നേമം: വെള്ളായണി കായല്‍ പുനരുജ്ജീവന പദ്ധതിയിലുള്‍പ്പെട്ട ശിവോദയം ബണ്ട് റോഡ് നിര്‍മാണം പുരോഗമിക്കുന്നു. മണ്ണിട്ടുയര്‍ത്തി ഭിത്തികള്‍ നിര്‍മിക്കുന്ന പണികളാണ് നടന്നുവരുന്നത്. കിരീടം പാലത്തില്‍നിന്നും ഒരു കിലോമീറ്ററോളം നീളത്തിലുള്ളതാണ് ബണ്ട് റോഡ്. റോഡിന്റെ ഒരുവശത്തു കായലും മറുവശത്ത് പാടശേഖരങ്ങളുമാണ്. പാടശേഖരങ്ങളുടെ ഭാഗത്തു കരിങ്കല്ലുകള്‍ അടുക്കി സംരക്ഷണഭിത്തി നിര്‍മിച്ചു.
ബണ്ടു നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്ത് കായലില്‍നിന്നും വെള്ളം മറിഞ്ഞു പണ്ടാരക്കരി പാടശേഖരത്തിലെ കൃഷിനശിക്കുന്നതിനു പരിഹാരമാകും. കര്‍ഷകര്‍ക്കു പാടശേഖരത്തിലേക്കിറങ്ങാന് പടിക്കെട്ടുകളും നിര്‍മിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വെള്ളായണി കായലിന്റെ വിവിധ ഭാഗങ്ങളില്‍ കുളവാഴയും ചെളിയും നീക്കം ചെയ്യുന്ന ജോലികളും നടക്കുന്നു.
കായലില്‍ നിന്നുള്ള മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവൃ ത്തികൾ പ്രതിസന്ധിയിലാണ്. ചെളി കുഴിച്ചെടുത്തു മാറ്റാന്‍ സ്ഥലമില്ലാത്തതാണു പ്രതിസന്ധിക്കുകാരണം. സ്ഥലം കണ്ടെത്തി നല്കാന് കല്ലിയൂര്‍ പഞ്ചായത്തിനോട് മൈനര്‍ ഇറിഗേഷന്‍ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. 96.5 കോടി ചെലവഴിച്ചാണ് ഘട്ടം ഘട്ടമായി കായല്‍ പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ 15 ലക്ഷം ക്യുബിക് മീറ്റര്‍ ചെളിയും മണ്ണും നീക്കം ചെയ്യും. കല്ലിയൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പുഞ്ചക്കരി മുതല്‍ കാക്കമൂല പാലം വരെ 63.74 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്. കായല്‍ കൈയേറ്റം തടയാന്‍ ഭൂമി അളന്നു തിട്ടപ്പെടുത്തി സംരക്ഷണ ഭിത്തി നിര്‍മിക്കും.
സംസ്ഥാനത്തെ ശുദ്ധജല തടാകങ്ങളിലൊന്നായ വെള്ളായണി കായല്‍ കല്ലിയൂര്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. രണ്ട് പഞ്ചായത്തുകളിലും വിഴിഞ്ഞം ഉള്‍പ്പടെയുള്ള കോര്പറേഷന് വാര്‍ഡുകളിലും നിരവധി പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതികളും കായലിനെ ആശ്രയിക്കുന്നു.