കോഴിക്കോട്: ഉല്ലാസയാത്രകളിലൂടെ ബ്ലോക്ക്ബസ്റ്ററായി കെഎസ്ആര്ടിസി. ബജറ്റ് ടൂറിസം സെൽ മുഖാന്തരം സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര അവധിക്കാല യാത്രകളിലൂടെ മാത്രം കെഎസ്ആർടിസി നേടിയത് ലക്ഷങ്ങളുടെ വരുമാനം. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി 30 ലക്ഷത്തോളം രൂപയാണ് നേടിയത്. കോഴിക്കോട് ഡിപ്പോയിൽനിന്ന് മാത്രം 24 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു.
താമരശേരി ഡിപ്പോയിൽ നിന്ന് അഞ്ച് ലക്ഷം രൂപയും വടകര ഡിപ്പോയിൽ നിന്ന് ഒന്നര ലക്ഷം രൂപയും ലഭിച്ചു. തിരുവമ്പാടി, തൊട്ടിൽപ്പാലം ഡിപ്പോകളിൽ നിന്നും യാത്ര നടത്തിയിരുന്നു.
ജില്ലയിലാകെ 74 യാത്രകളാണ് കെഎസ്ആര്ടിസി സംഘടിപ്പിച്ചത്. മൂവായിരത്തോളം സഞ്ചാരികൾ അവധിക്കാല യാത്രകളുടെ ഭാഗമായി. 2022-ലാണ് ജില്ലയിൽ ഉല്ലാസയാത്ര പദ്ധതി ആരംഭിച്ചത്. ഈ മാസം 42 വിനോദയാത്രകൾ ഒരുക്കി. മൂന്നാര്, വാഗമൺ, നെല്ലിയാമ്പതി, ഇല്ലിക്കൽ കല്ല്, ഗവി, മൈസൂരു യാത്രകൾക്കാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്.
ഗവി, മൂന്നാർ, മലക്കപ്പാറ യാത്രകൾ വനം-ടൂറിസം വകുപ്പുകളുമായി സഹകരിച്ചാണ്. 200 രൂപ മുതൽ 3,100 രൂപ വരെയാണ് യാത്രാച്ചെലവ്. തീർഥാടനയാത്രകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂകാംബിക, കൊട്ടിയൂർ, ശബരിമല, ഗുരുവായൂർ, കണ്ണൂർ, കോട്ടയം, തൃശൂർ ജില്ലകളിലെ നാലമ്പലം എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. ടിക്കറ്റ് നിരക്ക് ഓരോ ഡിപ്പോയ്ക്കും വ്യത്യസ്തമാണ്.