പ്രതീകാത്മക ചിത്രം
ബംഗളൂരു: കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കർണാടകയിൽ ട്രെയിൻ സർവീസുകൾ താറുമാറായി. ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞുവീണതോടെ മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. സുരക്ഷ മുൻനിർത്തി ഇതുവഴിയുള്ള നിരവധി സർവീസുകൾ റദ്ദാക്കുകയും ചിലത് പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി 8.45 ഓടെയാണ് കനത്ത മഴയ്ക്കിടയിൽ ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും മണ്ണ് നീക്കം ചെയ്യലും ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്ത് മഴ ശക്തമായി തുടരുന്നതും ഇടയ്ക്കിടെ വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നതും പ്രതിസന്ധിയാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഗതാടസം തടസപ്പെട്ടതിനെ തുടർന്ന് ഹാസൻ, സുബ്രഹ്മണ്യ റോഡ്, ശിരിവാഗിലു, ബണ്ട്വാൾ സ്റ്റേഷനുകളിൽ കുടുങ്ങിയ യാത്രക്കാർക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ചയിലെ മംഗളൂരു ജംഗ്ൻ - യശ്വന്ത്പുര എക്സ്പ്രസും (16540), യശ്വന്ത്പുര - മംഗളൂരു ജംഗ്ൻ എക്സ്പ്രസും (16575) പൂർണമായി റദ്ദാക്കി.
കൂടാതെ നിരവധി ട്രെയിനുകൾ സർവീസ് വെട്ടിച്ചുരുക്കി. എസ്എംവിടി ബംഗളൂരു - മുരുഡേശ്വർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു - കോഴിക്കോട് എക്സ്പ്രസ്, വിജയപുര - മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നിവ ഹാസനിലും, കെഎസ്ആർ ബംഗളൂരു - കാർവാർ എക്സ്പ്രസ് സക്ലേശ്പുരിലും യാത്ര അവസാനിപ്പിച്ചു.
മുരുഡേശ്വർ - എസ്എംവിടി ബംഗളൂരു എക്സ്പ്രസ് സുബ്രഹ്മണ്യ റോഡിലും, കോഴിക്കോട് - കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് കബകപുത്തൂരിലും സർവീസ് അവസാനിപ്പിച്ചു.
Tags : Landslide Sakleshpur Karnataka Rain TrainService Disrupted Kozhikode Bangalore Express