മാന്നാർ: വർഷങ്ങളായുള്ള ഒരു ജനതയുടെ കാത്തിരിപ്പാണ് മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡ് നിർമാണം. കാൽ നൂറ്റാണ്ടായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് തുടക്കം കുറിച്ച മാന്നാർ പാവുക്കര മൂർത്തിട്ട - മുക്കാത്താരി റോഡിന്റെ പുനർ നിർമ്മാണം ആദ്യഘട്ടത്തിൽ തന്നെ നിലച്ചു.
ഇതിന് മുമ്പ് പല കാരണങ്ങളാൽ മുടങ്ങിയ ബണ്ട് റോഡ് നിർമാണം പുനരാരംഭിച്ചത് ആറ് മാസങ്ങൾക്ക് മുൻപാണ്. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഒന്ന്, രണ്ട്, മൂന്ന് , നാല് വാർഡുകളിലൂടെ കടന്നുപോകുന്ന മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിൽ മൂന്നു പതിറ്റാണ്ടായി തുടരുന്ന യാത്രാ ദുരിതത്തിന് പരിഹാരമായി സ്ഥലം എംഎൽഎ സജി ചെറിയാന്റെ ശ്രമഫലമായി റീബിൽഡ് കേരള പദ്ധതിയിൽ ആരംഭിച്ച റോഡ് നിർമാണമാണ് എങ്ങുമെത്താതെ നിലച്ചത്. സംസ്ഥാന ഭരണത്തിൽ ഉണ്ടായ മാറ്റവും പഞ്ചായത്ത് ഭരണ സമിതിയുടെ സഹകരണമില്ലായ്മയും നിർമാണത്തെ ബാധിച്ചതായി നാട്ടുകാർ പറയുന്നു.
പ്രവർത്തനം എത്രയും വേഗത്തിൽ പുനരാംഭിക്കുന്നതിന് വേണ്ട നടപടികൾ ഉണ്ടായില്ലെങ്കിൽ ഈ പ്രദശത്തെ ജനങ്ങൾ മഴകാലത്ത് ഏറെ ദുരിതമനുഭിക്കേണ്ടിവരും.
കരാറേറ്റെടുത്ത മുളമൂട്ടിൽ കൺസ്ട്രക്ഷൻസ് പിൻമാറിയതോടെ അനിശ്ചിതത്വത്തിലായ മൂർത്തിട്ട മുക്കാത്താരി റോഡിന്റെ നിർണത്തിനായി മന്ത്രി സജി ചെറിയാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാണ് കരാർ ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റി മുന്നോട്ട് വന്നത്. ടെൻഡർ ചെയ്ത ഊരാളുങ്കൽ സൊസൈറ്റി 18 ശതമാനത്തിന് മുകളിലുളള നിരക്കാണ് നൽകിയത്. ഇത്രയും ഉയർന്ന നിരക്കിൽ നിർമാണത്തിന് അംഗീകാരം ലഭിക്കാതെ വന്നതോടെ പുതിയ ഷെഡ്യൂൾ നിരക്കിൽ എസ്റ്റിമേറ്റ് പരിഷ്കരിച്ച് 19,02,39,405 രൂപ ടെൻഡർ അനുവദിച്ച് സർക്കാർ ഉത്തരവായതിനെ തുടർന്നാണ് നിർമാണത്തിന് വഴി തെളിഞ്ഞത്.
4.5 കി.മീ ദൈർഘ്യമുളള ബണ്ട് റോഡ് വീതികൂട്ടി ഇരുവശവും സംരക്ഷണ ഭിത്തികെട്ടി കോൺക്രീറ്റ് ചെയ്യുവാനാണ് കരാർ. ബണ്ട് റോഡിനായി ഇരുവശവും കരിങ്കൽ ഭിത്തി കെട്ടി മണ്ണിട്ടുയർത്തി ടാർ ചെയ്യുന്നതാണ് പദ്ധതി. ഇതിനായിട്ടുള്ള പ്രാരംഭ പ്രവർതനമായി കരിങ്കൽ ഭിത്തി കെട്ടി തുടങ്ങിയിരുന്നു. ഇതാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. മഴ ശക്തമായാൽ പണികൾ ഇനി പുനരാംരംഭിക്കണമെങ്കിൽ മാസങ്ങളെടുക്കും.