാര്യമാണ്. ഏപ്രിൽ 16ന് പുറത്തിറക്കിയ പാർട്ടി പ്രകടനപത്രികയിൽ ജനപ്രിയ ക്ഷേമപദ്ധതികൾക്കും വികസന കാഴ്ചപ്പാടിനും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട്.
പ്രധാന ക്ഷേമപദ്ധതികൾ
ഏറ്റവും ആകർഷകമായ വാഗ്ദാനം സ്ത്രീകളുടെയും കുടുംബങ്ങളുടെയും ക്ഷേമമാണ്:
ധനസഹായം: 60 വയസിനു താഴെയുള്ള ഓരോ കുടുംബനാഥയ്ക്കും പ്രതിമാസം 2,500 രൂപ സാമ്പത്തിക സഹായം.
വിവാഹ സഹായം: അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ വധുക്കൾക്ക് എട്ടു ഗ്രാം സ്വർണവും പട്ടുസാരിയും. നിലവിലെ സ്വർണവില കണക്കാക്കിയാൽ ഒരാൾക്ക് 1.12 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
അടിസ്ഥാന സൗകര്യങ്ങൾ: പ്രതിവർഷം ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ. പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി.
പഠനസഹായം: സ്കൂൾ കൊഴിഞ്ഞുപോക്ക് തടയാൻ കുടുംബങ്ങൾക്ക് പ്രതിവർഷം 15,000 രൂപ. സ്വയംസഹായ സംഘങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ പലിശരഹിത വായ്പ.
തൊഴിലും വിദ്യാഭ്യാസവും
യുവജനങ്ങൾക്കായി വിപുലമായ പദ്ധതികളാണ് ടിവികെ പ്രഖ്യാപിച്ചിരിക്കുന്നത്:
ജോലി: അഞ്ചു ലക്ഷം പുതിയ സർക്കാർ ജോലികളും അഞ്ചു ലക്ഷം പെയ്ഡ് ഇന്റേൺഷിപ്പുകളും.
തൊഴിലില്ലായ്മ വേതനം: ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപയും ഡിപ്ലോമക്കാർക്ക് 2500 രൂപയും. ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് 5000 മുതൽ 8000 രൂപവരെ സ്റ്റൈപ്പൻഡ്.
വിദ്യാഭ്യാസം: കെ. കാമരാജിന്റെ പേരിൽ 100 റെസിഡൻഷൽ സ്കൂളുകൾ. ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപവരെ ഈടില്ലാത്ത വായ്പ. ആധുനിക പരീക്ഷാ പരിശീലനത്തിന് എഐ കോച്ചിംഗ് സെന്ററുകൾ.
കർഷകരും മത്സ്യത്തൊഴിലാളികളും
കർഷകർ: അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ വിള വായ്പകൾ പൂർണമായും എഴുതിത്തള്ളും.
നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയും തറവില ഉറപ്പാക്കും. അഞ്ചു ലക്ഷം സോളാർ പമ്പുകൾ സ്ഥാപിക്കും.
മത്സ്യത്തൊഴിലാളികൾ: വറുതികാലത്ത് 27,000 രൂപ ധനസഹായം. സബ്സിഡി നിരക്കിൽ ഡീസലും 25 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും. മത്സ്യത്തിന് ഇന്ത്യയിലാദ്യമായി നിയമപരമായ തറവില നടപ്പിലാക്കും.
ഭരണപരിഷ്കാരങ്ങളും എഐ സാങ്കേതികവിദ്യയും
ഭരണരംഗത്ത് വലിയ മാറ്റങ്ങളാണ് വിജയ് ലക്ഷ്യമിടുന്നത്.
എഐ മന്ത്രാലയം: ആർട്ടിഫിഷൽ ഇന്റലിജൻസിനായി പ്രത്യേക മന്ത്രാലയവും എഐ സിറ്റിയും സ്ഥാപിക്കും.
സേവനം: ബിസിനസ് ലൈസൻസുകൾ 21 ദിവസത്തിനുള്ളിൽ. റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകും.
പെൻഷൻ: മുതിർന്ന പൗരന്മാർക്കും മറ്റും പ്രതിമാസം 3000 രൂപ പെൻഷൻ. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നത് പരിഗണിക്കും. അങ്കണവാടി ജീവനക്കാർക്ക് 18,000 രൂപ ശമ്പളം ഉറപ്പാക്കും.
സാമ്പത്തിക വെല്ലുവിളികൾ
ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നത് പുതിയ സർക്കാരിനെ സംബന്ധിച്ച് വലിയൊരു ‘അഗ്നിപരീക്ഷ’യാണ്. ഒരു ‘തീ ദളപതി’യുടെ വേഷത്തിൽ വിജയ് നിറഞ്ഞാടേണ്ടിവരും.
ഭീമമായ ചെലവ്: ഈ പദ്ധതികൾ നടപ്പിലാക്കാൻ ആദ്യ വർഷംതന്നെ ഏകദേശം 42,000 കോടി രൂപ അധികമായി വേണ്ടിവരും. ഒറ്റത്തവണ പദ്ധതികൾക്കു മാത്രം 37,800 കോടി രൂപ ആവശ്യമാണ്. സംസ്ഥാനത്തിന്റെ ധനക്കമ്മി ഇതിനകംതന്നെ 1.22 ലക്ഷം കോടി രൂപ (ജിഎസ്ഡിപിയുടെ മൂന്ന് ശതമാനം) ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
ഈ സാഹചര്യത്തിൽ ഇത്രയും തുക കണ്ടെത്തുന്നത് വലിയ പ്രതിസന്ധിയാകും. തമിഴ്നാട്ടിലെ സാമൂഹിക മേഖലയിലെ ചെലവ് ദേശീയ ശരാശരിയേക്കാൾ (42 %) താഴെയായി 34 ശതമാനത്തിൽ നിൽക്കുകയാണ്. വരുംവർഷങ്ങളിൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ വലിയ നിക്ഷേപം ആവശ്യമാണ്.
സ്ത്രീകൾക്കുള്ള പ്രതിമാസ സഹായം 1000 രൂപയിൽനിന്ന് 2500 രൂപയായി വർധിപ്പിക്കുന്നത് വാർഷിക ചെലവ് 14,411 കോടി രൂപയിൽനിന്ന് 36,029 കോടി രൂപയായി ഉയർത്തും, ഇത് 21,617 കോടി രൂപയുടെ അധിക ബാധ്യതയാണ് സൂചിപ്പിക്കുന്നത്.
ബജറ്റ് കണക്കുകൾ പ്രകാരം 2025-26 ൽ തമിഴ്നാട്ടിലെ സാമൂഹിക മേഖലയിലെ ചെലവ് 34 ശതമാനമായി കുറഞ്ഞു. ഇന്ത്യയിലുടനീളം ഇത് 42 ശതമാനമാണ്.
സൗജന്യ വൈദ്യുതി 100 യൂണിറ്റിൽനിന്ന് 200 യൂണിറ്റായി വർധിപ്പിക്കുന്നത് സബ്സിഡി ചെലവ് 7752 കോടി രൂപയിൽനിന്ന് 12,000 കോടി രൂപയായി ഉയർത്തും.
ഏകദേശം 31 ലക്ഷം ഗുണഭോക്താക്കൾക്കുള്ള വാർധക്യ പെൻഷൻ പ്രതിമാസം 1200 രൂപയിൽനിന്ന് 3000 രൂപയായി വർധിപ്പിക്കുന്നതിനുള്ള ചെലവ് വർഷംതോറും 4366 കോടി രൂപയിൽനിന്ന് 6549 കോടി രൂപയിലെത്തും. വിധവാ പെൻഷൻ പ്രതിമാസം 3000 രൂപയായി വർധിപ്പിക്കുന്നത് 1829 കോടി രൂപയും ഭിന്നശേഷി പെൻഷൻ വകയിൽ 504 കോടി രൂപയും അധികബാധ്യതയാകുമെന്ന് കരുതുന്നു.
അധിക ക്ഷേമ നടപടികൾ ഖജനാവ് ചോർത്തുന്നതാണ്. പ്രതിവർഷം 900 രൂപ നിരക്കിൽ ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുന്നതിന് 7074 കോടി രൂപയാണ് ചെലവ്.
കർഷകർക്ക് പ്രതിവർഷം 15,000 രൂപ നൽകുമെന്ന വാഗ്ദാനം 1941 കോടി രൂപയുടെ അധികബാധ്യത വരുത്തും (ഇതിൽ 6000 കോടി രൂപ കേന്ദ്ര സർക്കാരിന്റെ പിഎം കിസാൻ പദ്ധതിവഴി ലഭിക്കും). ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ വിപുലീകരിച്ച ആരോഗ്യ പരിരക്ഷാ പദ്ധതി 382 കോടി രൂപയുടെ അധികച്ചെലവു കൂടി വരുത്തിയേക്കാം.
ചില പദ്ധതികൾക്ക് പരിമിതമായ സാമ്പത്തിക പ്രത്യാഘാതം മാത്രമേ ഉണ്ടാകൂ. നിലവിലുള്ള വിവാഹ ധനസഹായ പദ്ധതികൾക്കു കീഴിൽ സംസ്ഥാനം ഇപ്പോൾ തന്നെ എട്ടു ഗ്രാം സ്വർണ സഹായം 600 കോടി രൂപ ചെലവിൽ നൽകുന്നുണ്ട്.
അതുപോലെ, ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപയും ഡിപ്ലോമയുള്ളവർക്ക് 3000 രൂപയും എന്ന നിർദിഷ്ട തൊഴിലില്ലായ്മ വേതനം, കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ സാമ്പത്തികമായി വലിയ പ്രയാസമുണ്ടാക്കില്ല. നിലവിലുള്ള പദ്ധതിയുടെ വിപുലീകരിച്ച പതിപ്പുപോലും 16 കോടി രൂപയ്ക്കു താഴെയായിരിക്കാം.
2036ഓടെ തമിഴ്നാടിനെ 1.5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്ന വലിയ ലക്ഷ്യമാണ് വിജയ് മുന്നോട്ടുവയ്ക്കുന്നത്. ജനപ്രിയ പദ്ധതികൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെങ്കിലും അവ നടപ്പിലാക്കാനുള്ള വിഭവസമാഹരണവും കടബാധ്യത കുറയ്ക്കലും സർക്കാരിനു മുന്നിലുള്ള വലിയ കടമ്പകളായിരിക്കും.
ഭരണതന്ത്രത്തിലെ വെല്ലുവിളികൾ
വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള പാർട്ടികളെ ഒരുമിച്ചു കൊണ്ടുപോകുക എന്ന വലിയ വെല്ലുവിളിയാണ് ടിവികെ നയിക്കുന്ന കൂട്ടുമുന്നണി നേരിടുക. കോൺഗ്രസ്, വിസികെ, ഇടത് പാർട്ടികൾ എന്നിവരുടെ പിന്തുണ നിലനിർത്താൻ വിജയ് പതിനെട്ടടവും പയറ്റേണ്ടിവരും. ഓരോ ഘട്ടത്തിലും സഖ്യകക്ഷികളുടെ സമ്മർദങ്ങൾക്കു വഴങ്ങേണ്ടി വന്നാൽ ചങ്ങലയിട്ട ഭരണമാകും. സിനിമാതാരത്തിൽനിന്ന് നേരിട്ട് മുഖ്യമന്ത്രിയാകുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം ഭരണപരമായ പരിചയക്കുറവാണ്.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിക്കുകയും ചുവപ്പുനാട ഒഴിവാക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് മുന്നിൽ. മുൻ മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാലിൻ, എടപ്പാടി പളനിസ്വാമി എന്നിവരെപ്പോലെ വർഷങ്ങളായുള്ള രാഷ്ട്രീയ പ്രവർത്തന പരിചയം വിജയ്ക്കില്ല എന്നത് ഒരു പോരായ്മയായി പലരും ഉയർത്തിക്കാട്ടുന്നുണ്ട്.
കരുത്തരായ പ്രതിപക്ഷം
ഡിഎംകെ, എഐഎഡിഎംകെ എന്നീ രണ്ട് ശക്തരാണ് ഇന്ന് പ്രതിപക്ഷത്തുള്ളത്. താഴെത്തട്ടുവരെ കരുത്തുറ്റ ഈ പാർട്ടികളുടെ നിലപാടുകൾ വിജയ് സർക്കാരിനു വെല്ലുവിളിയായേക്കും. ഈ രണ്ട് പാർട്ടികളെയും ഒരേസമയം നേരിടുക എന്നത് ചെറിയ കാര്യമല്ല.
അതുപോലെ കേന്ദ്രസർക്കാരുമായുള്ള ബന്ധം തമിഴ്നാടിനെ സംബന്ധിച്ച് എപ്പോഴും നിർണായകമാണ്. ജിഎസ്ടി വിഹിതം, നീറ്റ് പരീക്ഷ, ഭാഷാ നയം തുടങ്ങിയ വിഷയങ്ങളിൽ തമിഴ്നാടിന്റെ താ