ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത വിജയഗാഥ രചിക്കുകയാണ്. റിലീസ് ചെയ്ത് വെറും രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ ചിത്രം 1500 കോടി രൂപയുടെ ആഗോള കളക്ഷൻ നേടി ചരിത്രനേട്ടം കൈവരിച്ചു.
ആദ്യ ഭാഗം സൃഷ്ടിച്ച റെക്കോർഡുകളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് രണ്ടാം ഭാഗം കാഴ്ചവെക്കുന്നത്. ഇന്ത്യൻ വിപണിയിൽ നിന്ന് മാത്രം 1000 കോടി രൂപ എന്ന അപൂർവ്വ നേട്ടത്തിലേക്ക് ചിത്രം അതിവേഗം അടുക്കുകയാണ്. നിലവിൽ 900 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം ഈ ചിത്രം സമാഹരിച്ചിരിക്കുന്നത്.
ബി62 സ്റ്റുഡിയോയുടെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ആക്ഷൻ സ്പൈ ത്രില്ലർ ജിയോ സ്റ്റുഡിയോസാണ് തിയേറ്ററുകളിലെത്തിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്ത ചിത്രം ആദിത്യ ധറിന്‍റെ തന്നെ തിരക്കഥയിലാണ് ഒരുങ്ങിയത്.
ജസ്കിരത് സിംഗ് രംഗിയ, ഹംസ എന്നീ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ രൺവീർ സിംഗ് ആടിത്തിമർത്തപ്പോൾ അത് പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവമായി മാറി.ആദ്യ ഭാഗം നൽകിയ പ്രതീക്ഷകൾ ഒട്ടും ചോർന്നുപോകാതെ രണ്ടാം ഭാഗത്തിലും നിലനിർത്താൻ സംവിധായകന് സാധിച്ചു എന്നതിന്‍റെ തെളിവാണ് തിയേറ്ററുകളിലെ ഈ വൻ തിരക്ക്.
വരും ദിവസങ്ങളിലും മികച്ച കളക്ഷൻ തുടരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
Tags : Dhurandhar2 RanveerSingh AdityaDhar BoxOfficeRecords Blockbuster