പത്തനംതിട്ട: ഏഴ് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണാൻ അഞ്ചിന് സംയുക്ത പരിശോധന നടത്താൻ തീരുമാനം. അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നിലവിൽ കെഎസ്ആർടിസി കെട്ടിടത്തിന് ഫയർ എൻഒസി, എസ്ടിപി, ബിൽഡിംഗ് നമ്പർ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ലൈസൻസ് എന്നിവ ഇല്ല. ഇവ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മാർഗരേഖ ഉണ്ടാക്കും.
ഇതിനായി കെഎസ്ആർടിസി, മുനിസിപ്പാലിറ്റി സിവിൽ വിഭാഗത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനും കത്തു നൽകും.
സാമൂഹ്യവിരുദ്ധ പ്രശ്നങ്ങൾ തടയാൻപോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ആഭ്യന്തര വകുപ്പിനെയും സമീപിക്കുമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചു.
ശബരിമല തീർഥാടനകാലത്ത് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡ് എന്ന നിലയിൽ സിഎസ്ആർ ഫണ്ട് ഉൾപ്പടെ ഉപയോഗപ്പെടുത്തി വികസനം യാഥാർഥ്യമാക്കുമെന്ന് എംഎൽഎ അറിയിച്ചു.
കെഎസ്ആർടിസി ബിൽഡിംഗ്, ശുചിമുറി എന്നിവയുടെ ശോചനീയവസ്ഥ, കുടിവെള്ളം, വെള്ളക്കെട്ട് പ്രശ്നം എന്നിവ പരിഹരിക്കാനും, ഗാരേജിലെ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, കൗൺസിലർ ഫാത്തിമ, ഡിടിഒ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.