Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേയുള്ള സിബിഐ അന്വേഷണ ശിപാർശ സംബന്ധിച്ച ഫയൽ ഇന്നലെ ചേർന്ന മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നില്ല.
പ്രളയത്തിൽ എല്ലാം നഷ്ടമായ പറവൂർ മണ്ഡലത്തിലുള്ളവർക്ക് വിദേശത്തു നിന്നു പണം കണ്ടെത്തി പുനരധിവാസം നടപ്പാക്കിയ പുനർജനി പദ്ധതി നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിനു വിടാൻ ശിപാർശ ചെയ്തിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ശിപാർശ പരിഗണിക്കുമെന്നു വ്യാപക പ്രചാരണമുണ്ടായിരുന്നു.
എന്നാൽ, ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ ഒന്നും പറഞ്ഞില്ല. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം സംബന്ധിച്ച് മന്ത്രിമാരും ഒന്നും ചോദിച്ചതുമില്ല.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ എത്താൻ ഓരോ വകുപ്പുകളും നടപ്പാക്കേണ്ട വികസന പദ്ധതികൾ വേഗത്തിൽ പ്രായോഗിക തലത്തിൽ എത്തിക്കണമെന്ന നിർദേശം മുഖ്യമന്ത്രി ആവർത്തിച്ചു.
മാർച്ച് ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കാൻ മന്ത്രിമാർ നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാമതും വിജയിക്കുന്നതു സംബന്ധിച്ച ചർച്ചയായിരുന്നു ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലെ പ്രധാന ചർച്ചാ വിഷയം. കഴിഞ്ഞ ആഴ്ചയിൽ ചേർന്ന മന്ത്രിസഭായോഗത്തിലും വകുപ്പുകൾ നടപ്പാക്കേണ്ട വികസന പദ്ധതികൾ സംബന്ധിച്ചു സമഗ്ര ചർച്ച നടന്നിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണ മോഷണക്കേസ് അന്തര്ദേശീയ മാനങ്ങള് ഉള്ള ഒരു കേസായി മാറിയ സ്ഥിതിക്ക് കോടതിയുടെ നിരീക്ഷണത്തില് സിബിഐ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നില്ല. പക്ഷേ അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു കേസാകുമ്പോള് എസ്ഐടിക്ക് മാത്രമായി അന്വേഷണം നടത്താന് കഴിയാത്ത സാഹചര്യമുണ്ടാകും.
കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള് മുഴുവന് വിറ്റ് കാശുണ്ടാക്കാന് ശ്രമിച്ച ദേവസ്വം ബോര്ഡിന്റെ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്ത്തന്നെ പഞ്ചലോഹ വിഗ്രഹങ്ങള് കാണാനില്ല എന്നുള്ള വാര്ത്ത ഇന്നലെ പുറത്തുവന്നു. ഇക്കാര്യത്തില് ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകണം.
സ്വര്ണ മോഷണത്തിനു പിന്നില് വലിയൊരു ഗൂഢസംഘം പ്രവര്ത്തിക്കുന്നുണ്ട്. ആ ഗൂഢസംഘത്തിന് കേരളത്തില് ഇന്ന് അധികാരത്തിലിരിക്കുന്ന ഗവണ്മെന്റിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില് ഇരിക്കുന്ന ആളുകളുമായി ബന്ധമുണ്ട്. വലിയ ആസൂത്രിതമായ ഒരു ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. ഇതെല്ലാം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Kerala
കൊച്ചി: സിഎംആര്എല്- എക്സാലോജിക് മാസപ്പടി ഇടപാടില് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്ജി പരിഗണിക്കുന്ന ഡിവിഷന് ബെഞ്ചില്നിന്ന് ജസ്റ്റീസ് വി.എം. ശ്യാംകുമാര് ഒഴിവായി.
ഹര്ജി ഇന്നലെ പരിഗണനയ്ക്കെത്തിയപ്പോള് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഹര്ജി വിശദ വാദത്തിനായി നവംബര് മൂന്നിലേക്ക് മാറ്റിയിരുന്നു. തുടര്ന്നാണ് ഇന്നലെ വീണ്ടും കേസ് ലിസ്റ്റ് ചെയ്യുകയും ജഡ്ജി പിന്മാറുന്നതായി കോടതിയില് പറയുകയും ചെയ്തത്.